തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന് 12 ലോക്സഭാ സീറ്റ് ലഭിക്കാന്‍ സഹായകമായത് മതതീവ്രവാദ ശക്തികളുടെ വോട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. രാജ്യമാകെ കോണ്‍ഗ്രസ് വിരുദ്ധ വികാരം അലയടിക്കുകയും അതിനനുസരിച്ച് വോട്ട് ചെയ്യുകയും ചെയ്തപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകളുടെ സമാഹരണം സാധ്യമായില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മത തീവ്രവാദ സംഘടനകളുടെ പിന്തുണ ആര്‍ജ്ജിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. തിരുവനന്തപുരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനും വോട്ട് നേടലിലും അത് പ്രതിഫലിച്ചു. തിരുവനന്തപുരത്ത് എസ്ഡിപിഐക്കുണ്ടായിരുന്ന വോട്ട് ശശിതരൂരിനാണ് ലഭിച്ചത്. ഇത് നരേന്ദ്രമോദി വിരുദ്ധ വോട്ടുകളാണ്. കാസര്‍കോട്ട് മതതീവ്രവാദ ശക്തികള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സഹായിച്ചു. അദ്ദേഹത്തിന്റെ പൂര്‍വ്വകാല ബന്ധങ്ങളും അതിനു സഹായകരമായി. പാസ്റ്റര്‍മാരുടെ യോഗം വിളിച്ച് ശശിതരൂര്‍ വോട്ട് അഭ്യര്‍ത്ഥിച്ചതിന്റെ തെളിവുകള്‍ തെരഞ്ഞെടുപ്പിനു മുന്നേ പുറത്തു വന്നതാണ്.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താണുണ്ടായത്. ജനങ്ങള്‍ വികസനവും സദ്ഭരണവുമാണ് ആഗ്രഹിക്കുന്നത്. നരേന്ദ്രമോദിയുടെ വികസന പദ്ധതികള്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കാനുള്ള അംഗീകാരമാണ് ജനങ്ങള്‍ അദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്. എന്നാല്‍ മോദിയെ പിന്തുണക്കാന്‍ കേരളത്തില്‍ നിന്ന് ഒരു അംഗത്തെ ലോക്സഭയിലേക്ക് അയക്കാന്‍ കഴിയാത്തത് പ്രയാസമുണ്ടാക്കുന്നതാണ്. കേരളത്തില്‍ വിജയിച്ചില്ലെങ്കിലും ബിജെപി ശക്തമായ പ്രവര്‍ത്തനമാണ് നടത്തിയത്. വോട്ട് വിഹിതം 6.4 ശതമാനത്തില്‍ നിന്ന് 10.8 ശതമാനമായി വര്‍ദ്ധിച്ചു. ബിജെപി വോട്ടില്‍ 70 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്.
കേരളത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ട് സമാഹരിക്കാന്‍ സിപിഎമ്മിനാകില്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. ജനങ്ങള്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും വ്യത്യസ്തമായി കാണുന്നില്ല. കോണ്‍ഗ്രസിനോടു ചേര്‍ന്നു നില്ക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ജനത്തിനറിയാം. അതിനാല്‍ തന്നെ രാജ്യവ്യാപകമായി ഉണ്ടായ ജനാഭിപ്രായം പ്രകടിപ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവസരമുണ്ടായില്ല. കേരളത്തില്‍ യഥാര്‍ത്ഥ കോണ്‍ഗ്രസ് വിരുദ്ധ പാര്ട്ടിയുണ്ടായില്ല. സിപിഎം ആസ്ഥാനത്തേക്ക് വന്നതുമില്ല. ആറിടത്തുമാത്രമാണ് സിപിഎമ്മിന്റെ വിജയം ഒതുങ്ങിയത്. ചാലക്കുടിയിലെയും ഇടുക്കിയിലെയും വിജയം അവരുടേതാണെന്ന് പറയാന്‍ കഴിയില്ല. കോണ്‍ഗ്രസ് വിരുദ്ധ വികാരം മുതലാക്കാന്‍ സിപിഎമ്മിനായില്ല. യഥാര്‍ത്ഥ കോണ്‍ഗ്രസ് വിരുദ്ധ പാര്‍ട്ടിയാകാന്‍ കേരളത്തില്‍ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് വി.മുരളീധരന് പറഞ്ഞു.
കേരളത്തിലെ സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് രാജഗോപാലെന്ന് മുരളീധരന് പറഞ്ഞു. ബിജെപിയുടെ വോട്ടിനൊപ്പം അദ്ദേഹത്തിനു വ്യക്തിപരമായ വേട്ടുകളും ലഭിച്ചിട്ടുണ്ട്. മോദിയുടെ വികസന രാഷ്ട്രീയത്തിനും വോട്ടു ലഭിച്ചു. കേരളത്തില്‍ നടപ്പിലാക്കേണ്ട വികസനത്തെ കുറിച്ച് നരേന്ദ്രമോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കേരള വികസനക്കാര്യത്തില്‍ കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഒരു മത്സരത്തിന് തയ്യാറാണെന്ന് മോദി തന്നെ പറഞ്ഞിട്ടുണ്ട്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കേരളത്തില്‍ വ്യാപകമായി ബിജെപി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വി.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: