ബാങ്കോക്ക്: പുറത്താക്കിയ പ്രധാനമന്ത്രി യിങ് ലുക്ക് ഷിനവത്രയെ പിന്തുണയ്ക്കുന്നവരും തായ് രാജപക്ഷക്കാരും തമ്മില്‍ ആറുമാസമായി തുടരുന്ന പോരാട്ടം മൂലം രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായ തായ്ലന്ഡില് പട്ടാളനിയമം ഏര്‍പ്പെടുത്തി. പ്രധാന വീഥികളിലെല്ലാം സൈനികര്‍ മാര്‍ച്ച് നടത്തി. അധികാരം പിടിച്ചെടുത്ത സൈന്യം ടിവി, റേഡിയോ ചാനലുകളുടെ നിയന്ത്രണം ഏറ്റെടുത്തു. കാവല്‍ പ്രധാനമന്ത്രി രാജിവയ്ക്കാന്‍ വിസമ്മതിച്ചതോടെയാണ് ഭരണം പിടിച്ചെടുത്തതായി പുലര്‍ച്ചെ മൂന്നുമണിക്ക് രാജ്യത്തെ പ്രമുഖ ടിവി ചാനലുകളിലൂടെ സൈന്യം പ്രഖ്യാപിച്ചത്. അധികാര അട്ടിമറിയല്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും സാധാരണ ജീവിതം നയിക്കാനും സൈന്യം ടെവിലിഷനിലൂടെ അറിയിച്ചു.
1932ന് ശേഷം 11 തവണ പട്ടാളം തായ്ലന്ഡില് അധികാരം പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തേത് അട്ടമിറിയില്ല, സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വേണ്ടിയുള്ള നടപടിയാണെന്ന് നേനാ മേധാവി ജനറല്‍ പ്രയുത് ചാന് ഒഛ അറിയിച്ചു. രാജിവയ്ക്കാനുള്ള സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭകരുടെ സമ്മര്‍ദം തായ്ലന്ഡ് ആക്ടിംഗ് പ്രധാനമന്ത്രി നിവാതംറോന്ഗ് ബൂണ്സോങ്പെസന് തള്ളിയിരുന്നു. ഇതാണ് സൈന്യം ഇടപെടാന്‍ കാരണം.
പ്രശ്നപരിഹാരം ലക്ഷ്യമിട്ട് ബൂണ്സോങ്പെസന് സെനറ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അധികാര ദുര്‍വിനിയോഗക്കേസില്‍ കോടതിവിധിയെത്തുടര്‍ന്നു പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന യിംഗ്ലക് ഷിനവത്രയ്ക്കു പകരമാണു ബൂണ്സോങ്പെസന്റെ നിയമനം. കോടതി പുറത്താക്കിയ പ്രധാനമന്ത്രി യിങ് ലുക്ക് ഷിനവത്രയെ പിന്തുണയ്ക്കുന്ന ചുവന്ന കുപ്പായക്കാര്‍ ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് സര്‍ക്കാര്‍ അനുകൂലികള്‍ ബാങ്കോക്കില്‍ പ്രതിഷേധം തുടരുകയാണ്. സര്‍ക്കാര്‍ രാജിവച്ച് ഭരണം സ്വതന്ത്രസമിതിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ആറുമാസമായി തായ് രാജപക്ഷക്കാരായ പ്രതിപക്ഷം പ്രക്ഷോഭം തുടരുന്നതിനിടെയാണ് അധികാരദുര്വിനിയോഗക്കേസിലും അഴിമതിക്കേസിലും ഭരണഘടനാ കോടതി പ്രധാനമന്ത്രി ഷിനവത്രയേയും ഒന്‍പത് മന്ത്രിമാരേയും പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: