തിരുവനന്തപുരം; ഒരിക്കല്‍ കമ്പ്യൂട്ടറിനെതിരെ ശക്തമായി പ്രതിരോധം തീര്‍ത്ത സിപിഎം ഇപ്പോള്‍ പാര്‍ട്ടി പരിപാടികള്‍ ഇ മെയിലിലൂടെയും ഫെയ്സ് ബുക്കിലൂടെയും നടപ്പാക്കാന്‍ ഒരുങ്ങുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനും കമ്പ്യൂട്ടറിനെ ആശ്രയിച്ചിരുന്നു.
ലോക്കല്‍ കമ്മിറ്റികളും ഏര്യാ കമ്മിറ്റികളും ഇനി പാര്‍ട്ടി കാര്യങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കണമെന്നാണ് സര്‍ക്കുലര്‍. ലോക്കല്‍ കമ്മിറ്റികളില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.ഏര്യാ കമ്മിറ്റികളില്‍ കര്‍ശനമായും കമ്പ്യൂട്ടര്‍ ഉണ്ടാകണം. മേല്‍ക്കമ്മിറ്റികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഇനി മെയില്‍ വഴിയാകും അറിയിക്കുക.
പാര്‍ട്ടിക്കമ്മിറ്റികളില്‍ എഴുതി തയ്യാറാക്കുന്ന മിനിറ്റ്സുകള്‍ ഇനി കമ്പ്യൂട്ടറില്‍ വേഡ് ഫയലിലോ, പേജ്മേക്കര്‍ ഫയലിലോ, പിഡിഎഫിലോ ആയിരിക്കും തയ്യാറാക്കുക. കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പാര്‍ട്ടിയിലെ ന്യൂജനറേഷന് പ്രവര്‍ത്തകര്‍ക്കു മാത്രമേ അറിയൂ. എന്നാല്‍ മറ്റു മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കായി കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരെ സഹായത്തിനു വെയ്ക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഫെയ്സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും മെയിലുകളിലൂടെയും വോട്ടുചോദിച്ചിരുന്നു. കോളനികളിലും തെരുവോരങ്ങളിലും ഫാക്ടറികളിലും കൃഷിയിടങ്ങളിലും പണിയെടുക്കുന്നവരെ കാണാന്‍ നേരിട്ടു ചെല്ലുന്നതിനേക്കാള്‍ എത്രയോ സമയ ലാഭമാണ് ഇന്റര്‍നെറ്റു വഴി വോട്ടു ചോദിക്കുന്നത്. തൊഴിലാളികളുടെ വോട്ടുകള്‍ പരമ്പരാഗത വോട്ടുകളാണ്. അവരെ കണ്ടില്ലെങ്കിലും വോട്ടു കുറയില്ല. എന്നാല്‍, ന്യൂ ജനറേഷന് വോട്ടുകള്‍ ലഭിക്കണമെങ്കില്‍ അവരോടു നേരിട്ടു ചോദിച്ചിട്ടു കാര്യമില്ല. പകരം അവര്‍ കൂടുതലായി ഉപയോഗിക്കുന്ന ഇന്റര്‍നെറ്റില്‍ എത്തുകയെന്നതേയുള്ളൂ മാര്‍ഗം. ഇതു മനസ്സിലാക്കിയ ന്യൂജനറേഷന് സഖാക്കളാണ് കമ്പ്യൂട്ടറുകള്‍ പാര്‍ട്ടി ഓഫീസുകളില്‍ നിശ്ചയമായും വേണമെന്നു പറഞ്ഞിരിക്കുന്നത്. യുവജനപ്രസ്ഥാനങ്ങളും, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഇതിനു പിന്നാലെ പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതു മുതല്‍ വിജയ ശതമാനം കണക്കാക്കുന്നതു വരെ കമ്പ്യൂട്ടറും, മൊബെയിലും വഴിയായിക്കഴിഞ്ഞു.
ഗ്രൂപ്പുകള്‍ സജീവമാക്കാനും രഹസ്യം പുറത്തു പോകാതെ പറയാനും മെസ്സേജുകള്‍ കൊണ്ട് സാധിക്കുമെന്നും തിരിച്ചറിഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബൂത്തുതലത്തില്‍ വോട്ടര്‍മാരുടെ പേരു ചേര്‍ത്തത് ഇന്റര്‍നെറ്റു വഴിയാണ്. ഐ പാഡും, ഐ ഫോണും ഇല്ലാത്ത പാര്‍ട്ടി സഖാക്കള്‍ കുറവായ ഈ കാലഘട്ടത്തില്‍ കാലത്തിനൊത്ത് ഉയരാനാണ് പുതിയ തീരുമാനം . പാര്‍ട്ടിക്കാര്‍ക്ക് പരിപ്പുവടയും കട്ടന്‍ചായയും ബീഡിയും മാത്രം പോരയെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.ജില്ലാകമ്മിറ്റികളും സംസ്ഥാന കമ്മിറ്റിയും നേരത്തേ തന്നെ കമ്പ്യൂട്ടര്‍ വത്ക്കരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍, കീഴ്ഘടകങ്ങള്‍ ഇപ്പോഴാണ് കമ്പ്യൂട്ടര്‍ വത്ക്കരിക്കുന്നത്. മിനിറ്റ്സുകള്‍ കമ്പ്യൂട്ടര്‍ ഫയലിലേക്കാക്കുമ്പോള് ഏതു പാര്‍ട്ടിപ്രവര്‍ത്തകനും അതു തുറന്നു കാണാന്‍ കഴിയുമെന്ന് കരുതരുത്. ഓരോ ഘടകത്തിനും അവരുടേതായ പാസ്വേഡ് കാണും.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: