ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപോരാട്ടം സജീവമാക്കാന്‍ വിജയം അനിവാര്യമായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ 33-ാം മത്സരത്തില്‍ സമനില കൊണ്ട് തൃപ്തിപ്പെട്ടു. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള സണ്ടര്ലാന്റാണ് എത്തിഹാദ് സ്റ്റേഡിയത്തില്‍ സിറ്റിയെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി.
സ്വന്തം മൈതാനത്ത് നടന്ന പോരാട്ടത്തിന്റെ രണ്ടാം മിനിറ്റില്‍ ഫെര്ണാണ്ഡീഞ്ഞോയിലൂടെ സിറ്റി മുന്നിലെത്തി. തുടര്‍ന്നും സിറ്റി താരങ്ങള്‍ തുടര്‍ച്ചയായി എതിര് ഗോള്‍മുഖം റെയ്ഡ് ചെയ്തെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിയാതിരുന്നതോടെ ആദ്യപകുതി 1-0ന് സമാപിച്ചു. രണ്ടാം പകുതിയിലും സിറ്റിയുടെ ആധിപത്യമായിരുന്നെങ്കിലും സണ്ടര്‍ലാന്റ് വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. ഒടുവില്‍ പത്ത് മിനിറ്റിനിടെ രണ്ട് തവണ സിറ്റി വല അവര്‍ കുലുക്കി. 73, 83 മിനിറ്റുകളില്‍ കോണര്‍ വിക്കാം ആണ് സിറ്റിയെ ഞെട്ടിച്ച് സണ്ടര്‍ലാന്റിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 88-ാം മിനിറ്റില്‍ സമിര്‍ നസൃ ലക്ഷ്യം കണ്ടതോടെ സിറ്റി പരാജയത്തില്‍ നിന്ന് രക്ഷപ്പെട്ടു.
മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എവര്‍ട്ടനെ കീഴടക്കി. എവര്ട്ടന് വിജയിച്ചിരുന്നെങ്കില്‍ ആഴ്സണലിനെ പിന്തള്ളി അവര്‍ക്ക് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താമായിരുന്നു. പരാജയമേറ്റതോടെ അതിനുള്ള അവസരവും അവര്‍ക്ക് നഷ്ടമായി.
ലീഗില്‍ നാല് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ലിവര്‍പൂളും ചെല്‍സിയും തമ്മി കീരിടത്തിനായി ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ലിവര്‍പൂളിന് 77 പോയിന്റുള്ളപ്പോള്‍ ചെല്‍സിക്ക് 75 പോയിന്റുണ്ട്. 33 മത്സരങ്ങളില്‍ നിന്ന് 71 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: