ആറന്മുള : ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളെ തന്നെയാണ് ആറന്മുളയില് ചര്‍ച്ച ചെയ്യുന്നതെന്നും, വ്യത്യസ്ത കാഴ്ചപ്പാടുള്ളവരുടെ വലിയ ഒരു സംഗമ വേദിതന്നെയാണ് ആറന്മുളയിലെ സമരപന്തലെന്നും ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് പി.എന്‍. ഈശ്വരന് അഭിപ്രായപ്പെട്ടു. വിമാനത്താവള വിരുദ്ധ സമരത്തിന്റെ എണ്‍പത്തിഎട്ടാം ദിവസം സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുളയിലെ സമരത്തിന്റെ സാമൂഹിക പ്രസക്തികൊണ്ടു മാത്രമാണ് ജനപങ്കാളിത്തം കൂടി വരുന്നത്. ഇത്തരം ഇച്ഛാശക്തിയുള്ള സമരങ്ങളാണ് കേരളത്തിനു വേണ്ടത്.
കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു സമരം തന്നെയാണ് ആറന്മുളയിലേത്. പ്രകൃതിയെയും പരിസ്ഥിതിയെയും പൈതൃകത്തെയും വിശ്വാസത്തെയും എല്ലാം സംരക്ഷിക്കാനുള്ള വലിയ ചര്‍ച്ചാവേദി തന്നെയാണ് ആറന്മുളയെന്നും പി.എന്‍. ഈശ്വരന് പറഞ്ഞു.
ആറന്മുളയിലെ സമരം കേരള ജനത നെഞ്ചോടു ചേര്‍ത്ത സമരമാണെന്നും രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ കൂട്ടായ്മ കൊണ്ട് കേരളചരിത്രത്തിലെ ഐതിഹാസിക സമരമായി ആറന്മുളയിലെ സമരം മാറിയെന്നും സത്യാഗ്രഹത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ രാജു ഏബ്രഹാം എംഎല്‍എ അഭിപ്രായപ്പെട്ടു.
സത്യഗ്രഹത്തില്‍ ഹിന്ദു ഐക്യവേദി മല്ലപ്പള്ളി താലൂക്ക് പ്രസിഡന്റ് എ.സി. വ്യാസന് അദ്ധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരന്, പി. പ്രസാദ്, ടെന്‍സിംഗ് ജോസഫ്, പി. ഇന്ദുചൂഢന്, കെ.കെ. ശിവാനന്ദന്, കെ.ഐ. ജോസഫ്, അമ്പോറ്റി കോഴഞ്ചേരി, എം.എന്‍. ഹരി എന്നിവര്‍ സംസാരിച്ചു.
സത്യഗ്രഹത്തിന്റെ എണ്പത്തിഒന്പതാം ദിവസമായ ഇന്ന് സമദൃഷ്ടി ക്ഷമതാ മണ്ഡല് പ്രവര്‍ത്തകര്‍ പങ്കെടുക്കും. പത്തനംതിട്ട ബാര്‍ അസ്സോസിയേഷന് സെക്രട്ടറി അഡ്വ. എസ്. മന്‍സൂര്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: