തിരുവനന്തപുരം: പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകളില്‍ നിന്ന് ഇത്തവണ അടിയൊഴുക്ക് ഉണ്ടായിട്ടുണ്ടെന്ന് സിപിഎം സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. തിരുവനന്തപുരത്താണ് പാര്‍ട്ടിവോട്ടില്‍ കൂടുതല്‍ ചോര്‍ച്ച ഉണ്ടായിട്ടുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ പാളിച്ചയാണ് ഇതിനു കാരണം. വോട്ട് പോയിട്ടുണ്ടെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തുന്നുണ്ടെങ്കിലും ആ വോട്ട് ആര്‍ക്ക് അനുകൂലമെന്ന് പറയുന്നില്ല. എന്നാല്‍ സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ കണ്ടെത്തല്‍. വോട്ടില്‍ അടിയൊഴുക്കുണ്ടായിട്ടുണ്ടെങ്കിലും തിരുവനന്തപുരത്ത് ചെറിയ ഭൂരിപക്ഷത്തില്‍ ബെന്നറ്റ് ഏബ്രഹാം വിജയിക്കുമെന്ന വിചിത്രമായ കണ്ടെത്തലും സിപിഎം പറയുന്നു.
കൊല്ലത്ത് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ വിജയത്തില്‍ ഉറപ്പില്ലെന്ന നിലപാടാണ് സെക്രട്ടറിയേറ്റ് യോഗത്തിന്റെത്. കൊല്ലത്തെ പാര്‍ട്ടി വോട്ടില്‍ അടിയൊഴുക്കുണ്ടായെന്ന് സിപിഎം പരസ്യമായി സമ്മതിക്കുന്നില്ല. ബിജെപി വോട്ടുകള്‍ പ്രേമചന്ദ്രന് അനുകൂലമായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പ്രാദേശിക തലത്തിലുള്ള വോട്ടു കൈമാറ്റമാണ് ഇവിടെ നടന്നിട്ടുള്ളത്.
കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും സംസ്ഥാനത്ത 14 സീറ്റ് സിപിഎമ്മിനു കിട്ടുമെന്നും ഇന്നലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. 12 സീറ്റ് ഉറപ്പാണെന്നും പറയുന്നു. സമീപദിവസങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കൊലപാതകങ്ങളും അക്രമങ്ങളും സംസ്ഥാനത്താകെ ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കൊല്ലം ഏഴുകോണിലെ ഡിവൈഎഫ്ഐ നേതാവ് ശ്രീരാജിനെ വിഷു ദിനത്തില്‍ അച്ഛന്റെ മുന്നിലിട്ടാണ് തല്ലിക്കൊന്നത്. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പ്രമുഖ പ്ലാന്ററുമായ ജോസഫ് ജെ. ഞാവള്ളി എന്ന ഔസേപ്പച്ചനെ വീട്ടുമുറ്റത്ത് ഭാര്യയുടെയും മക്കളുടെയും കണ്മുന്നില്വച്ച് കുത്തിക്കൊന്നു. ജോസഫിന് കുത്തേല്‍ക്കുന്നതു കണ്ട് തടസ്സം പിടിച്ച ഭാര്യക്കും രണ്ട് മക്കള്‍ക്കും വീട്ടിലെ ജോലിക്കാരനും കുത്തേറ്റു. ആറ്റിങ്ങലില്‍ അമ്മൂമ്മയായ ഓമനയേയും കൊച്ചുമകള്‍ സ്വസ്തികയേയും പട്ടാപ്പകലാണ് വീട്ടില്‍ കയറി ആക്രമിച്ച് കൊന്നത്. കൊച്ചിയില്‍ മാലപൊട്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് വീട്ടമ്മയായ സിന്ധുവിനെ എട്ടു വയസ്സുള്ള മകളുടെ മുന്നിലിട്ട് കുത്തിക്കൊന്നത്. രണ്ടു ദിവസത്തിനിടയില്‍ ഞെട്ടിപ്പിക്കുന്ന അഞ്ച് കൊലപാതകങ്ങള്‍ നടത്തിയതും പകല്‍സമയത്ത് വീട്ടില്‍ കയറിയിട്ടാണ് എന്നത് സ്വന്തം വീട്ടില്‍ പോലും ജനങ്ങള്‍ സുരക്ഷിതരല്ല എന്ന സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ ക്രമസമാധാന നില ആകെ തകര്‍ന്നിരിക്കുകയാണെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: