ന്യൂദല്‍ഹി: 67-ാമത് കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നടന് കമല്‍ ഹാസന് നയിക്കും. ഫിക്കി മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റ് കമ്മറ്റിയുടെ ചെയര്‍മാന്‍കൂടിയായ കമല്‍ തന്നെയായിരിക്കും മേളയിലെ ഇന്ത്യന്‍ പവലിയന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുക.
വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പവലിയന് ഒരുക്കുന്നത്. മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇതാദ്യമായാണ് മേളയില്‍ ഇന്ത്യന്‍ പവലിയന് ഒരുക്കുന്നത്. ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ അരുണ്‍സിംഗ്, വാര്‍ത്താവിതരണ മന്ത്രാലയ സെക്രട്ടറി ബിമല്ജുല്ക്ക, മാര്‍ക്കെ ഡു ഫിലിം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെറോം പില്ലാര്‍ഡ്, നടനും നിര്‍മ്മാതാവുമായ ഉദയ് ചോപ്ര എന്നിവരും ഇന്ത്യന്സംഘത്തിനൊപ്പമുണ്ടായിരിക്കും. വിവിധ ഭാഷകളിലും, സംസ്ക്കാരത്തിലുമുള്ള ഇന്ത്യന്‍ സിനിമകള്‍ പവലിയനില്‍ പ്രദര്‍ശിപ്പിക്കും.
ദക്ഷിണേന്ത്യന്‍ സിനിമ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നും ഇതാദ്യമായാണ് കാന്‍ ചലച്ചിത്രോത്സവത്തില്‍ ഇത്തരത്തില്‍ ഒരു നടന് ആദരിക്കപ്പെടുന്നത്. ഇന്ത്യന്‍ സംഘത്തിനൊപ്പം പോകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതിലൂടെ ഇന്ത്യന്‍ സിനിമാ വ്യവസായത്തെക്കുറിച്ച് ലോകസിനിമയോട് തനിക്ക് സംസാരിക്കാനാകുമെന്നും കമല്ഹാസന് പറഞ്ഞു. ഈ മാസം 25 മുതലാണ് കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: