പറവൂര്‍: പെരുവാരം മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ പുതിയതായി സ്ഥാപിച്ച ഗേറ്റ് പൊളിച്ചുനീക്കുവാനുള്ള നഗരസഭയുടെ ശ്രമം ദേവസ്വംബോര്‍ഡും ക്ഷേത്ര ഉപദേശകസമിതിയും ഭക്തജനങ്ങളും തടഞ്ഞു. നഗരസഭയുടെ സ്ഥലത്താണ് ഗേറ്റ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആരോപിച്ചാണ് നഗരസഭ അധികൃതര്‍ പൊളിക്കാന്‍ നീക്കം നടത്തിയത്.
എന്നാല്‍ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത് ദേവസ്വം ഭൂമിയിലാണെന്ന് ഭക്തജനങ്ങളും ക്ഷേത്ര ഉപദേശകസമിതിയും ചൂണ്ടിക്കാട്ടി. ഗേറ്റ് പൊളിക്കണമെന്നാവശ്യപ്പെട്ട് സ്ഥലത്തെത്തിയ നഗരസഭ അധികൃതരെ ഭക്തജനങ്ങള്‍ തടഞ്ഞത് ഇന്നലെ നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പോലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ദേവസ്വം അധികൃതര്‍ രേഖകള്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് ഗേറ്റ് തല്ക്കാലം പൊളിക്കേണ്ടതില്ലെന്ന് ചര്‍ച്ചയില്‍ തീരുമാനമാവുകയും ചെയ്തു. ഹിന്ദുഐക്യവേദി, ബിജെപി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: