മുണ്ടക്കയം: കാട്ടില്‍ നിന്നും നാട്ടിലിറങ്ങിയ പുലി ജനങ്ങളെ ഭീതിയിലാഴ്ത്തി. ശബരിമല വനാതിര്‍ത്തി പങ്കിടുന്ന 504 കോളനി മാങ്ങാപേട്ടയിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി പുലിയിറങ്ങിയത്. മാങ്ങാപ്പേട്ട പടംപുരയ്ക്കല് രാജപ്പന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാവിലെ ഏഴുമണിയോടെ പുലിയെ കണ്ടത്. വളര്‍ത്തുനായയുടെ നിര്‍ത്താതെയുള്ള കുരകേട്ട് വാതില്‍ തുറന്ന രാജപ്പന്റെ മകന് ജിനേഷാണ് മുറ്റത്ത് നില്ക്കുന്ന പുലിയെ ആദ്യം കണ്ടത്. ജിനേഷ് ഭയന്ന് നിലവിളിച്ചപ്പോള്‍ പുലി തൊട്ടടുത്ത റബ്ബര്‍തോട്ടത്തിനു സമീപമുള്ള പൊന്തക്കാട്ടിലേക്ക് ഓടിമറഞ്ഞു.
പുലിക്ക് ആറടി നീളവും മൂന്നടിയോളം പൊക്കവുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പുലി കടന്നുപോയ സ്ഥലങ്ങളില്‍ കാല്‍പ്പാദത്തിന്റെ അടയാളമുണ്ട്. വനാതിര്‍ത്തിയിലെ അരുവിയും പിന്നിട്ട് പുല്‍മേട്ടിലൂടെ പുലി കടന്നുപോയതിന്റെ അടയാളം കണ്ടെത്തിയതിനാല്‍ ഭീതി വേണ്ടെന്ന് വനം അധികൃതര്‍ പറയുന്നു.
ആറുമാസം മുമ്പ് ഈ മേഖലകളില്‍ നിന്നും കന്നുകാലികളെ കാണാതായ സംഭവം ഉണ്ടായിട്ടുണ്ട്. പുലി വനത്തിലേക്ക് കയറിയെങ്കിലും ജനങ്ങളുടെ ആശങ്കയ്ക്ക് അയവുവന്നിട്ടില്ല. വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി റേഞ്ചര്‍ ആര്. ജയചന്ദ്രന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.എസ്. സന്ധ്യാമോള്‍, കെ.പി. രാജേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: