തിരുവനന്തപുരം: ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹിയില്‍ നിന്നും കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികളെത്തി. ദല്‍ഹി സെന്‍ട്രല്‍ സൂവില്‍ നിന്നുമാണ് മൃഗങ്ങളെ എത്തിച്ചത്. കേഴമാന്, നീലക്കാള, വര്‍ണ്ണക്കൊക്ക്, കൃഷ്ണ മൃഗം, കാട്ടു കോഴി, ഐ ബിസ് എന്നിവയാണ് പുതിയ അതിഥികള്‍. ഇവയെ എത്തിക്കാനായി മൃഗശാല സൂപ്രണ്ടും ജീവനക്കാരുമടങ്ങുന്ന സംഘം ഈ മാസം 2ന് ദല്‍ഹിക്കു പോയിരുന്നു. ഒരു മൃഗശാലയില്‍ നിന്നും മറ്റൊരു മൃഗശാലയിലേക്ക് മൃഗങ്ങളെ മാറ്റുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞ 11നാണ് റോഡുമാര്‍ഗം യത്രതുടങ്ങിയത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ എത്തിയസംഘം മൃഗങ്ങളെ വിശ്രമിക്കാനായി വാഹനത്തില്‍ തന്നെ നിര്‍ത്തി. ഇന്നു രാവിലെ എട്ടുമണിയോടെ പുതുതായി നിര്‍മ്മിച്ച കൂടുകളില്‍ ഇവയെ വിടും. ഏഴുദിവസത്തെ റോഡുമാര്‍ഗമുള്ള യാത്രയില്‍ മൃഗങ്ങള്‍ തീരെ അവശരാണെന്നു അധികൃതര്‍ പറഞ്ഞു.
ദല്‍ഹി, ഹരിയാന, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, മാഹി വഴി കേരളത്തിലേക്കെത്തിയ സംഘം ഓരോ സംസ്ഥാനത്തും വാഹനങ്ങള്‍ നിര്‍ത്തി മൃഗങ്ങള്‍ക്കു പ്രത്യേക പരിശോധനയും ഭക്ഷണവും നല്‍കിയാണ് യാത്ര തുടര്‍ന്നത്. മൃഗശാലയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും മൃഗങ്ങളെ ഒരുമിച്ചു കൊണ്ടു വരുന്നത്. ദല്‍ഹിയില്‍ നിന്നും ലഭിച്ച മൃഗങ്ങള്‍ക്കു പകരമായി തൃശൂര്‍ മൃഗശാലയില്‍ നിന്നും നാടന്‍ കുരങ്ങ്, മാന്‍ വര്‍ഗത്തിലുള്ള മൃഗങ്ങള്‍ എന്നിവയെ കൊടുത്തിരുന്നു. ഏഴുദിവസം കൊണ്ട് 2958 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് തിരുവനന്തപുരത്തെത്തിയ മൃഗങ്ങള്‍ക്ക് സ്ഥലം പരിചയപ്പെടാന്‍ ദിവസങ്ങളെടുക്കും. ദീര്‍ഘമായ യാത്രയും പിന്നെ കൂടുമാറ്റവും ഏതൊക്കെ മൃഗങ്ങള്‍ക്കു യോജിക്കാനാവുമെന്നു പറയാന്‍ കഴിയില്ലെന്നു മൃഗശാലാ സൂപ്രണ്ട് സദാശിവന്പിള്ളി ജന്മഭൂമിയോടു പറഞ്ഞു.
ദല്‍ഹിയില്‍ നിന്നും വെള്ളക്കടുവയെയും നല്‍കാമെന്നു കരാറുണ്ട്. ഇതിനെ രണ്ടാംഘട്ടമായി കൊണ്ടു വരും. വെള്ളക്കടുവയ്ക്കു പകരം തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ജാഗ്വറിനെ നല്‍കണമെന്നും കരാറുണ്ട്. ഇതിനെ ഫ്ലൈറ്റില്‍ എത്തിക്കാമെന്നും സെന്‍ട്രല്‍ സൂ അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഓരോ സെറ്റു മൃഗങ്ങളാണ് ലഭിച്ചിരിക്കുന്നത്. മൃഗങ്ങളെ എത്തിക്കാന്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ തീരുമാനമെടുത്തിരുന്നു. മൃഗങ്ങളെ കൈമാറ്റം ചെയ്യുന്നതിനുള്ള പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം വന്നു. കൂടാതെ കാലാവസ്ഥയില്‍ മാറ്റം ഉണ്ടായതും, ഉദ്യോഗസ്ഥര്‍ക്കിടയിലെ ഭിന്നിപ്പും മറ്റു കാരണങ്ങളായപ്പോള്‍ മൃഗശാലയിലേക്കുള്ള ഇവയുടെ വരവ് അനിശ്ചിതമായ നീണ്ടു. 2007ല്‍ മൃഗശാലയിലുണ്ടായ കുളമ്പുരോഗത്തെ തുടര്‍ന്ന് നീലക്കാളയും, കേഴമാനും എല്ലാം ചത്തൊടുങ്ങിയിരുന്നു. കുറേ മൃഗങ്ങളെ(കാട്ടുപന്നി അടക്കം)ദയാവധത്തിനു വിധേയമാക്കുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശങ്ങളൊന്നും കേള്‍ക്കാതെ അന്നത്തെ ഡോക്ടറും ഉദ്യോഗസ്ഥരും നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കുളമ്പുരോഗം പടരാന്‍ കാരണമായത്. അതേ സാഹചര്യമാണ് വീണ്ടും മൃഗശാലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ദല്‍ഹിയില്‍ നിന്നും മൃഗങ്ങളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് മൃഗശാലയില്‍ ഉദ്യേഗസ്ഥര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മൃഗശാലഡോക്ടര് അനാക്കോണ്ടയെ കൊണ്ടുവരുന്നതിന്റെ പിന്നാലെ പോയതോടെ ദല്‍ഹിയില്‍ നിന്നും എത്തിക്കേണ്ട മൃഗങ്ങള്‍ക്കു പ്രാധാന്യം നഷ്ടപ്പെട്ടു. ഏതു മൃഗശാലയില്‍ നിന്നും മൃഗങ്ങളെ കൊണ്ടു വരണമെങ്കിലും മൃഗശാലാഡോക്ടര് അവയുടെ കൂടെയുണ്ടാകണമെന്നാണ് നിയമം. ഈ നിയമം തെറ്റിച്ചു കൊണ്ടാണ് മൃഗശാലാഡോക്ടര് തിരുവനന്തപുരത്തു നിന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അനാക്കോണ്ടയെ എത്തിക്കുന്നതു വഴി ലഭിക്കുന്ന പബ്ലിസിറ്റി മാത്രമാണ് ഡോക്ടറുടെ ലക്ഷ്യമെന്നും ആക്ഷേപമുണ്ട്. ശീലങ്കയില്‍ നിന്നെത്തിച്ച അനാക്കോണ്ടയെ അവിടെവച്ചും എയര്പോര്ട്ടില്വച്ചും വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. കൂടാതെ ഫ്ലൈറ്റിലും പിന്നെ റോഡുമാര്‍ഗം എസി വാഹനത്തിലുമാണ് ഇവയെ കൊണ്ടു വന്നതും. എന്നാല്‍ ദല്‍ഹിയില്‍ നിന്നെത്തിക്കുന്ന മൃഗങ്ങളെ കൊണ്ടുവരാന്‍ രണ്ടു തുറന്ന ലോറികള്‍ മാത്രമാണ് പോയത്. ദിവസങ്ങളെടുക്കുന്ന യാത്രയില്‍ ഇവയ്ക്ക് അസുഖം പിടിപെട്ടാല്‍ ഡോക്ടറില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. തിരുവനന്തപുരത്തെ ഡോക്ടര്‍ പോകാത്തതിനെ തുടര്‍ന്ന് തൃശൂര്‍ മൃഗശാലയിലെ ഡോക്ടറാണ് ദല്‍ഹിക്കു പോയത്.
എ.എസ്.ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: