കൊച്ചി: തന്റെ പേരില്‍ ലോണെടുത്തു വാങ്ങിയ കാറില്‍ മദ്യവില്പനയും അവിഹിതബന്ധവും നടത്തുന്നതായി ആരോപിച്ച് ഭാര്യ നല്കിയ പരാതിയില്‍ പോലിസുകാരനെതിരേ സ്ത്രീപീഡനത്തിന് കേസെടുത്തു.
മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും രണ്ടു കുട്ടികളുടെ അച്ഛനുമായ സാം ലെസ്ലിക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കളമശേരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസുകാരന് ഒളിവിലാണ്. ഇയാളെ ഉടന്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തേക്കും. പോലീസ് അസോസിയേഷന് നേതാവുകൂടിയായ സാം ലെസ്ലിക്കെതിരേ ഇയാളുടെ ഭാര്യ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് പരാതി നല്‍കിയിരുന്നത്. പരാതി അഞ്ചുമാസത്തോളം പോലീസ് പൂഴ്ത്തി വെച്ചതായും ആരോപണമുണ്ട്. പോലീസുകാരനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഭാര്യ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. തന്റെ പേരില്‍ ലോണെടുത്തു വാങ്ങിയ കാറില്‍ മദ്യവില്പന നടത്തി ഭര്‍ത്താവ് തന്നെ ക്രിമിനല്‍ കേസില്‍ കുടുക്കുമെന്നു ഭയപ്പെടുന്നതായി പരാതിയില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ കാര്‍ ഉടന്‍തന്നെ ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്ക് അവിഹിതബന്ധമുണ്ടെന്നും തന്നെ ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്.
ഒളിവില്‍ പോയ പോലീസുകാരനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: