ദുബായ്: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു മുന്നില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 125 റണ്‍സ് വിജയ ലക്ഷ്യംവച്ചു. ആദ്യം ബാറ്റ് ചെയ്ത ചലഞ്ചേഴ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തു. സീസണില്‍ ആദ്യമായി ക്രീസിലെത്തിയ ക്രിസ് ഗെയ്‌ലിന്റെ (7 പന്തില്‍ 20) തകര്‍പ്പന്‍ അടികളോടെയാണ് ബംഗളൂരുവിന്റെ ബാറ്റിംഗ് തുടങ്ങിയത്. രണ്ടു ഫോറും അത്ര തന്നെ സിക്സറുകളും പറത്തിയ ഗെയ്‌ലിനെ സന്ദീപ് ശര്‍മ്മ ബൗള്‍ഡാക്കി. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (4) സന്ദീപിനെ വണങ്ങി. ഓപ്പണര്‍ പാര്‍ഥിവ് പട്ടേലും (2) തിളങ്ങിയില്ല. യോഗേഷ് തകാവാലെയും (0) അവസരം മുതലാക്കുന്നതില്‍ പരാജയപ്പെട്ടു.
യുവരാജ് സിങ്ങും (35) എബി ഡിവില്ലിയേഴ്സും (17) ആല്‍ബി മോര്‍ക്കലും (15) വരുണ്‍ ആരോണും (11 നോട്ടൗട്ട്) നടത്തിയ ചെറിയ ചെറുത്തുനില്‍പ്പുകള്‍ ബാംഗ്ലൂരിനെ നൂറിനപ്പുറമൊരു സ്കോറിലെത്തിക്കുകയായിരുന്നു. പഞ്ചാബിനുവേണ്ടി സന്ദീപ് മൂന്നും മിച്ചല്‍ ജോണ്‍സന്‍, ഋഷി ധവാന്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
















