തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും. ഇന്ന് സംസ്ഥാനസെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാനകമ്മറ്റിയും യോഗം ചേരും. പ്രതീക്ഷിച്ച വിജയം തിരഞ്ഞെടുപ്പിലുണ്ടാകാത്തതിന്റെ കാരണത്തിന്റെ അന്വേഷണമാണ് യോഗങ്ങളില്‍ നടക്കുക. തെരഞ്ഞെടുപ്പ് പരാജയത്തിലും വന്‍തോതിലുള്ള വോട്ട് ചോര്‍ച്ചയിലും പകച്ചു നില്‍ക്കുകയാണ് പാര്‍ട്ടി. ന്യൂനപക്ഷ ധ്രുവീകരണമാണ് കോണ്‍ഗ്രസിനെ സഹായിച്ചതെന് വിലയിരുത്തലുണ്ടെങ്കിലും കൊല്ലത്ത് എം.എ.ബേബിയുടെ തോല്‍വി സിപിഎമ്മിനെ വലിയതോതില്‍ വിഷമിപ്പിക്കുന്നുണ്ട്. ഇന്നു മുതല്‍ തുടങ്ങുന്ന യോഗങ്ങളില്‍ ജില്ലാ ഘടകങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാകും ചര്‍ച്ചകള്‍ നടക്കുക. ചര്‍ച്ചകളില്‍ നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നേക്കും.
ചന്ദ്രശേഖരന് വധം പാര്‍ട്ടിയെ ബാധിച്ചില്ലെന്ന് ആണയിടുന്ന നേതാക്കള്‍ വടകരയില്‍ ഷംസീറിന്റെയും കോഴിക്കോട് വിജയരാഘവന്റെയും തോല്‍വിക്ക് മറ്റുകാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വടകരയില്‍ ജയിക്കുമെന്ന് കരുതിയെങ്കിലും പരാജയം ഏറ്റുവാങ്ങി.
കൊല്ലത്ത് പിബി അംഗം എം.എ.ബേബി മത്സരിച്ചിട്ടും ആര്‍എസ്പിയോട് ദയനീയമായി തോറ്റത് വലിയ തിരിച്ചടിയായി. അഞ്ച് സ്വതന്ത്രരെ അണിനിരത്തി നടത്തിയ പരീക്ഷണത്തിന്റെ ജയപരാജയങ്ങളും സംസ്ഥാനകമ്മറ്റി വിലയിരുത്തും. ഇന്നസെന്റിന്റെയും ജോയ്സ് ജോര്‍ജിന്റെയും വിജയം സ്വതന്ത്ര പരീക്ഷണത്തിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെടും. എന്നാല്‍, എറണാകുളത്തെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരെ ഉയര്‍ന്ന വിമര്‍ശത്തിന് എന്ത് മറുപടി നല്‍കുമെന്നതാണ് നേതൃത്വത്തെ അലട്ടുന്നത്. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് പാര്‍ട്ടിക്ക് വലിയ ക്ഷീണം സംഭവിച്ചത്. കൊല്ലത്തെ തോല്‍വിയും വലിയ തിരിച്ചടിയാണ്. കണ്ണൂരില്‍ ജയിച്ചെങ്കിലും പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാത്തതും കാസര്‍കോട് വലിയതോതില്‍ ഭൂരിപക്ഷം കുറഞ്ഞതിന്റെയും കാരണം കണ്ടെത്തേണ്ടതുണ്ട്.
സോളാര്‍ കേസ്, കസ്തൂരി രംഗന്, വിലക്കയറ്റം, കേന്ദ്രസര്‍ക്കാരിനെതിരായ വികാരം തുടങ്ങി അനുകൂല ഘടകങ്ങള്‍ പലതുണ്ടായിട്ടും വിജയിക്കാന്‍ കഴിയാതിരുന്നത് ന്യൂനപക്ഷങ്ങള്‍ യുഡിഎഫിനെ തുണച്ചെന്ന വിലയിരുത്തലാണ് സംസ്ഥാനനേതൃത്വത്തിന്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാനുള്ള കര്‍മ്മപദ്ധതി സംസ്ഥാനകമ്മറ്റി തയ്യാറാക്കും. നേതൃമാറ്റം എന്ന ചര്‍ച്ച ജനറല്‍സെക്രട്ടറി പ്രകാശ്കാരാട്ട് തന്നെ തുടങ്ങിവെച്ച സാഹചര്യത്തില്‍ ഈ തലത്തിലുള്ള ആലോചനകളും യോഗത്തില്‍ നടക്കാനിടയുണ്ട്. ഏഴ്, എട്ട് തിയതികളില്‍ ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിന് ശേഷമാകും നിര്‍ണ്ണായക തീരുമാനങ്ങളുണ്ടാകുക.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: