കല്‍പ്പറ്റ : വയനാട് വന്യജീവി സങ്കേതത്തിലെ ജനവാസകേന്ദ്രങ്ങള്‍ ഒഴിപ്പിച്ചെടുക്കുന്നതിനു തയാറാക്കിയ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ നിര്‍വഹണത്തിനു ആവശ്യമായ പണം ജൂണ്‍ ഒന്നിനു മുന്‍പ് അനുവദിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിര്‍ദേശം നല്കി. വയനാട് വന്യജീവി കേന്ദ്രം കര്‍ഷക ക്ഷേമസമിതിക്കുവേണ്ടി പ്രസിഡന്റ് കുറിച്യാട് രാഘവന്, അംഗങ്ങളായ കെ.രാഘവന്, വിശ്വനാഥന്, സജീവന്, കാളപ്പന്‍ ചെട്ടി, കരിയന്‍, തോമസ് വെള്ളക്കോട് എന്നിവര്‍ സംയുക്തമായി നല്കിയ ഹരജിയിലാണ് ജസ്റ്റിസ് എ.എം.ഷഫീഖിന്റെ ഉത്തരവ്. കേരള വനം ഗവേഷണ കേന്ദ്രം തയാറാക്കിയതും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചതുമായ പദ്ധതിയുടെ നിര്‍വഹണത്തിനു ആവശ്യമായതില്‍ ബാക്കി തുക രണ്ട് മാസത്തിനകം അനുവദിക്കണമെന്നാണ് ഉത്തരവിലുള്ളത്.
1973ല്‍ രൂപവത്കരിച്ച വയനാട് വന്യജീവി സങ്കേതത്തില്‍ 110 ഗ്രാമങ്ങളുണ്ട്. ജനവാസ കേന്ദ്രങ്ങള്‍ നിലനിര്‍ത്തിയായിരുന്നു വന്യജീവി സങ്കേത പ്രഖ്യാപനം. കാടും നാടും ഒന്നിച്ചുകിടക്കുന്ന വന്യജീവി സങ്കേതത്തില്‍ മനുഷ്യ-മൃഗ സംഘര്‍ഷം തുടര്‍ക്കഥയായപ്പോഴാണ് ഗ്രാമങ്ങളില്‍ ഉള്ളവരെ പുനരധിവസിപ്പിക്കുക എന്ന ആശയം ഉരുത്തിരിഞ്ഞത്. ഇതേത്തുടര്‍ന്ന് 1996ല്‍ അന്നത്തെ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്ന ഒ.പി.കലേര്‍ പുനരധിവാസ പദ്ധതി തയാറാക്കി സമര്‍പ്പിച്ചെങ്കിലും കേന്ദ്ര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചില്ല. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ നിര്‍ദേശാനുസരണം 2010ല്‍ കേരളം വനം ഗവേഷണ കേന്ദ്രം(കെ.എഫ്.ആര്.എ) തയാറാക്കിയ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിക്കാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാട്ടിയത്.
ഒരു വീട്ടിലെ പ്രായപൂര്‍ത്തിയായ ആണ്മക്കളേയും അംഗവൈകല്യം ബാധിച്ചവരേയും വിധവകളേയും ഓരോ യോഗ്യതാകുടുംബമായി കണക്കാക്കുന്നതാണ് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി. 10 ലക്ഷം രൂപയാണ് ഓരോ യോഗ്യതാ കുടുംബത്തിനുമുളള നഷ്ടപരിഹാരം. ഹൈക്കോടതി പച്ചക്കൊടി കാട്ടിയതോടെ ഏറെ പ്രതീക്ഷയിലാണ് വയനാട് വന്യജീവി സങ്കേതത്തിലെ വനാന്തരനിവാസികള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: