കല്‍പ്പറ്റ : വയനാട് വന്യജീവി സങ്കേതത്തില്‍ അഗ്നി താണ്ഡവമാടിയ ഭൂരിഭാഗം പ്രദേശങ്ങളിലും പുതുനാമ്പുകള്‍ തളിരിട്ടു. കാട് കത്തിയമര്‍ന്നതോടെ നൂറുകണക്കിന് വന്യജീവികളാണ് അഗ്നിക്കിരയായത്. പൊള്ളലേറ്റ് പരക്കംപാഞ്ഞ പക്ഷിമൃഗാദികളും കുറവല്ല. രണ്ടായിരം ഏക്കറോളം വനമാണ് തിരുനെല്ലി മേഖലയില്‍ അഗ്നിക്കിരയായത്. മുളങ്കാടുകള്‍ പൂത്തുനശിച്ചതും കാട്ടുതീയും വയനാട്ടിലെ കാലാവസ്ഥ തന്നെ മാറ്റിമറിച്ചു. അപകടം മനസിലാക്കിയ വനം വകുപ്പ് പരിസ്ഥിതി പുനസ്ഥാപനത്തിനുവേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ മൂന്ന് ഡിവിഷനുകളിലായി വ്യാപിച്ചിരിക്കുന്ന മുളങ്കാടുകള്‍ സമീപത്തുള്ള വന്യജീവി സങ്കേതങ്ങളിലെ ജീവികള്‍ക്ക് വേനല്‍ക്കാലത്ത് ഒരു അഭയകേന്ദ്രമായിരുന്നു.
എന്നാല്‍ 2006ല്‍ ഈ മുളങ്കൂട്ടങ്ങള്‍ പൂത്തതോടെ പൂര്‍ണ്ണമായും നശിച്ചു. ഇതിനെ തുടര്‍ന്ന് ആനയുള്‍പ്പടെയുള്ള ജീവികളുടെ വിവിധ തരത്തിലുള്ള ശല്യവും വര്‍ദ്ധിച്ചു. നഷ്ടമായ ഹരിതശോഭ വീണ്ടെടുക്കാനും വന്യമൃഗശല്യം കുറയ്ക്കാനും ഫോറസ്റ്റ് ഡിവിഷനുകള്‍ ഇതിനോടകം 1.8 ലക്ഷത്തിലധികം നടീല്‍ വസ്തുക്കള്‍ ശേഖരിച്ചു.
ഇതില്‍ മുള തൈകള്‍, ഈറ്റ, ഫലവൃക്ഷ തൈകള്‍, കമ്പകം തുടങ്ങിയവ ഉള്‍പ്പെടുന്നു. ഒരു വര്‍ഷം മുന്‍പ് ചെതലയം റേഞ്ചിലെ പാതിരി സംരക്ഷിത വനത്തില്‍ 100 ഹെക്ടര്‍ സ്ഥലത്ത് മുളയും കമ്പകവും നട്ടുപിടിപ്പിച്ച പദ്ധതി വിജയകരമായിരുന്നുവെന്ന് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ പി.ധനേഷ്കുമാര്‍ പറഞ്ഞു. മണ്‍സൂണ്‍ കാലത്ത് വയനാട് വന്യജീവി സങ്കേതത്തില്‍ ഒരു കിലോമീറ്ററില്‍ ഒരാന എന്നതാണ് കണക്ക്.
എന്നാല്‍ ഇത് വേനല്‍ കാലത്ത് അഞ്ചായി ഉയരും. നാഗര്‍ഹോള വനമേഖലയില്‍ അടിക്കടി ഉണ്ടാകുന്ന കാട്ടുതീ വയനാട്ടിലേക്കുള്ള ആനകളുടെ പലായനം കൂട്ടുന്നുയെന്നാണ് വനം വകുപ്പ് പറയുന്നത്. ലോക പരിസ്ഥിതി ദിനത്തില്‍ വന്യജീവികളേ കുറിച്ചും നമുക്ക് ആശങ്കപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: