മുംബൈ: ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിന്റെ വമ്പടക്കിയവരാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഏറെക്കുറെ ആധികാരികമായിത്തന്നെ നിലവിലെ ചാമ്പ്യന്മാരെ എം.എസ്. ധോണിയുടെ ടീം മറികടന്നു. പക്ഷേ, ഇന്ന് രണ്ടാം ക്വാളിഫയറില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെ നേരിടുന്ന സൂപ്പര്‍ കിംഗ്സിന് ആത്മവിശ്വാസം പോര. അത്രയ്ക്കു കനത്ത തോല്‍വികളാണ് പ്രാഥമിക റൗണ്ടില്‍ പഞ്ചാബിപ്പട ചെന്നൈ സംഘത്തിന് സമ്മാനിച്ചത്. കിംഗ്സ് ഇലവന്റെ മാസ്റ്റര്‍ ഹിറ്റര്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഓരോ ഷോട്ടും ദുഃസ്വപ്നങ്ങളായി സൂപ്പര്‍ കിംഗ്സിനെ വേട്ടയാടുന്നു. അബുദാബിയിലെ ആദ്യ മുഖാമുഖത്തില്‍ മാക്സ്വെല് നടത്തിയ വിസ്ഫോടനത്തിന്റെ പിന്‍ബലത്തില്‍, ചെന്നൈ മുന്നില്‍വച്ച 206 എന്ന ഹിമാലയന്‍ സ്കോര്‍ കിംഗ്സ് ഇലവന് പിന്തുടര്ന്നു. കട്ടക്കിലെ രണ്ടാം പോരിലും മാക്സ്വെല് കത്തിയാളി. ചെന്നൈ നല്ല മാര്‍ജിനില്‍ തോല്‍ക്കുകയും ചെയ്തു. ധോണിയുടെ തുറുപ്പുചീട്ടുകളായ ആര്. അശ്വിനും രവീന്ദ്ര ജഡേജയും മാക്സ്വെല്ലിന്റെ കൈക്കരുത്ത് ശരിക്കും അറിഞ്ഞു. ആ മോശം ഓര്‍മ്മകളെ മറന്നുള്ള കളിയാവും സൂപ്പര്‍ കിംഗ്സിനു മുന്നിലെ പ്രധാനവെല്ലുവിളി.
ടീമെന്ന നിലയില്‍ സൂപ്പര്‍ കിംഗ്സ് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഓപ്പണിങ് സ്ഥാനത്തു ഫാഫ് ഡു പ്ലെസിസിനെവച്ചു നടത്തിയ പരീക്ഷണം വിജയിച്ചുകഴിഞ്ഞു. ഡു പ്ലെസിസിന്റെ കൂട്ടാളി ഡ്വെയ്ന്‍ സ്മിത്താണ് മാക്സ്വെല്ലിനു ചെന്നൈ നല്കുന്ന മറുപടി. ബ്രണ്ടന്‍ മക്കല്ലവും സുരേഷ് റെയ്നയും ഡേവിഡ് ഹസിയുമെല്ലാം ഫോമിലേക്കുയര്ന്നുകഴിഞ്ഞു. ധോണിയിലെ ഫിനിഷറിലും ചെന്നൈയ്ക്കു വിശ്വാസമര്‍പ്പിക്കാം. മോഹിത് ശര്‍മ്മയാണ് സൂപ്പര്‍ കിംഗ്സിന്റെ പേസ് അറ്റാക്കിലെ ഏറ്റവും അപകടകാരി. അശ്വിനും ജഡേജയും ഏതു സമയത്തും ഉപകാരികളായി മാറാവുന്നവരാണ്.
ടൂര്‍ണമെന്റിലെ തുടക്കത്തിലെ ഉശിരന്‍ മുന്നേറ്റത്തിനുശേഷം കിംഗ്സ് ഇലവന് അല്‍പ്പമൊന്നു നിറംമങ്ങിയിരുന്നു. എങ്കിലും തകര്‍പ്പന്‍ ജയങ്ങള്‍ നേടിയെടുത്ത അവരെ എഴുതിത്തള്ളാനാവില്ല. വീരേണ്ടര്‍ സെവാഗും മാക്സ് വെല്ലും ഡേവിഡ് മില്ലറും ജോര്‍ജ് ബെയ്ലിയും മനന്‍ വോഹ്റയും അടങ്ങുന്ന ബാറ്റിംഗ് ലൈനപ്പ് ആരെയും ഭീതിയിലാഴ്ത്തും. മാക്സ് വെല്‍ സൂപ്പര്‍ കിംഗ്്സ് ബൗളര്‍മാര്‍ക്കുമേല്‍ പുലര്‍ത്തുന്ന ആധിപത്യം കിംഗ്സ് ഇലവനെ പന്തയച്ചന്തയിലെ മുന്‍ നിരക്കാരാക്കുന്നു. പേസര്‍ സന്ദീപ് ശര്‍മ്മയും (17 വിക്കറ്റ്) ഇടംകൈയ്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലും (16) ഓസീസ് പേസ് ബാറ്ററി മിച്ചല്‍ ജോണ്‍സനും (14) പഞ്ചാബി ടീമിലെ മൂര്‍ച്ചയേറിയ ബൗളര്‍മാരാണ്. കഴിഞ്ഞ കളിയില്‍ സന്ദീപിനും ലക്ഷ്മിപതി ബാലാജിക്കും പകരം കരണ്‍വീര്‍ സിംഗിനെയും പര്‍വീന്ദര്‍ അവാനെയും കിംഗ്സ് ഇലവന് പരീക്ഷിച്ചിരുന്നു. ഇക്കുറി സന്ദീപും ബാലാജിയും ടീമില്‍ തിരിച്ചെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: