ഗുല്‍ബര്‍ഗ: വഴിമാറി ഓടിയ ഓഖ-എറണാകുളം എക്സ്പ്രസ് കര്‍ണാടത്തിലെ ഗുല്‍ബര്‍ഗയില്‍ എത്തി. ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിന്‍ ചൊവ്വാഴ്ച ഗുല്‍ബര്‍ഗയില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ അന്തംവിട്ടു. പൂനെയില്‍ നിന്ന് തെറ്റായ ട്രാക്കിലൂടെ തിരിച്ചുവിട്ടതാണ് കാരണം.
തിങ്കളാഴ്ച രാത്രി പത്തരവരെ ട്രെയിന്‍ ശരിയായ പാതയിലായിരുന്നു. രത്നഗിരിയിലുണ്ടായ ഗുഡ്സ് അപകടത്തെത്തുടര്‍ന്ന് ട്രെയിന്‍ വഴിതിരിച്ചുവിടുകയാണെന്ന് പന്വാലെ സ്റ്റേഷനില്‍ വച്ച് അറിയിച്ചിരുന്നു. പൂനെ വഴി ഗോവയിലെ വാദ്ഗാമിലും അവിടെ നിന്ന് ശരിയായ പാതയിലും എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പൂനെയില്‍ നിന്ന് സോളാപ്പൂര്‍, ഗുല്‍ബര്‍ഗ പാതയിലാണ് ട്രെയിന്‍ തിരിച്ചുവിട്ടത്. ചൊവ്വാഴ്ച രാവിലെ ആറു മണിക്ക് ട്രെയിന്‍ സോളാപ്പൂരില്‍ എത്തി. പതിനൊന്നരയ്ക്ക് ഗുല്‍ബര്‍ഗയിലും.
ഉഡുപ്പിയടക്കം കര്‍ണ്ണാടകത്തിലെ പലയിടങ്ങളിലും ഇറങ്ങേണ്ട യാത്രക്കാര്‍ ഗുല്‍ബര്‍ഗയില്‍ ഇറങ്ങി ബസില്‍ നാട്ടിലേക്ക് തിരിച്ചു. എന്നാല്‍ മലയാളികള്‍ ട്രെയിനില്‍ അക്ഷരാര്‍ഥത്തില്‍ നരകിച്ചു. പ്രാഥമിക കൃത്യത്തിനുള്ള വെള്ളം പോലും ഇല്ല. ട്രെയിന്‍ പലയിടങ്ങളിലും സ്റ്റേഷനു പുറത്താണ് നിറുത്തിയത്. അതിനാല്‍ വെള്ളം നിറച്ചിട്ടില്ല, ഒരു കുപ്പി കുടിവെള്ളം പോലും വാങ്ങാന്‍ കഴിഞ്ഞിട്ടുമില്ല. ഉഡുപ്പി സ്വദേശിയും സൂററ്റില്‍ എന്‍ജിനീയറുമായ നാഗരാജ് പറഞ്ഞു.
ഗുല്‍ബര്‍ഗ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ട്രെയിന്‍ പിടിച്ചിട്ടത്. കുറേക്കഴിഞ്ഞ് സ്റ്റേഷനില്‍ എത്തിച്ചു. യാത്രക്കാര്‍ക്ക് ടിക്കറ്റ് കാശ് മടക്കി നല്‍കുമെന്ന് സ്റ്റേഷന് മാസ്റ്റര്‍ അറിയിച്ചു. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് പണം ബാങ്ക് അക്കൗണ്ടില്‍ എത്തും. ട്രെയിന്‍ പിന്നീട് രണ്ടരയോടെ പൂനെയ്ക്ക് മടക്കി അയച്ചു. അവിടെ നിന്ന് വാദ്ഗാം വഴി കേരളത്തിലേക്ക് മടക്കി വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: