കൊച്ചി: സിനിമകളുമായി ബന്ധപ്പെട്ട ഗെയിമുകള്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ കേന്ദ്ര സ്ഥാനമായി കേരളം മാറുന്നു. ചലച്ചിത്ര വ്യവസായത്തിന്റെ കുതിപ്പിന് സഹായകമാകുന്ന വിധത്തിലുള്ള ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന യുവ സംരംഭകരുടെ ഒരുപിടി കമ്പനികള്‍ കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇപ്പോഴുണ്ട്.
പുറത്തുവരുന്ന സിനിമകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ നാലാമതാണ് ‘മോളിവുഡ്’. ഈ രംഗത്ത് മല്‍സരം ശക്തമായതോടെ നിര്‍മാതാക്കള്‍ പ്രേക്ഷകരിലേക്ക് തങ്ങളുടെ ഉല്പന്നമെത്തിക്കാനുള്ള പുതിയ തന്ത്രങ്ങള്‍ ആരായുകയാണ്. ഈ സാഹചര്യത്തിലാണ് മൂവീ ഗെയിമുകള്‍ പ്രസക്തമാകുന്നത്.
ഹോളിവുഡിലേയും ബോളിവുഡിലേയും ഇത്തരത്തില്‍ വിജയിച്ച ഗെയിമുകളോട് മല്‍സരിക്കുന്നതിന് ഉപയുക്തമായ രീതിയിലാണ് കേരളവും ഈ മേഖലയിലേക്ക് കാലെടുത്തു വച്ചത്.
ഈ വര്‍ഷം മലയാളത്തിലിറങ്ങിയ ആദ്യഹിറ്റ്ചിത്രമായ 1983നു വേണ്ടിയാണ് ആദ്യത്തെ മൂവിഗെയിം പുറത്തിറക്കിയത്. ഹിറ്റിറ്റ് 1983 എന്ന പേരില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിനുവേണ്ടി ഗെയിം തയ്യാറാക്കിയത് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള കൊപ്ര, ക്ലിപ്ക്ലാപ് എന്നീ സ്റ്റാര്ട്ടപ്പുകള്ക്കുപിന്നില് പ്രവര്‍ത്തിക്കുന്ന യുവസംരംഭകരുടെ സംഘമായിരുന്നു.
കാര്‍ട്ടൂണ്‍ പരമ്പരയായ മിന്നാമിന്നിക്കു വേണ്ടി മൊബൈല്‍ ഗെയിമുകള്‍ വികസിപ്പിച്ചുകൊണ്ട് ഈ രംഗത്തേക്കു കടന്നുവന്ന കൊപ്ര കഴിഞ്ഞ ജൂലൈയില്‍ ഒരു സംഘം എന്‍ജിനീയറിംഗ് ബിരുദധാരികള്‍ ആരംഭിച്ച സ്ഥാപനമാണ്. ഹിറ്റിറ്റിനു ശേഷം മമ്മൂട്ടി ചിത്രമായ ഗ്യാങ്സ്റ്ററിനു വേണ്ടിയും ഒരു പ്രചരണ ഗെയിം തയ്യാറാക്കിയിരുന്നെന്നും ഇവയുടെ രണ്ടിന്റെയും വിജയത്തിനുശേഷം വന്‍തോതിലുള്ള അന്വേഷണങ്ങളാണ് സിനിമാ മേഖലയില്‍ നിന്നു ലഭിക്കുന്നതെന്നും കൊപ്ര സിഇഒ ഫഹീം മൊയ്നുദ്ദീന് പറഞ്ഞു.
സിഒഒ അശ്വിന് കെ.കെ, ഇനായത്ത് കെ.കെ, അജ്മല്‍ ജമാല്‍, കിഷന് ദേവ്, ബിന്‍ഷാദ് ആര്, അഭിജിത്, കപില്‍ എന്നിവര്‍കൂടി അടങ്ങുന്നതാണ് കൊപ്രയ്ക്കു പിന്നിലെ സംഘശക്തി.
സമീപനാളില്‍ തിയേറ്ററുകളിലെത്തിയ ‘മോസയിലെ കുതിരമീനുകള്‍’ എന്ന സിനിമയ്ക്കായി എംകെഎംഗെയിം എന്നപേരില്‍ മറ്റൊരു സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഇന്‍കുബേറ്ററായ റാക്ലിന് ഒരു ഗെയിം ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരുന്നു. ഫെയ്സ് ബുക്കിലും ഗൂഗിള്‍ പ്ലേയിലുമാണ് ഇവ ലഭ്യമാക്കിയത്. അഖില്‍ കെ. അനില്‍, രാഹുല്‍ എ.ആര്, ലിനോ ആന്റണി കെ. എന്നിവരടങ്ങുന്ന സംഘത്തിന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് റാക്ലിന്.
എല്ലാ വീടുകളിലും സ്മാര്‍ട്ട് ഫോണുകളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണെന്നും ഇത് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്മാന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. സിലിക്കണ്‍ വാലിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആദ്യം പിടിച്ചെടുത്തത് സാന്‍ ഫ്രാന്‍സിസ്കോ വിപണിയാണ്. പിന്നീട് ഫണ്ടിംഗിന്റെ പിന്തുണയോടെ ദേശീയതലത്തില്‍ അവ വളരുകയായിരുന്നു. ഈ യുവ സംരംഭകരുടെ സ്റ്റാര്‍ട്ടപ്പുകളിലൂടെ കേരളം പിന്തുടരുന്ന മാതൃകയും ഇതുതന്നെയാണെന്ന് സഞ്ജയ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: