കേള്‍വി അല്പം കുറവുണ്ടെങ്കിലും ഒട്ടും അടങ്ങാത്ത സമരവീര്യമാണ് പൊടിയന്റെയുള്ളില്. വയസ്സ് 95 കഴിഞ്ഞു. വാര്‍ദ്ധക്യ സഹജമായ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഏറെയുണ്ട്. എങ്കിലും സമരവീര്യത്തിന് ഒട്ടും കുറവില്ല. സമരപന്തലില്‍നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ഇടശ്ശേരിമലയിലാണ് വീട്. പക്ഷേ സമരപ്പന്തലിലേക്കുള്ള ദൂരമോ ശരീരത്തിന്റെ ക്ഷീണമോ ഒന്നും സമരപ്പന്തലിലെത്താന്‍ പൊടിയന് തടസ്സമാകുന്നില്ല.
ആറന്മുള വിമാനത്താവള വിരുദ്ധ സത്യഗ്രഹം ഇന്ന് നൂറ് ദിവസം പിന്നിടുകയാണ്. കഴിഞ്ഞ 99 ദിവസവും മുറതെറ്റാതെ സമരപ്പന്തലിലെത്തിയ ആളുകളില്‍ ഒരാളാണ് പൊടിയന്. രാവിലെ ആരംഭിക്കുന്ന സമരത്തിന്റെ ഉദ്ഘാടനവും മറ്റ് നേതാക്കന്മാരുടെ പ്രസംഗങ്ങളുമൊക്കെ കഴിഞ്ഞാല്‍ പിന്നെ പൊടിയന്റെ ഊഴമാണ്. വേനല്‍ചൂടില്‍ തളര്‍ന്നിരിക്കുന്ന സമരയോദ്ധാക്കള്‍ക്ക് പിന്നെ ആവേശം പകരുന്നത് പൊടിയനാണ്. രാമായണ കഥയിലെ സാരാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നല്ല നാടന്‍ പാട്ടുകള്‍. കോല് താളത്തിനൊത്ത് നാദങ്ങള്കൂടി ലയിക്കുമ്പോള്‍ സമരപ്പന്തലിലുള്ളവരുടെ ക്ഷീണമെല്ലാം പമ്പ കടക്കും.
ഇടശ്ശേരിമല വലക്കടവില്‍ വീട്ടില്‍ പൊടിയന് ജനിച്ചതും വളര്‍ന്നതുമെല്ലാം ആറന്മുളയുടെ ഭാഗമായ ഇടശ്ശേരിമലയിലാണ്. 15 വയസ്സില്‍ ആരംഭിച്ച കൃഷിപ്പണിയെ ആശ്രയിച്ചാണ് ജീവിതം നയിച്ചുവരുന്നത്. നാലു മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും എല്ലാം കൃഷിയില്‍നിന്ന് കിട്ടിയ വരുമാനംകൊണ്ട് മാത്രമാണ്. ആറന്മുള തെക്കില്ലത്തെ കൃഷി നടത്തിപ്പുകാരനായിരുന്ന പൊടിയന് വിമാനത്താവളം എന്നുകേട്ടാല്‍ രോഷമിരമ്പും. ജീവന് അല്പമെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ വിമാനത്താവളം ഇവിടെ വരാന്‍ അനുവദിക്കില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നും സമരാഗ്നിയാണ് ജ്വലിക്കുന്നത്.
“കുത്തകമുതലാളിമാരെ സഹായിക്കുവാന്‍ പ്രകൃതിയേയും പൈതൃകത്തേയും നശിപ്പിച്ചതിന്റെ ഫലമായി ആറന്മുളയിലെ ആവാസവ്യവസ്ഥ തന്നെ തകര്‍ന്നിരിക്കുകയാണ്. പണ്ടൊക്കെ ഈ വീടിന്റെ തിണ്ണയില്‍ ഇറങ്ങി ഇരുന്നാല്‍ നല്ല കുളിര്‍കാറ്റ് കിട്ടുമായിരുന്നു. ഇന്ന് കാറ്റിലൂടെ വരുന്നത് തീയാണ്,” പൊടിയന് പറയുന്നു. ആകെയുള്ള തുണ്ടുഭൂമി വിമാനത്താവളത്തിന് നല്കി നാടുവിട്ടുപോവേണ്ട അവസ്ഥയെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിയില്ലെന്ന് പൊടിയന് പറയുന്നു.
എം. ആര്. അനില്‍ കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: