പത്തനംതിട്ട: ആറന്മുളയിലേത് ഐതിഹാസിക സമരമാണെന്ന് കവയിത്രി സുഗതകുമാരി. ഇതുപോലൊരു പ്രതിഷേധം കേരളം കണ്ടിട്ടില്ല. ആരാണ് ഗുണഭോക്താവ് എന്നറിഞ്ഞുവേണം പദ്ധതികള്‍ തയ്യാറാക്കേണ്ടത്. അത് ജനങ്ങള്ക്കുവേണ്ടിയുള്ളതല്ലെങ്കില് പദ്ധതി ഉപേക്ഷിക്കണമെന്ന് മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് അവര്‍ പറഞ്ഞു.
ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ നൂറാംദിവസം നടന്ന സത്യഗ്രഹത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സുഗതകുമാരി.
ആറന്മുള വിമാനത്താവള പദ്ധതിക്ക് പിന്നില്‍ അന്താരാഷ്ട്ര കുത്തകകളാണെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. ആരേയും വിലയ്ക്കെടുക്കാന്‍ ശേഷിയുള്ള വന്‍കിടക്കാര്‍ക്കെതിരേ കരുതിയിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നൂറാംദിവസം നടന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോര്‍ജ്ജ്.
ചരിത്ര പ്രസിദ്ധമായ പാര്‍ത്ഥസാരഥി ക്ഷേത്രത്തിനെ ദോഷകരമായി ബാധിക്കുന്ന പദ്ധതിയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ മുമ്പുതന്നെ പുറത്തുവന്നിരുന്നു. കൊടിമരത്തിന്റെ ഉയരം കുറച്ച് അതിന്റെ മുകളില്‍ ലൈറ്റ് സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതെങ്ങനെ നീതീകരിക്കാനാവുമെന്ന് അദ്ദേഹം ചോദിച്ചു. വിമാനത്താവളമല്ല ശബരി റെയില്‍ പദ്ധതിയാണ് വേണ്ടത്. പി.സി.ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.
നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപിന്തുണ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ അവഗണിക്കാവുന്ന കാര്യമല്ല. മൂന്നര ലക്ഷത്തോളം മുസ്ലിംങ്ങള്‍ താമസിക്കുന്ന മണ്ഡലത്തില്‍ നിന്നുമാണ് അഞ്ച് ലക്ഷത്തിലേറെ വോട്ടുകള്‍ നരേന്ദ്ര മോദി നേടിയത്. ജനാധിപത്യ പ്രക്രിയയില്‍ അംഗീകരിക്കപ്പെടേണ്ട കാര്യമാണിത്. ഇന്ത്യന്‍ പാര്‍ലമെന്റിലൂടെ കടന്നുപോയ മഹാരഥന്മാരെ നമസ്ക്കരിച്ചുകൊണ്ട് മന്ദിരത്തിലേക്ക് കടന്ന നരേന്ദ്രമോദി ആറന്മുളയിലെ സാധാരണക്കാരുടെ വികാരങ്ങളെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പി.സി. ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
വിമാനത്താവള വിരുദ്ധ സമരത്തിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് മൂന്നു സ്ഥലങ്ങളില്‍ നിന്നായി എത്തിയ ആയിരക്കണക്കിന് സമരഭടന്മാര് സമരപ്പന്തലില്‍ സംഗമിച്ചു. പ്രതീകാത്മകമായി 100 പന്തങ്ങള്‍ കത്തിച്ച് പ്രകൃതി സംരക്ഷണ പ്രതിജ്ഞ പുതുക്കി.
സത്യഗ്രഹത്തില്‍ ഇ.എസ്. ബിജിമോള്‍ എംഎല്‍എ. മുഖ്യപ്രഭാഷണം നടത്തി. സിപിഐ(എം) ജില്ലാ സെക്രട്ടറി കെ. അനന്തഗോപന്‍, സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. പത്മകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി പി. പ്രസാദ്, ആര്‍എസ്എസ് സംസ്ഥാന സഹ സേവാപ്രമുഖ് കെ. കൃഷ്ണന്‍കുട്ടി, കെപിസിസി എക്സിക്യൂട്ടീവ് അംഗം മാലേത്ത് സരളാദേവി, ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണ മേനോന്, പ്രമുഖ ചിത്രകാരന് ആര്. പാര്‍ത്ഥസാരഥി വര്‍മ്മ, സിപിഐ ജില്ലാ അസി. സെക്രട്ടറി എം.വി. വിദ്യാധരന്, എന്‍എസ്എസ് മല്ലപ്പള്ളി താലൂക്ക് യൂണിയന് കമ്മിറ്റി അംഗം പി.വി. പ്രസാദ്, പ്രകൃതി സംരക്ഷണ സൗഹൃദവേദി കണ്‍വീനര്‍ പ്രദീപ് അയിരൂര്‍, സിപിഐ(എംഎല്.) റെഡ് ഫ്ലാഗ് സംസ്ഥാന കമ്മിറ്റി അംഗം കെ.ഐ. ജോസഫ്, ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ടി.ആര്. അജിത് കുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഹരിദാസ്, പി.ആര്. ഷാജി, പി. ഇന്ദുചൂഡന്, പി.പി. ചന്ദ്രശേഖരന് നായര്‍, ആറന്മുള വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: