കോഴിക്കോട്: ഔദ്യോഗിക സംവിധാനങ്ങള്‍ ചുവപ്പുനാടയിലും പതിവ് മെല്ലെപ്പോക്കിലും കുടുങ്ങിയപ്പോള്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത് കുടെപ്പിറപ്പുകളുടെ കഠിനപ്രയത്നം. കഴിഞ്ഞ വ്യാഴാഴ്ച പുതിയാപ്പ ഹാര്‍ബറില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ കോഴിക്കോട് പുതിയങ്ങാടി നാലുകുടിപറമ്പില്‍ പ്രകാശന്, കോന്നാട് തലക്കിലകത്ത് പറമ്പത്ത് ശിവദാസന്‍ എന്നിവരുടെ മൃതദേഹം കടലില്‍ ഏറെ നേരത്തെ പ്രയത്നത്തിനു ശേഷം കണ്ടെത്തിയത് പുതിയാപ്പ ഹാര്‍ബറില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളായിരുന്നു.
ശനിയാഴ്ച തിരിച്ചു വരേണ്ട മത്സ്യത്തൊഴിലാളികള്‍ എത്താതിരുന്നപ്പോള്‍ ബന്ധുക്കളും നാട്ടുകാരും വിവരം ഫിഷറീസ്, റവന്യൂ വകുപ്പുകളില്‍ അറിയിച്ചിരുന്നു. തെരച്ചില്‍ നടത്തുമെന്നുള്ള ഉറപ്പ് കിട്ടിയപ്പോള്‍ അവര്‍ക്ക് ആശ്വാസമായി.
എം.പിയും എംഎല്‍എയും ജില്ലാ കലക്ടറും തെരച്ചില്‍ നടത്തുമെന്ന് വാഗ്ദാനം ചെയ്ത ആശ്വാസത്തില്‍ കഴിഞ്ഞവര്‍ക്ക് അടുത്ത ദിവസം കാണാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ പതിവ് ചടങ്ങായിരുന്നു. കോസ്റ്റ് ഗാര്‍ഡിനും തീരദേശ പോലീസിനും അനക്കമില്ല. ജില്ലാ ഭരണകൂടം നിസ്സംഗതയില്‍. ഉത്കണ്ഠയും പ്രതിഷേധവും ഒരുമിച്ചപ്പോള്‍ വെള്ളയില്‍ ഗാന്ധിറോഡില്‍ മത്സ്യത്തൊഴിലാളികള്‍ ഉപരോധം ആരംഭിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്റ് കലക്ടറും സ്ഥലത്ത് എത്തിയെങ്കിലം ജില്ലാ കലക്ടര്‍ എത്തണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം അധികാരികള്‍ക്ക് അംഗീകരിക്കേണ്ടിവന്നു. കലക്ടര്‍ സംഭവസ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയിലാണ് തുടര്‍നടപടികള്‍ ഊര്‍ജ്ജിതമായത്.
എന്നാല്‍ സര്‍ക്കാരിന്റെ ഉറപ്പില്‍ ആശ്വസിച്ചിരിക്കാന്‍ കടലോരത്തെ മത്സ്യത്തൊഴിലാളികള്‍ക്കായില്ല. കണ്ണന്‍കടവ്, പുതിയാപ്പ, തെക്കരകംപറമ്പ്, തൊടിയില്‍, കാമ്പുറം, മൂന്നാലിങ്ങല്‍, അരയസമാജങ്ങളും ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘവും കൂടിയാലോചനകള്‍ നടത്തി. രക്ഷാ പ്രവര്‍ത്തനത്തിന് വിപുലമായ പദ്ധതികള്‍ ആവിഷ്കരിച്ചു.
കടലിന്റെ ഒഴുക്കും ഗതിയും സ്വഭാവവും അറിയാവുന്ന മത്സ്യത്തൊഴിലാളികള്‍ മുന്നിട്ടിറങ്ങി. ശ്രീകൃഷ്ണ, ശ്രീഗണപതി, നമ:ശിവായ എന്നീ ഇന്‍ബോര്‍ഡ് എന്ജിന് വള്ളങ്ങള്‍, ശ്രീശൈലം, ഗംഗ, ഉമാമഹേശ്വരി, രോഷ്ണി എന്നീ വലിയ ഷിപ്പിംഗ് ബോട്ടുകളും ചെറുവള്ളങ്ങളും ഏകീകൃത തെരച്ചിലിന് നേതൃത്വം നല്കി.
ഞായറാഴ്ച പുറപ്പെട്ട് മുനമ്പം ഭാഗത്ത് തെരച്ചില്‍ നടത്തിയ സംഘമാണ് ചൊവ്വാഴ്ച രാവിലെ 8 മണിയോടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീരദേശ പോലീസും കോസ്റ്റ്ഗാര്‍ഡും തെരച്ചില്‍ നടത്തിയെങ്കിലും പുതിയാപ്പ ഹാര്‍ബറില്‍ നിന്ന് പോയ ഗംഗ, ശ്രീശൈലം എന്നീ ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ പുറംകടലില്‍ കണ്ടെത്തിയത്. പുതിയാപ്പ, വെള്ളയില്‍ ഭാഗങ്ങളില്‍ നിന്നുമുള്ള മണി, സജി, അനൂപ്, സിന്ധു, ലാലു, രജി, ആനന്ദ് എന്നിവരാണ് തെരച്ചില്‍ സംഘത്തിലുണ്ടായിരുന്നത്. ആര്‍എസ്എസ്, ബിജെപി, ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘ്, അരയസമാജം, പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനം സര്‍ക്കാര്‍ സംവിധാനത്തിന്റെ കാര്യക്ഷമമില്ലായ്മക്ക് മേല്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുകയായിരുന്നു.
കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ ആര്.എസ്.എസ് മത്സ്യപ്രവര്‍ത്തക സംഘം, ബിജെപി നേതാക്കളായ എന്‍പി രാധാകൃഷ്ണന്, പി. പീതാംബരന്, ടി പി മോഹനന്, ടി. മണി, കെ. ജി രാധാകൃഷ്ണന്, പോണത്ത് ബാബു എന്നിവരുടെ കൂട്ടായ നേതൃത്വം തീരദേശമേഖലയിലെ ഉത്കണ്ഠകള്‍ക്ക് വിരാമമിടുന്ന പ്രവര്‍ത്തനം നടത്തി മാതൃകയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: