കോട്ടയം: പെരിയാര്‍ കടുവാ സംരക്ഷണ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശബരിമല ക്ഷേത്രവികസനത്തിന് തടസ്സം നില്ക്കുന്ന വനനിയമങ്ങള്‍ പിടിആറി(പെരിയാര്‍ ടൈഗര്‍ റിസര്‍വ്)ല്തന്നെയുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബാധകമാകുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പെരിയാര്‍ കടുവാ സംരക്ഷണ വനപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ രണ്ടിടങ്ങളിലും വനനിയമത്തിന് രണ്ടു നീതിയാണെന്നും ഭക്തര്‍ പറയുന്നു.
മണ്ഡല മകരവിളക്ക് ഉത്സവക്കാലത്ത് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ ഭക്തര്‍ക്ക് വിരി വയ്ക്കാനും വിശ്രമിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി തുച്ഛമായ വനഭൂമി വിട്ടു നല്‍കുന്നതിന് വനനിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് അധികൃതര്‍ പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തെത്താന്‍ പാതയൊരുക്കുന്നതുപോലും വന്യമൃഗങ്ങളുടെ സ്വൈര്യ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുമെന്നാരോപിച്ച് തടസ്സവാദങ്ങള്‍ ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നു. പെരിയാര്‍ കടുവാ സംരക്ഷണ വന നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ പോലും ശബരിമല വികസനത്തിന് വനഭൂമി ലഭിക്കുന്നതിനെതിരെ വനവകുപ്പും സര്‍ക്കാരും വാദിക്കുന്നത്. അതേസമയം മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുമ്പോഴുണ്ടാകുന്ന വനനശീകരണമോ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയുടെ നാശമോ പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. കേരളാ വനം ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയാക്കി നിലനിര്‍ത്തിയാല്‍ 12 ചതുരശ്ര കിലോമീറ്റര്‍ വനം കൂടി വെള്ളത്തിനടിയിലാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പെരിയാര്‍ കടുവാ സംരക്ഷണ വനമേഖലയില്‍പ്പെടുന്ന ഇത്രയും സ്ഥലം നശിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനോ വനം വകുപ്പിനോ ആശങ്കകളില്ല. സുപ്രീംകോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പെരിയാര്‍ കടുവാ സംരക്ഷിത മേഖല. ഈ വനപ്രദേശത്തിന്റെ നശീകരണം സുപ്രീംകോടതി അനുവദിക്കാറുമില്ല. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടി ആകുന്നതോടെ തേക്കടിയിലെ പുല്‍മേടുകള്‍ വെള്ളത്തിനടിയിലായി നശിക്കും. മാന്‍, കാട്ടുപോത്ത്, ആന അടക്കമുള്ള മൃഗങ്ങള്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്നത് ഈ പുല്‍മേടുകളെയാണ്. ഇവ വെള്ളത്തിനടിയിലാകുന്നതോടെ ഈ മൃഗങ്ങള്‍ക്കും നാശം സംഭവിക്കാം. അതുപോലെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136അടിയില്‍ നിന്നും ഉയര്‍ത്തിയാല്‍ അപൂര്‍വ്വ സസ്യജാലങ്ങളുടെ വംശനാശം ഉണ്ടാകുമെന്നും സൂചനയുണ്ട്. ഒരു നൂറ്റാണ്ടിനുമുമ്പ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയ അപൂര്‍വ്വങ്ങളായ സസ്യജാലങ്ങള്‍ വീണ്ടും തേക്കടി വനപ്രദേശത്ത് മുളച്ചുവന്നിട്ടുണ്ടെന്നും ജലനിരപ്പുയര്‍ന്നാല്‍ ഇവ വീണ്ടും നശിച്ചുപോകുമെന്നുമാണ് പഠനങ്ങളില്‍ തെളിയുന്നത്.
പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തില്‍ തന്നെയുള്ള മംഗളാദേവി ക്ഷേത്രമടക്കമുള്ള നിരവധി ക്ഷേത്രങ്ങള്‍ അനുദിനം സംരക്ഷണമില്ലാതെ തകര്‍ന്നടിയുകയാണ്. ഈ ക്ഷേത്രങ്ങളെ നവീകരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത് വന നിയമങ്ങളാണ്. ചുരുക്കത്തില്‍ വനനിയമങ്ങള്‍ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനു മാത്രം തടസ്സം നില്‍ക്കുന്നതിലാണ് ഭക്തരുടെ ആശങ്ക.
പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ പെടുന്ന വനപ്രദേശത്തിന്റെ നശീകരണ വ്യാപ്തി നീതിപീഠത്തെ ബോദ്ധ്യപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടെന്നാണ് സൂചന. മുല്ലപ്പെരിയാര്‍ അണക്കെട്ടു സംബന്ധിച്ച് കേസ്സില്‍ വനം വകുപ്പിന്റെ ഇടപെടലുകളുണ്ടായിട്ടില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: