ആലപ്പുഴ: കുട്ടനാട് പാക്കേജ് പ്രകാരം കുട്ടനാട്ടിലെ കനാലുകളിലെ പോള നീക്കം ചെയ്യാനുള്ള പദ്ധതിയില്‍ വ്യാപകമായ ക്രമക്കേടുകളുള്ളതായി ആക്ഷേപമുയരുന്നു. പോളനീക്കം ചെയ്യല്‍ പദ്ധതിയുടെ നിര്‍വഹണചുമതല സര്‍ക്കാരിന് കീഴിലുള്ള സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് സൊസൈറ്റി(ഫിര്‍മ)ക്കാണ്. നീക്കം ചെയ്യുന്ന പോള ഉപയോഗിച്ച വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു പദ്ധതിയുടെ ഉദ്ദേശം.
കുട്ടനാട്ടിലെ കായല്‍, കനാല്‍, ഇടത്തോടുകള്‍ തുടങ്ങിയ ജലാശയങ്ങളുടെ രൂപരേഖ തയാറാക്കി പോള നീക്കം ചെയ്യേണ്ട പ്രദേശങ്ങള്‍ കണ്ടെത്തി പോളയുടെ അളവ് ശേഖരിക്കുന്നതിന് തീരദേശവികസന കോര്‍പറേഷനെ ചുമതലപ്പെടുത്തിയിരുന്നു. കോര്പറേഷന് ഏതാണ്ട് 200 കേന്ദ്രങ്ങളില്‍ പ്രാഥമിക പരിശോധന നടത്തി. 138 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കുട്ടനാട്ടിലെ ജലാശയങ്ങളിലെ പോള മുഴുവന്‍ നീക്കം ചെയ്യാനുള്ള പദ്ധതിക്ക് 30 കോടി രൂപയാണ് ആദ്യം നീക്കിവച്ചിരുന്നത്. ജലാശയങ്ങളില്‍ നിന്നും പോള കരയില്‍ കോരിയിട്ടതിനുശേഷം അളക്കുകയാണ് പതിവ്. ഘനമീറ്റര്‍ പോളയ്ക്ക് 455 രൂപ നിരക്കിലായിരുന്നു ആദ്യം കരാറുകാര്‍ക്ക് നല്‍കിയിരുന്നത്. പിന്നീട് ഇത് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
എസി കനാല്‍ നവീകരിക്കുന്നതിന്റെ ഭാഗമായി പോള നീക്കം ചെയ്യുന്നതില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി നേരത്തെ തന്നെ പരാതികളുയര്‍ന്നിരുന്നു. എസി കനാലിലെ പോള വാരുന്നതിനായി ആദ്യം മണ്ണുമാന്തി യന്ത്രമാണ് ഉപയോഗിച്ചത്. പിന്നീട് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കരാറില്‍ പറഞ്ഞിരിക്കുന്ന വീഡ് ഹാര്‍വസ്റ്റര്‍ യന്ത്രമുപയോഗിച്ച് പോള വാരല്‍ നടത്തി. കനാലിലെ പകുതിയോളം പോള നീക്കം ചെയ്തശേഷം കരാറുകാരന് പദ്ധതി ഉപേക്ഷിച്ചു.
മാസങ്ങള്‍ കഴിയുംമുമ്പ് തന്നെ കനാലില്‍ പൂര്‍ണമായും പോള നിറഞ്ഞ് ഗതാഗത തടസമുണ്ടായിരിക്കുകയാണ്. യന്ത്രം ഉപയോഗിച്ച് പോള വാരി നശിപ്പിക്കുന്നതിനായിരുന്നു കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ കനാലിലെ പോള വാരി എസി റോഡിന്റെ വശങ്ങളില് കൂട്ടിയിടുകയായിരുന്നു. പദ്ധതിപ്രകാരം വാരുന്ന പോള പത്തുകിലോമീറ്റര്‍ അകലെ നിക്ഷേപിച്ച് ചീയുമ്പോള്‍ അളവ് തിട്ടപ്പെടുത്തണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പിന്നീട് ഈ വ്യവസ്ഥ അട്ടിമറിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: