കല്‍പ്പറ്റ : വയനാട് ലോക്സഭാമണ്ഡലത്തില്‍ പുതുപ്പാടി പഞ്ചായത്തിലെ മലപ്പുറം 24ാം നമ്പര്‍ ബൂത്തില്‍ ഏപ്രില്‍ 23ന് റീ പോളിംഗ്. മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന് മൊകേരിയുടെ ചീഫ് ഇലക്ഷന് ഏജന്റായ സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയുടെ അപ്പീലില്‍ സംസ്ഥാന വരണാധികാരി നളിനി നെറ്റോയാണ് റീ പോളിംഗിനു ഉത്തരവായത്.
വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 10ന് മലപ്പുറം ബൂത്തില്‍ ഉപയോഗിച്ച വോട്ടിംഗ് മെഷീന് തകരാറുള്ളതായിരുന്നുവെന്ന് ആരോപിച്ചും റീ പോളിംഗ് ആവശ്യപ്പെട്ടും നല്കിയ പരാതി മണ്ഡലം വരണാധികാരിയും വയനാട് ജില്ലാ കലക്ടറുമായ വി.കേശവേന്ദ്രകുമാര്‍ തള്ളിയ സാഹചര്യത്തിലായിരുന്നു വിജയന് ചെറുകരയുടെ അപ്പീല്‍. വോട്ടിംഗ് മെഷീനു തകരാര്‍ ഉണ്ടായിരുന്നില്ലെന്ന് പോളിംഗ് ഓഫീസര്‍ അടക്കം ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലം വരണാധികാരി പരാതി തള്ളിയത്.
സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരേയുള്ള ബട്ടണില്‍ വിരലമര്‍ത്തിയിട്ടും വോട്ട് രേഖപ്പെടുത്തിയെന്ന് അറിയിക്കുന്ന ‘ബീപ്’ ശബ്ദം കേട്ടില്ലെന്ന എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് മലപുറം ബൂത്തില്‍ 10ന് വൈകീട്ട് നാലിന് പോളിംഗ് നിര്‍ത്തിവെച്ചിരുന്നു. രാത്രി ഏഴിന് പോളിംഗ് പുനഃരാരംഭിച്ചപ്പോള്‍ ക്യൂവില്‍ ഉണ്ടായിരുന്ന 98 പേര്‍ക്ക് ടോക്കണ്‍ നല്‍കിയെങ്കിലും 12 പേര് മാത്രമാണ് വോട്ട് ചെയ്തത്. പ്രതികൂല കാലാവസ്ഥ ഉള്‍പ്പെടെ കാരണങ്ങളാല്‍ മറ്റുള്ളവര്‍ വോട്ടുചെയ്യാതെ മടങ്ങി. ഈ പശ്ചാത്തലത്തിലാണ് വിജയന് ചെറുകര മണ്ഡലം വരണാധികാരിക്ക് പരാതി നല്‍കിയത്. 1225 പേര്‍ക്കാണ് മലപ്പുറം ബൂത്ത് പരിധിയില്‍ വോട്ടവകാശം. ഇതില്‍ 811 പേരാണ് 10ന് വോട്ട് ചെയ്തത്.
രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയുള്ള റീ പോളിംഗ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായിരിക്കുമെന്ന് വരണാധികാരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: