കൊച്ചി: ചെറുപുഴ തേജസ്വിനി നാളികേരോത്പാദക കമ്പനി 10 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ആധുനിക കേര ഫാക്ടറി സമുച്ചയത്തിന്റെ ശിലാസ്ഥാപനം 5-ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. പെരിങ്ങോം പിഡബ്ലുഡി റസ്തൗസിന് സമീപം കമ്പനി വക നാലേക്കര്‍ സ്ഥലത്താണ് ഫാക്ടറി സ്ഥാപിക്കുന്നത്. നീര, നീരയില്‍ നിന്നുള്ള മറ്റ് മൂല്യവര്‍ദ്ധിത ഉല്പന്നമായ നീര പാനി, നാളികേരത്തില്‍ നിന്നുള്ള വിവിധ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളായ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, വെളിച്ചെണ്ണ, കോക്കനട്ട് ചിപ്സ്, പായ്ക്ക് ചെയ്ത കരിക്കിന്‍വെള്ളം, ഇളനീര് സോഡ, നാളികേരപ്പൊടി, ബിസ്ക്കറ്റ്, ചോക്ലേറ്റ് എന്നീ ഉല്പന്നങ്ങളും സമീപ ഭാവിയില്‍ നിര്‍മ്മിച്ച് വിതരണം നടത്തുവാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.
സി. കൃഷ്ണന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗ്രാമവികസന, സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ. സി. ജോസഫ് നീരയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്പന്നമായ ‘നീര പാനി’ വിപണിയിലിറക്കും. നാളികേരവികസന ബോര്‍ഡ് ചെയര്മാന് ടി.കെ. ജോസ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും.
നാളികേര വികസന ബോര്‍ഡിന്റെ പരിശീലനം ലഭിച്ച നീര ടെക്നീഷ്യന്മാരെ ഉപയോഗപ്പെടുത്തി കമ്പനി ചെറിയ തോതില്‍ നീര ഉത്പാദനം ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി ചെയര്മാന് സണ്ണിജോര്‍ജ്ജ് അറിയിച്ചു.
കണ്ണൂര്‍ -കാസര്‍ഗോഡ് ജില്ലകള്‍ പ്രവര്‍ത്തന മേഖലകളായി നിശ്ചയിച്ചുകൊണ്ട് 10 ഫെഡറേഷനുകളും 152 സിപിഎസുകളും ചേര്‍ന്നാണ് നളികേര വികസന ബോര്‍ഡിനു കീഴില്‍ തേജസ്വിനി നാളികേരോത്പാദക കമ്പനി രൂപീകരിച്ചിട്ടുള്ളത്. 152 ഉത്പാദക സംഘങ്ങളിലെ 16,438 കര്‍ഷകര്‍ കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ദിവസേന 35000 തേങ്ങ കൊപ്രയാക്കാന്‍ കഴിയുന്ന ഡ്രയറും മണിക്കൂറില്‍ 1000 കിലോ കൊപ്ര വെളിച്ചെണ്ണയാക്കാന് കഴിയുന്ന എക്സ്പെല്ലറും ഫാക്ടറിയുടെ ഭാഗമാണ്. ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നേടിയ ‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം’ അംഗങ്ങളെ ഉപയോഗിച്ച് കര്‍ഷകരുടെ പുരയിടത്തില്‍ നിന്ന് വിളവെടുത്ത് നാളികേരം ഫാക്ടറിയില്‍ എത്തിച്ച് സംസ്ക്കരിച്ച് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി വിപണനം ചെയ്യുകയാണ് കമ്പനിയുടെ ഉദ്ദേശ്യം. ഇതുവഴി ലഭ്യമാകുന്ന ലാഭം കര്‍ഷകര്‍ക്ക് വീതിച്ച് നല്‍കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: