പഴയ ഇന്ദ്രപ്രസ്ഥത്തില്‍ മോദി പുതിയ ഭരണചക്രത്തിന്റെ നിയന്ത്രണം കയ്യേല്‍ക്കുമ്പോള്‍ അദ്ദേഹം പിറന്നുവീണ വീടും നാടും ചരിത്രത്തിലേക്കു കടന്നിരിക്കുകയാണ്. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ എഴുതുന്നു.
ഗുജറാത്തിലെ വോട്ടെടുപ്പിന് രണ്ടു ദിവസം മുന്‍പ് കണ്ടപ്പോള്‍ വടനഗറിലെ പൗരാണികമായ ഹടേശ്വര്‍ ശിവക്ഷേത്രം മുഖ്യ പുരോഹിതന് ശൈലേഷ് പാണ്ഡ്യ പറഞ്ഞു. എട്ടു മാസം മുന്‍പാണ് മോദിഭായി ക്ഷേത്രത്തിലെത്തിയത്. ഇനി എത്തുക പ്രധാനമന്ത്രിയായിട്ടാകും. ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് ഞങ്ങളെല്ലാവരും. സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തെ സൈന്ധവ നാഗരികതയുടെ കാലം മുതലുള്ള കഥകള്‍ പറയുന്ന വടനഗറിന്റെ എല്ലാമെല്ലാമായ നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്നു. ഇനി അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്കുള്ള വരവ് ആഘോഷമാക്കാനുള്ള കാത്തിരിപ്പിലാണ് പൗരാണിക ഭാരതത്തിന്റെ ചരിത്രത്തിലേക്കുള്ള പ്രവേശനകവാടമായ വടനഗര്‍.
വടനഗറിന്റെ ഐശ്വര്യമാണ് ഹടേശ്വര്‍ ശിവക്ഷേത്രം. സ്വയംഭൂവായ ശിവലിംഗം. മൂന്ന് മകുടങ്ങളെ തലയിലേറ്റി നില്ക്കുന്ന ഉയര്‍ന്ന ക്ഷേത്രമതിലുകള്‍. നൂറ്റാണ്ടിന്റെ പഴക്കം പറയാതെ തന്നെ വ്യക്തമാകുന്ന ശില്പം വൈദഗ്ധ്യം. എട്ട് മാസം മുന്‍പ് ക്ഷേത്രത്തിലെത്തിയ മോദി ശ്രീകോവിലിനുള്ളില്‍ കയറി പൂജ ചെയ്തിരുന്നു. സാധാരണ പൂജാരിമാര്‍ മാത്രമേ ശ്രീകോവിലിനുള്ളില്‍ കയറി പൂജ ചെയ്യാറുള്ളൂ. മോദിക്ക് പ്രത്യേക പരിഗണന നല്കി ശിവലിംഗത്തില്‍ തൊട്ടു വന്ദിച്ച് ആരതി നടത്താന്‍ അനുവദിക്കുകയായിരുന്നു. ഇതെകുറിച്ച് ചോദിച്ചപ്പോള്‍ മോദിഭായിക്ക് പൂജചെയ്യാന്‍ കഴിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് കഴിയുന്നത് എന്നായിരുന്നു മുഖ്യ പുരോഹിതന് ശൈലേഷ് പാണ്ഡ്യയുടെ മറുചോദ്യം. പ്രധാനമന്ത്രിയായി മോദി പൂജചെയ്യാനെത്തുന്നത് കാത്തിരിക്കുകയാണ് ശൈലേഷ് പാണ്ഡ്യ.
തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിനായി ഗുജറാത്തിലെത്തിയപ്പോള്‍ തീര്‍ച്ചയായും പോകണമെന്ന് നിശ്്ചയിച്ച സ്ഥലമാണ് വടനഗര്‍. നരേന്ദ്ര മോദി എന്ന നവഭാരത നായകന് ജന്മം നല്‍കിയതിലൂടെ ചരിത്രത്തിലിടം നേടിയ,സംസ്ക്കാരത്തിന്റെ കളിത്തൊട്ടിലായ വടനഗര്‍. വട നഗറില്‍ പോകുന്നതിനെക്കുറിച്ച് പറഞ്ഞപ്പോളൊക്കെ പലരും നിരുത്സാഹപ്പെടുത്തി. മോദിയുടെ പഴയ വീടവിടെയില്ല, ബന്ധുക്കളാരും അവിടില്ല. ചായക്കടയും അടച്ചിട്ടിരിക്കുകയാണ്. എന്നൊക്കെയായിരുന്നു മറുപടി. മാത്രമല്ല വടനഗര്‍ക്കാര്‍ക്ക് മാധ്യമങ്ങളോടിപ്പോള്‍ ദേഷ്യവുമാണ്. ചാനലുകളും പത്രങ്ങളുമൊക്കെ എത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം അതെല്ലാം മോദിക്കെതിരായി ഉപയോഗിക്കുന്നതിലായിരുന്നു ദേഷ്യം. ഇതൊക്കെ ഏറെക്കുറെ സത്യവുമായിരുന്നു. ജന്മഭൂമി പത്രത്തിന്റെ നിലപാട് ബോധ്യപ്പെടുത്തിയപ്പോള്‍, മോദിക്കൊപ്പം ആര്‍എസ്എസ് ശാഖയില്‍ പോയിരുന്ന ആളും ഇപ്പോള്‍ ജില്ലാ ബൗദ്ധിക് പ്രമുഖുമായ ഭരത് നരോദ് ദാസിന്റെ സേവനം ലഭ്യമായി. മാധ്യമങ്ങള്‍ കാണിക്കുന്നതല്ല യഥാര്‍ത്ഥത്തില്‍ മോദി പിറന്ന വീട് എന്നതും റയില്‍വേസ്റ്റേഷനിലെ ചായക്കടയായിരുന്നില്ല മോദിയുടെ അച്ഛന്റെ യഥാര്‍ത്ഥ കടയെന്നുമൊക്കെയുള്ള വേറിട്ട വിവരങ്ങള്‍ കിട്ടാന്‍ നരോദ് ദാസിന്റെ സേവനം സഹായകമായി.
മോദി ചെറുപ്പത്തില്‍ താമസിച്ചിരുന്ന വിട്ടില്‍ ഇന്ന് ഒരു ഠാക്കൂര്‍ കുടുംബമാണ് താമസിക്കുന്നത്. മോദിയുടെ കുടുംബം അവര്‍ക്ക് വീടു വില്‍ക്കുകയായിരുന്നു.
മാധ്യമങ്ങള്‍ ഈ വീടാണ് മോദിയുടെ വീടായി കാണിക്കുന്നത്. യഥാര്‍ത്തത്തില്‍ മോദി ജനിച്ച വിട് അതല്ല. മാധ്യമങ്ങളെയൊന്നും അങ്ങോട്ടു കൊണ്ടുപോകാറില്ല. ആ വീടു കാട്ടിത്തരാം എന്നു പറഞ്ഞു നരോദ് ദാസ് വടനഗറിന്റെ ഇടവഴികളിലൂടെ കൂട്ടിക്കൊണ്ടുപോയി. പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും ശേഷിപ്പുകള്‍ കണ്ടുകൊണ്ടുള്ള നടത്തം നിന്നത് മണ്ണുകൊണ്ടുള്ള തനി പഴഞ്ചന്‍ വിടിന്റെ മുന്നില്‍. മാറാലെപോലെ മെത്തകളും പുതപ്പുകളും വിടിന്റെ മട്ടുപ്പാവില്‍ ഉണങ്ങാനിട്ടിട്ടുണ്ട്. വെള്ള പൂശിയതെങ്കിലും കരിയും ചെളിയും പിടിച്ച് വൃത്തിയില്ലാതെ കിടക്കുന്ന വീട്. മോദി ജനിച്ചു വീണതിവിടെയാണ്. മോദിയുടെ ജന്മവീട്. ഇതു പിന്നീട് വിറ്റു.
വടനഗര്‍ റയില്‍വേ സ്റ്റേഷനില്‍ മോദി ചായവിറ്റിരുന്ന കട ചരിത്ര സ്മാരകം പോലെ ഇപ്പോഴുമുണ്ട്. അടഞ്ഞുകിടക്കുകയാണെന്നു മാത്രം. റയില്‍വേ പ്രവേശനകവാടത്തിനു മുന്നിലെ ചെറിയ ഇരുമ്പുകടയായിരുന്നു ശരിക്കും മോദിയുടെ അച്ഛനുണ്ടായിരുന്നത്. ചായ ഉണ്ടാക്കുന്നത് ഈ കടയിയാണ്. ട്രയിന്‍ വരുമ്പോള്‍ മാത്രം സ്റ്റേഷനുള്ളിലെ കടയിലേക്ക് ചായകൊണ്ടുപോകുകയായിരുന്നു. ഇരിമ്പുകട ഇപ്പോള്‍ വേറൊരാളാണ് നടത്തുന്നത്.
തൊട്ടടുത്തുതന്നെയാണ് മോദി ഹൈസ്ക്കൂള് വിദ്യാഭാസം പൂര്‍ത്തിയാക്കിയ ഭഗവത് ആചാര്യ നാരായണാചാര്യ സ്കൂള്‍. മോദി നാടകം കളിച്ച വേദിയും 10 ക്ലാസ് പഠിച്ചമുറിയുമൊക്കെ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വടനഗറിനെ ജലസമൃദ്ധമാക്കുന്ന ശര്‍മിഷ്ഠ തടാകക്കരയില്‍ മോദി കുട്ടിക്കാലത്ത അധിക സമയം ചെലവിട്ട ഗ്രന്ഥശാല സജീവതയോടെ ഇപ്പോളുമുണ്ട്. ചീങ്കണ്ണികളുള്ള തടാകത്തിനു മധ്യത്തില്‍ ചെറിയൊരു സ്തൂപവും ഉള്ളില്‍ സരസ്വതി വിഗ്രഹവും. സ്പൂത്തിനു മുകളില്‍ കാവി പതാക പാറുന്നു. ചെറുപ്പകാലത്ത് മോദി സ്ഥിരമായി നീന്തികടക്കുമായിരുന്ന തടാകം. തടാകത്തിന്റെ പടിഞ്ഞാറെക്കരയില്‍ ഏതോരാജാവ് വിജയം വെട്ടിപ്പിടിച്ചതിന്റെ സ്മാരകം കാണാം. 40 അടി ഉയരമുള്ള മണല്‍ കല്ലുകൊണ്ട് നിര്‍മ്മിച്ച കമാനത്തോടുകൂടിയ സ്തൂപമാണിത്.
ആറ് രാജ വംശങ്ങള്‍ നാലായിരത്തിലധികം വര്‍ഷങ്ങള്‍ ഭരിച്ച പ്രദേശമാണ് വടനഗര്‍. എണ്ണമറ്റ പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂമി. അനാദിയായ ചരിത്രവും അനാദൃശ്യമായ സാംസ്ക്കാരപൈതൃകവും പേറുന്ന, ജ്വലിക്കുന്ന അത്മാഭിമാനവും അത്മീയമായ വിശുദ്ധിയും ഇഴപാകിനില്ക്കുന്ന ഒരു നാട്. ഇവിടെ പിറന്ന സാധാരണക്കാരനില്‍ സാധാരണക്കാരനായ ഒരാള്‍ ഭാരതരാജ്യത്തിന്റെ ‘ചെങ്കോലും കിരീടവും’ അണിയുന്നതിലൂടെ പുതുചരിത്രം കുറിക്കുകയാണ് ഗുജറാത്തിലെ ഏറ്റവും പഴയ ആധുനിക നഗരം എന്ന വിശേഷണം പേറുന്ന വടനഗര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: