പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആന്റോആന്റണിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പത്തനംതിട്ട ഡിസിയില്‍ വിവാദം രൂക്ഷമാകുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ എഐസിസി അംഗം അഡ്വ. പിലീപ്പോസ് തോമസിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയ കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കെതിരേ ഡിസിസി നടപടി സ്വീകരിച്ചു. എന്നാല്‍ നടപടിക്കു വിധേയരായവര്‍ നേതൃത്വത്തെ ചോദ്യം ചെയ്തതോടെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടി നീങ്ങുകയാണ്.
ഡിസിസി അംഗം വര്‍ഗ്ഗീസ് ഫിലിപ്പ്, മുന്‍ തോട്ടപ്പുഴശ്ശേരി മണ്ഡലം പ്രസിഡന്റ് കെ.എ. എബ്രഹാം എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും ആറുവര്‍ഷത്തേക്ക് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ് അറിയിക്കുകയായിരുന്നു. പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ചിലപ്രമുഖരടക്കം ജില്ലയിലെ പല കോണ്‍ഗ്രസ് നേതാക്കളും അഡ്വ. പിലീപ്പോസ് തോമസിന് വേണ്ടി രംഗത്തുണ്ടായിരുന്നതായി നേതൃത്വത്തിന് വിവരം ലഭിച്ചിരുന്നു.
പക്ഷേ, തെരഞ്ഞെടുക്കപ്പെട്ട ഡിസിസി മെമ്പറായ തന്നെ പുറത്താക്കാന്‍ ഡിസിസി പ്രസിഡന്റിന് അധികാരമില്ലെന്നും പിലീപ്പോസ് തോമസിനെ അനുകൂലിച്ചതിന്റെ പേരില്‍ പുറത്താക്കാനാണെങ്കില്‍ ജില്ലയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പേരില്‍ നടപടിയെടുക്കേണ്ടിവരുമെന്നും വര്‍ഗ്ഗീസ് ഫിലിപ്പ് പ്രതികരിച്ചു.
ആന്റോ ആന്റണിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച മോഹന്‍രാജിന് തന്നെ പുറത്താക്കാന്‍ അവകാശമില്ലെന്നും മെയ് 16ന് വോട്ടെണ്ണുമ്പോള്‍ ഡിസിസി പ്രസിഡന്റ് മോഹന്‍രാജിന്റെയും പല ബ്ലോക്ക് പ്രസിഡന്റുമാരുടെയും ബൂത്തുകളില്‍ യുഡിഎഫിന് ലഭിച്ച വോട്ട് പരിശോധിക്കേണ്ടിവരുമെന്നും വര്‍ഗീസ് ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന്റെ അടുത്ത ദിവസംതന്നെ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആന്റോ ആന്റണിക്കെതിരായി രംഗത്തു വന്നിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം ജില്ലയിലെ കോണ്‍ഗ്രസില്‍ കൂടുതല്‍ പൊട്ടിത്തെറികളുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: