തിരുവനന്തപുരം: സംസ്ഥാനത്തെ തീര പ്രദേശങ്ങളില്‍ ചുഴലിക്കാറ്റു മൂലം ഉണ്ടാകുന്ന വിപത്തുകള്‍ തടയാന്‍ ദുരന്തനിവാരണ വകുപ്പ് സമര്‍പ്പിച്ചിരുന്ന പ്രോജക്ടിന് ലോകബാങ്കിന്റെ അംഗീകാരം. ദേശീയ ചുഴലിക്കാറ്റ് അപകടസാധ്യതാ ലഘൂകരണ പ്രോജക്ട്(നാഷണല്‍ സൈക്ലോണ്‍ റിസ്ക് മിറ്റിഗേഷന്‍ പ്രോജക്ട്) നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രോജക്ട് സമര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് അംഗീകാരം നല്‍കിയത്. ഇന്ത്യയിലെ 12ഓളം സംസ്ഥാനങ്ങള്‍ ഇതേ ആവശ്യവുമായി ലോകബാങ്കിനെ സമീപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ക്കു ഫണ്ടു നല്കി, പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, കേരളം നല്കിയ പ്രോജക്ട് ഇതുവരെയും പരിഗണിച്ചിരുന്നില്ല. രണ്ടാംഘട്ടമെന്ന നിലയ്ക്കാണ് കേരളത്തിനെ ഉള്‍പ്പെടുത്തിയത്.
നാലുവര്‍ഷം മുമ്പു നല്കിയ പ്രോജക്ട് നടപ്പാക്കുന്നതിനുള്ള സാഹചര്യം തീരദേശപ്രദേശങ്ങളിലുണ്ടോയെന്നു വിലയിരുത്താന്‍ ലോകബാങ്കു സംഘം കഴിഞ്ഞമാസം കേരളത്തില്‍ എത്തിയിരുന്നു. പ്രോജക്ടിനായി 200 കോടിയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ സംസ്ഥാന ദുരന്തനിവാരണ വകുപ്പധികൃതരും ലോകബാങ്ക് പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ 2010ല്‍ സമര്‍പ്പിച്ച പ്രോജക്ട് പുതുക്കി നല്കാന് തീരുമാനിച്ചിട്ടുണ്ട്.
നാലുവര്‍ഷം മുമ്പ് പദ്ധതിക്ക് 200 കോടിയാകുമെങ്കില് ഇപ്പോഴത് ഏകദേശം 800 കോടിയിലധികം ആകുമെന്നാണ് വിലയിരുത്തല്‍. പദ്ധതിയുടെ ഡിസൈനിലും മാറ്റം വരുത്തുന്നുണ്ട്. ലോകബാങ്ക് പദ്ധതിയുടെ 75 ശതമാനം ഫണ്ടനുവദിക്കും. കേന്ദ്രം 25 ശതമാനം ചെലവഴിക്കും. നേരത്തെ പദ്ധതിയുടെ നടത്തിപ്പിനായി തീരദേശത്തെ 55 ഓളം സ്ഥലങ്ങള്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ സ്ഥലങ്ങള്ക്കെന്തുപറ്റിയെന്നു പോലും നോക്കിയിട്ടില്ല. ഇതില്‍ സര്‍ക്കാര്‍ സ്ഥലങ്ങള്‍ എത്രയെന്നോ, അതില്‍ കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നോ അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. കണ്ടെത്തിയതില്‍ എത്ര സ്ഥലങ്ങള്‍ സ്വകാര്യ വ്യക്തികളുടേതെന്നും വേര്‍തിരിച്ചിട്ടില്ല. അടുത്തമാസം തന്നെ സ്ഥലം കണ്ടെത്തുന്നതിനു വേണ്ടിയുള്ള കമ്മിറ്റി രൂപീകരിക്കും. കുറഞ്ഞത് 30 സ്ഥലങ്ങളെങ്കിലും കണ്ടെത്തണമെന്നാണ് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് അടിക്കാന്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളെ കണ്ടെത്തി വേണം സ്ഥലങ്ങള്‍ മാര്‍ക്കു ചെയ്യേണ്ടതെന്നും നിര്‍ദേശമുണ്ട്.
രണ്ടാംഘട്ടമെന്ന നിലയില്‍ ഏഴു സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായാണ് ലോകബാങ്ക് ദല്‍ഹിയില്‍ ചര്‍ച്ചകള്‍ നടത്തിയത്. കേരളം, തമിഴ്നാട്, ഗോവ, വെസ്റ്റ്ബംഗാള്, ആന്ധ്രാ പ്രദേശ്, ഒറീസ എന്നിവയാണത്.
എ.എസ്.ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: