തിരുവനന്തപുരം : മിഷന് 676 പദ്ധതിയുടെ ഭാഗമായി പട്ടികജാതി ദമ്പതികള്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടികള്‍ക്കായി വാത്സല്യനിധി പദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതിവകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിര്‍ദ്ധനരായ പട്ടികജാതി ദമ്പതികള്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടിയുടെ പേരില്‍ നടത്തുന്ന 50,000 രൂപയുടെ നിക്ഷേപ പദ്ധതിയാണ് വാത്സല്യനിധി. നിക്ഷേപവും പലിശയും കുട്ടി പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉന്നതവിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കാവുന്ന നിലയില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തും.
പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനകോര്പ്പറേഷന്, സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നെടുത്തതും 2010 മാര്‍ച്ച് 31ന് തിരിച്ചടവ് കാലാവധി കഴിഞ്ഞതുമായ ഒരു ലക്ഷം രൂപവരെയുള്ള വായ്പകള്‍ പട്ടികജാതി വികസനവകുപ്പ് ഏറ്റെടുത്ത് എഴുതിത്തള്ളുമെന്നും മന്ത്രി അറിയിച്ചു.
വരും വര്‍ഷങ്ങളില്‍ എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ പട്ടികവിഭാഗം വിദ്യാര്‍ത്ഥികളും പൊതുസമൂഹം വിദ്യാര്‍ത്ഥികളും തമ്മിലുള്ള മത്സരം ഇല്ലാതാക്കുന്നതിനായി പുതിയ പദ്ധതിയായ വിദ്യാജ്യോതി നടപ്പാക്കും. ഇതിന്റെ ഭാഗമായി 8, 9, 10 ക്ലാസ്സുകളിലെ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിശീലനം നല്‍കും. ഇതോടൊപ്പം പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ ബാഗ്, കുട, ചെരുപ്പ് എന്നിവ സൗജന്യമായി വിതരണം ചെയ്യും.
പട്ടികജാതിക്കാരുടെ ശവസംസ്കാര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക ശ്മശാന പദ്ധതി സ്മൃതിവനം നടപ്പാക്കും. പട്ടികജാതി സമൂഹത്തിനായി ശ്മശാനം സ്ഥാപിക്കാന്‍ മുന്നോട്ടുവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 25 ലക്ഷം രൂപവരെ സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി.
പാലക്കാട് മെഡിക്കല്‍ കോളേജ്, സ്വയംപര്യാപ്തഗ്രാമം തുടങ്ങിയ പദ്ധതികളും ഈ കാലയളവില്‍ പൂര്‍ത്തിയാക്കും.
അഗതികളും വിധവകളുമായ പിന്നോക്ക സമുദായത്തിലെ നിര്‍ദ്ദനരായ സ്ത്രീകള്‍ക്ക് വീടു നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കുക, പരമ്പരാഗത ബാര്‍ബര്‍/അലക്കുതൊഴിലാളികളുടെ തൊഴിലിടം നവീകരിക്കുന്നതിനായി 25000 രൂപ വീതം ധനസഹായമായി നല്‍കുക തുടങ്ങിയ പുതിയ പദ്ധതികള്‍ മിഷന് 676ന്റെ ഭാഗമായി നടപ്പാക്കും. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പിന്നോക്ക സമുദായാംഗങ്ങളായ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും.
വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും തദ്ദേശീയരെയും പങ്കാളികളാക്കുക, ടൂറിസം വളര്‍ച്ചയുടെ സദ്ഫലങ്ങള്‍ തദ്ദേശീയര്‍ക്കു കൂടി അനുഭവവേദ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ടൂറിസം രംഗത്ത് ഗോഡസ് ഓണ്‍ കണ്ട്രി പീപ്പിള്‍സ് ഓണ്‍ ടൂറിസം എന്ന നൂതന പദ്ധതി നടപ്പാക്കും.
കൊച്ചിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ആന്റ് വാട്ടര്‍ ടാക്സി ബോട്ട് സര്‍വ്വീസ് നടപ്പാക്കും. 25 പേര്‍ക്കു സഞ്ചരിക്കാവുന്ന എയര്‍കണ്ടീഷന്‍ ബോട്ടുകള്‍ ഇതിലേക്കായി സര്‍വ്വീസ് നടത്തും. വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, കായികവും മാനസികവുമായി വിഭിന്ന ശേഷിയുള്ള വിഭാഗങ്ങള്‍ക്കുകൂടി ആസ്വദിക്കാനുള്ള അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി അടിസ്ഥാന സൗകര്യം വികസനം തദനുസൃതമായ രൂപപ്പെടുത്തുന്ന സൗഹൃത ടൂറിസം പദ്ധതി നടപ്പാക്കും.
കേരള സീപ്ലെയിന്‍ സര്‍വ്വീസ് പദ്ധതിയുടെ കൊമേഴ്സ്യല്‍ ഓപ്പറേഷന് ഓണത്തോടുകൂടി ആരംഭിക്കും.
ജപ്പാന്, സിംഗപ്പൂര്‍, ഫിന്‍ലാന്‍ഡ്, ലക്സംബര്‍ഗ്, ന്യൂസിലാന്‍ഡ്, ഫിന്‍ലാന്‍ഡ്, ഫിലിപ്പീന്‍സ്, കംബോഡിയ, ലാവോസ്, വിയറ്റ്നാം, മ്യാന്മര്, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് വിമാനത്താവളത്തില്‍ നിന്നും ടൂറിസ്റ്റ് വിസ ലഭ്യമാകുന്ന വിസ ഓണ്‍ അറൈവല്‍ പദ്ധതി കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയും ആകര്‍ഷകമായ മത്സര പദ്ധതി ഏര്‍പ്പെടുത്തിയും വിപുലീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: