കണ്ണൂര്‍: അബ്ദുളളക്കുട്ടി എംഎല്‍എക്കെതിരെ സോളാര്‍ കേസിലെ പ്രതി സരിത കോടതിയില്‍ മൊഴി നല്കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ രാജിക്കുവേണ്ടിയുളള മുറവിളി കോണ്‍ഗ്രസിനകത്ത് മുറുകി.
ഡിസിസി നേതൃത്വവും കോണ്‍ഗ്രസ്സിലെ പ്രബലവിഭാഗം നേതാക്കളും പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്തുകയാണെന്ന് ഇന്നലെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതായാണ് സൂചന. സരിതയുടെ മൊഴി പ്രകാരം കേസെടുത്താല്‍ അബ്ദുളളക്കുട്ടിക്ക് രാജിവെയ്ക്കേണ്ടി വരും..
ഇന്നലെ കണ്ണൂരില്‍ മുഖ്യമന്ത്രിയെ കണ്ട അബ്ദുളളക്കുട്ടി രാജി സന്നദ്ധത അറിയിച്ചു. കണ്ണൂര്‍ ഡിസിസിയും എ,ഐ ഗ്രൂപ്പുകളും കൈവിട്ടതോടെയാണ് എംഎല്‍എ രാജി സന്നദ്ധ അറിയിച്ചത്. സിപിഎം വിട്ടുവന്ന ഉടന്‍ നിയമസഭാസീറ്റ് നല്കിയ ഘട്ടം മുതല്എ ഗ്രൂപ്പ് നേതാക്കള്‍ക്ക് അബ്ദുളളക്കുട്ടിയോട് വലിയ താല്പര്യമില്ലായിരുന്നു. സുധാകരന്റെ നോമിനിയായിട്ടായിരുന്നു അന്ന് എംഎല്‍എ ആയത്. അബ്ദുളളക്കുട്ടിയുമായി നല്ല ബന്ധത്തിലായിരുന്ന കെ.സുധാകരനും ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രനും ഇപ്പോള്‍ അകല്‍ച്ചയിലാണ്. സരിത വിഷയം കൂടി വന്നതോടെ കോണ്‍ഗ്രസിലെ ആരും അബ്ദുളളക്കുട്ടിയുടെ പക്ഷത്തില്ല. ആരോപണ വിധേയനായ ശേഷം മാസങ്ങള്‍ക്കു ശേഷമാണ് അബ്ദുളളക്കുട്ടി മുഖ്യമന്ത്രിയുള്‍പ്പെടെയുളള പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇന്നലെ സംബന്ധിച്ചത്.
സരിതയ്ക്കെതിരെ അബ്ദുളളക്കുട്ടി മാനനഷ്ടത്തിന് കേസു കൊടുക്കാന്‍ തീരുമാനിച്ചതായി സൂചനയുണ്ട്. മാത്രമല്ല പീഡന കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുളളതിനാല്‍ മുന്‍ കൂര് ജാമ്യത്തിന് ശ്രമം തുടങ്ങിയതായും വിവരമുണ്ട്.
സരിതയുടെ രഹസ്യമൊഴിയില്‍ എം.എല്‍.എക്കെതിരെ സദാചാര വിരുദ്ധ പരാര്മര്ശമുണ്ടെങ്കില് നടപടിയെടുക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ.സുരേന്ദ്രനും കെ.സുധാകരനും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സരിത മൊഴി കൊടുക്കുന്നത് മാറ്റികൊണ്ടിരുന്നതിനാല് നടപടിയിലേക്ക് എത്തിയിരുന്നുമില്ല.
കഴിഞ്ഞ ദിവസം സരിത കോടതി മുമ്പാകെ രഹസ്യ മൊഴി നല്കി.
അബ്ദുള്ളക്കുട്ടി രാജിവെച്ചാല്‍ ഈ സീറ്റില്‍ കെ.സുധാകരന് മത്സരിക്കണമെന്ന കാര്യത്തില്‍ കണ്ണൂര്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്. അബ്ദുള്ളക്കുട്ടിയുടെ സ്വാഭാവിക രാജിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
സരിതയുടെ ആരോപണവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ തന്നെ ഭീകരപ്രവര്ത്തകനെന്ന പോലെ വിചാരണ ചെയ്യുകയാണെന്നും മൂന്നുമാസമായി കൊടുംകുറ്റവാളിയെപ്പോലെ തനിക്ക് തല കുനിച്ചു നില്‍ക്കേണ്ടി വന്നുവെന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മാധ്യമവിചാരണയില്‍ മനംനൊന്താണ് താനും ഭാര്യയും കുട്ടികളും കേരളം വിട്ടതെന്നും അപമാനംമൂലം സ്കൂളില്‍ പോകാന്‍ കഴിയാതെ കേരളത്തിലെ പഠിപ്പ് നിര്‍ത്തി കുട്ടികളെ മംഗലാപുരത്ത് സ്കൂളില്‍ ചേര്‍ത്തതായും എംഎല്‍എ വെളിപ്പെടുത്തിയിരുന്നു. കുടുംബസമേതം ആത്മഹത്യ ചെയ്യാത്തത് മുസ്ലീമായതുകൊണ്ടാണെന്നും കൊടുംകുറ്റവാളികള്‍ക്ക് ലഭിക്കുന്ന നീതി പോലും വെറും ആരോപണവിധേയനായ തനിക്ക് കിട്ടുന്നില്ലെന്നും അബ്ദുള്ളക്കുട്ടി വികാരപരമായി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: