ലോകകപ്പിനു തയ്യാറെടുക്കുന്ന ആഫ്രിക്കന്‍ കരുത്തര്‍ നൈജീരിയക്ക് സ്കോട്ട്ലാന്റിനെതിരായ സൗഹൃദ മത്സരത്തില്‍ സമനില. രണ്ടു തവണ പിന്നിട്ടു നിന്നശേഷമായിരുന്നു സൂപ്പര്‍ ഈഗിള്‍സ് 2-2ന് തടിതപ്പിയത്. വാതുവയ്പ്പുകാര്‍ ഒത്തുകളിക്കു ശ്രമിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് അന്വേഷക സംഘത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നടന്ന കളിയില്‍ നാടകീയതകള്‍ ഏറെ കടന്നുവന്നു.
പത്താം മിനിറ്റില്‍ ചാര്‍ളി മള്ഗ്രൂ സ്കോട്ട്ലാന്റിന് ലീഡ് നല്കി. ജയിംസ് മോറിസന്റെ ലോങ്ങ് റേഞ്ചിനെ കൗശലപൂര്‍ണമായ ഒരു ഫ്ലിക്കിലൂടെ മള്ഗ്രൂ ഗോളിലേക്ക് വഴിതിരിക്കുകയായിരുന്നു (1-0).
ഒന്നാം പകുതിയവസാനിക്കാന്‍ നിമിഷങ്ങള്‍ അവശേഷിക്കെ പെനാല്‍റ്റി ഏരിയയ്ക്കു പുറത്തു നിന്നുള്ളൊരു ഷോട്ടിലൂടെ മൈക്കല്‍ ഉച്ചേഡ (41-ാം മിനിറ്റ്) നൈജീരിയയെ ഒപ്പമെത്തിച്ചു (1-1). എന്നാല്‍ 52-ാം മിനിറ്റില്‍ സ്വന്തം വലകുലുക്കി അസുബുക്കെ എക്വൂവ്കെ സ്കോട്ട് ലാന്റിന് വീണ്ടും മുന്‍തൂക്കം നല്കി (2-1). പക്ഷേ, അവസാന മിനിറ്റില്‍ സ്കോട്ടിഷ് പ്രതിരോധപ്പിഴവ് മുതലാക്കി ഉച്ചേ നൊഫോര് നൈജീരിയയുടെ മാനം രക്ഷിച്ച ഗോള്‍ കുറിച്ചു (2-2).
മറ്റൊരു മത്സരത്തില്‍ ഇസ്രയേലിനെ മെക്സിക്കോ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് നിഷ്പ്രഭമാക്കി. മിഗേല്‍ ലയുണ് (2) മാര്‍ക്കോ ഫാബിയാന്‍ എന്നിവര്‍ മെക്സിക്കോയുടെ സ്കോറര്‍മാര്‍.
ലിവര്‍പൂള്‍ താരം ഡാനിയേല്‍ ആഗെറിന്റെ ഇഞ്ചുറി ടൈം സ്ട്രൈക്കിന്റെ തുണയില്‍ ഡെന്മാര്ക്ക് സ്വീഡനെയും തോല്‍പ്പിച്ചു (1-0).
പ്രതികരിക്കാൻ ഇവിടെ എഴുതുക: