കാസര്‍കോട്: അനാഥാലയത്തിന്റെ മറവില്‍ നടക്കുന്ന മനുഷ്യക്കടത്തിനെ സേവന പ്രവര്‍ത്തനമായി ചിത്രീകരിക്കാനുള്ള മുസ്ലിംലീഗിന്റെ ശ്രമം പാളുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 370 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതിനെതിരെ മുസ്ലിംലീഗ് കഴിഞ്ഞ ദിവസം ശക്തമായി രംഗത്തുവന്നിരുന്നു. നിയമം ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും അനാഥാലയങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ലീഗ് ആരോപിച്ചിരുന്നു.
എന്നാല്‍ 370 വകുപ്പുപ്രകാരം കേസെടുത്തതില്‍ അസ്വാഭാവികതയില്ലെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. നിയമവിരുദ്ധമായി ആളുകളെ കടത്തുന്നതും കൈമാറ്റം ചെയ്യുന്നതും മനുഷ്യക്കടത്തായി പരിഗണിക്കാമെന്ന് നിയമം പറയുന്നു. പ്രലോഭിപ്പിച്ചോ, അധികാര ദുര്‍വിനിയോഗത്തിലൂടെയോ, പണം നല്‍കിയോ, ഭീഷണിപ്പെടുത്തിയോ ആകാം ഇത്. ഇപ്പോള്‍ നടന്നിട്ടുള്ള സംഭവം ഈ നിയമത്തിന്റെ പരിധിയില്‍ പെടുന്നതിന് മതിയായ കാരണങ്ങളുമുണ്ട്. ചില മാതാപിതാക്കള്‍ പണം വാങ്ങിയാണ് കുട്ടികളെ വിട്ട് നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ടിക്കേറ്റ്ടുക്കാതെ നിയമവിരുദ്ധമായാണ് കുട്ടികളെ ട്രെയിന്‍ വഴി കേരളത്തിലെത്തിച്ചത്. ശാരീരികമോ മാനസികമോ ആയ ചൂഷണങ്ങളും 370 വകുപ്പില്‍ കേസെടുക്കുന്നതിന് കാരണമാകുന്നുണ്ട്. 150 പേരെ ഉള്‍ക്കൊള്ളുന്ന ബോഗികളില്‍ അഞ്ഞൂറിലധികം കുട്ടികളെ രണ്ട് ദിവസത്തിലധികം കുത്തിനിറച്ച് കൊണ്ടുവന്നത് ശാരീരിക പീഡനമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 299 കുട്ടികള്‍ക്ക് മതിയായ രേഖകള്‍ ഇല്ലെന്ന് ചെയില്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യക്കടത്താണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവരുന്നത് സംബന്ധിച്ച സാമൂഹ്യനീതി വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന് അനാഥാലയ അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ഇത് സംബന്ധിച്ച് 2013 ജൂണ്‍ 22ന് സാമൂഹ്യനീതി വകുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവരുമ്പോള്‍ ആ സംസ്ഥാനത്തിന്റെ അനുവാദം വേണമെന്നാണ് നിയമം. കേരളത്തിലെ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ അനുവാദവും ആവശ്യമാണ്. എന്നാല്‍ കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നത് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് അവിടെ നിന്നുമെത്തിയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. മനുഷ്യക്കടത്താണ് നടന്നതെന്ന് കേരളത്തിന്റെ ആഭ്യന്തരമന്ത്രി തന്നെ പറഞ്ഞതോടെ കേരള സര്‍ക്കാരും അറിഞ്ഞില്ലെന്ന് വ്യക്തം. ഇതിനുപുറമെ പലര്‍ക്കും രക്ഷിതാക്കളുടെ സമ്മത പത്രവുമില്ല.
ഇപ്പോള്‍ നടന്ന സംഭവം 2000-ലെ ബാലനീതി നിയമത്തിന്റെ നഗ്നമായ ലംഘനവുമാണ്. ബാലനീതി നിയമമനുസരിച്ച് മതിയായ ശ്രദ്ധയും പരിചരണവും ലഭിക്കാത്തതും നിയമവുമായി സംഘര്ഷത്തിലേര്പ്പെട്ടിരിക്കുന്നതുമായ കുട്ടികളുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. അതുകൊണ്ട് തന്നെ ഇവരെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ സര്‍ക്കാര്‍ അറിയേണ്ടതായുണ്ട്. ഇത്തരം അനുമതിയില്ലാതെ കുട്ടികളെ കൊണ്ടുപോകുന്നത് ചൂഷണത്തിന് കാരണമാകുമെന്നതിനാല്‍ മനുഷ്യക്കടത്തായി പരിഗണിക്കണമെന്ന് 2010ലും 2011ലും സുപ്രിംകോടതി പരാമര്ശമുണ്ടായിട്ടുണ്ട്. ബച്ച്പന്‍ ബച്ചാവോ ആന്ദോളന് എന്ന സംഘടന നല്കിയ ഹര്‍ജിയിലായിരുന്നു ഇത്.
നിയമത്തിലുള്ള അജ്ഞതമൂലമാണ് സംഭവിച്ചതെന്ന പരിഹാസ്യമായ ന്യായവും ലീഗ് ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ ഇപ്പോള്‍ ഉന്നയിക്കുന്നുണ്ട്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്ക് നിയമം അറിയില്ലെന്നത് സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ന്യായീകരണമാണ്.
അനാഥാലയങ്ങളില്‍ ക്രമക്കേട് നടക്കുന്നില്ലെന്ന് മുസ്ലിംലീഗിന് അറിയാമെന്നാണ് ലീഗ് പറയുന്നത്. എന്നാല്‍ സംസ്ഥാനത്തെ 66 അനാഥാലയങ്ങള്‍ക്കെതിരെ ലൈംഗീകപീഡനം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍ എഫ്ഐആര്‍ നിലവിലുണ്ട്. ക്രമക്കേട് നടക്കുന്നില്ലെങ്കില്‍ മനുഷ്യാവകാശ കമ്മീഷന് നടത്തിവരുന്ന അനാഥാലയങ്ങളുടെ വിവരശേഖരണം പോലും അനുവദിക്കില്ലെന്ന നിലപാട് യത്തീംഖാന അധികൃതര്‍ കൈക്കൊള്ളുന്നതെന്തിനെന്നും ലീഗിനുമുന്നില്‍ ചോദ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: