തിരുവനന്തപുരം: കേരളത്തിലെ കാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടന സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് സ്വാശ്രയ സ്വകാര്യ മാനേജ്മെന്റുകളുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഡോ.ബി.ആര്.അരുണ്‍ പറഞ്ഞു. ചില കാമ്പസുകളില്‍ മറഞ്ഞിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ എല്ലാ കാമ്പസുകളിലും സംഘടനാ പ്രവര്‍ത്തനം നിരോധിക്കുന്നത് ഭരണഘടനാ വിരുദ്ധവും ഇവിടെ വളര്‍ന്നു വരുന്ന രാഷ്ട്രബോധമുള്ള യുവതലമുറയോടുള്ള അനീതിയുമാണ്. 18 വയസ്സു തികഞ്ഞ ഏതൊരു വ്യക്തിക്കും തന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഭരണഘടന നല്കുന്ന അവകാശത്തിലുള്ള കടന്ന് കയറ്റമാണ് രക്ഷകര്‍ത്താക്കളുടെ കൈയില്‍ നിന്ന് കുട്ടികള്‍ സംഘടന പ്രവര്‍ത്തനത്തില്‍ ഇടപെടില്ല എന്ന് ബോണ്ടെഴുതി വാങ്ങാനുള്ള നീക്കമെന്ന് അരുണ്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ബന്ദും ഹര്‍ത്താലും നിരോധിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ തങ്ങളുടെ നയങ്ങളില്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. കാമ്പസുകളില്‍ ഭൂരിപക്ഷം സമരങ്ങളുടെയും അവധികളുടെയും പിന്നില്‍ രാഷ്ട്രീയ സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലുകളും അദ്ധ്യാപക സംഘടനകളുടെ പണിമുടക്കുകളുമാണ്. വസ്തുത ഇതാണെന്നിരിക്കെ രാഷ്ട്രീയ അതിപ്രസരമുള്ള അദ്ധ്യാപക സംഘടനകളെ ക്യാമ്പസില്‍ അനുവദിക്കുകയും രാഷ്ട്രീയത്തിന് അതീതമായി നില്ക്കുന്ന വിദ്യാര്‍ത്ഥി സംഘടനകളെ നിരോധിക്കുവാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. അനാവശ്യ പഠിപ്പു മുടക്കിനെയും കാമ്പസിലെ അക്രമ രാഷ്ട്രീയത്തെയും എക്കാലത്തും തള്ളിപ്പറഞ്ഞ നിലപാടാണ് എബിവിപിയുടേത്. സര്‍ക്കാരിന്റെ നയവൈകല്യങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന യുവതലമുറയുടെ വായമൂടിക്കെട്ടുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെമസ്റ്റര്‍ സമ്പ്രദായം സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് വിഭാവനം ചെയ്തത്. എന്നാല്‍ ഒരൊറ്റ യൂണിവേഴ്സിറ്റിയ്ക്കു പോലും കൃത്യസമയത്ത് പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കുവാന്‍ ഇന്നേവരെ സാധിച്ചിട്ടില്ല. യുജിസി മാനദണ്ഡമനുസരിച്ച് പരീക്ഷാകലണ്ടര്‍ നിര്‍ബന്ധമാണെന്നിരിക്കെ അത് പ്രസിദ്ധീകരിക്കുവാന്‍ ഒരു യൂണിവേഴ്സിറ്റിയും തയ്യാറായിട്ടില്ല. യൂണിവേഴ്സിറ്റികളുടെയും സര്‍ക്കാരിന്റെ വീഴ്ച മറച്ചു വയ്ക്കുകയും വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതി വിദ്യാര്‍ത്ഥി സംഘടനകളുടെ തലയില്‍ കെട്ടി വയ്ക്കുവാനുള്ള നീക്കം അപലനീയമാണ്.
സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം കാമ്പസുകളില്‍ മതതീവ്രവാദ സംഘടനകളുടെ വളര്‍ച്ചയ്ക്ക് വഴിവെയ്ക്കും എന്നകാര്യത്തില്‍ ഏതൊരു സംശയവും ഇല്ല. സര്‍ക്കാര്‍ തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് നിയമപരമായി സര്‍ക്കാരിന്റെ തീരുമാനത്തെ നേരിടുമെന്നും കേരളത്തിലെ കാമ്പസുകള്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത അതി ശക്തമായ പ്രക്ഷോപങ്ങള്‍ക്ക് എബിവിപി നേതൃത്വം നല്‍കുകയും ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി ഡോ.ബി.ആര്.അരുണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: