തിരുവനന്തപുരം: സിഎസ്ഐ ദക്ഷിണകേരള മഹായിടവകയ്ക്ക് കീഴിലുള്ള കാരക്കോണം മെഡിക്കല്‍കോളേജിന് പുതിയ മാനേജിംഗ് ഡയറക്ടര്‍. സിഎസ്ഐ സഭാംഗം പോലുമല്ലാത്ത പ്രവാസി വ്യവസായിയും കോടീശ്വരനുമായ ഡോ.ഫ്രാന്‍സിസ് ക്ലീറ്റസിന്റെ സ്ഥാനത്തെ ചൊല്ലിയാണ് സഭയില്‍ വിവാദമുയര്ന്നിട്ടുള്ളത്. നിലവില്‍ കാരക്കോണം മെഡിക്കല്‍കോളേജിന്റെ മാനേജര്‍ ബിഷപ്പ് ധര്മ്മരാജന് റസാലവും സെക്രട്ടറി ഡി.ലോറന്‍സും ഡയറക്ടര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ബെനറ്റ് എബ്രഹാമും ആണ്. മെഡിക്കല്‍കോളേജിന്റെ ബെയിലോയില് ഒരിടത്തും മാനേജിംഗ് ഡയറക്ടര്‍ എന്നൊരു തസ്തികയില്ല. അത്തരമൊരു തസ്തിക സൃഷ്ടിക്കണമെങ്കില്‍ സിഎസ്ഐയുടെ ജനറല്‍ ബോഡി വിളിച്ച് അംഗീകാരം നേടിയാല്‍ മാത്രമേ സാധ്യമാകൂ. നിയമം ഇതായിരിക്കെയാണ് അബുദാബിയിലെ എന്‍ടിഎസ് ഗ്രൂപ്പിന്റെ ചെയര്‍മാനും എംഡിയുമായ ഡോ.ഫ്രാന്‍സിസ് ക്ലീറ്റസ് മെഡിക്കല്‍ കോളേജിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന തസ്തികയില്‍ പ്രവര്‍ത്തിക്കുന്നത്. ദക്ഷിണകേരള മഹായിടവകയുടെ കാര്യനിര്‍വഹണ സമിതിയിലോ മറ്റേതെങ്കിലും കമ്മിറ്റിയിലോ മഹായിടവകയിലെ അംഗമല്ലാത്ത ഒരാളെ എംഡിയായി നാളിതുവരെ നിയമിച്ചിട്ടില്ല. ഇതിനിടെയാണ് ലത്തീന്‍ കത്തോലിക്കാ സമുദായക്കാരനായ ഫ്രാന്‍സിസ് ക്ലീറ്റസ് സ്ഥാപനത്തിന്റെ എംഡി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ രാജ്യങ്ങളിലായി പതിനാറോളം ബിസിനസ്സ്സ്ഥാപനങ്ങളുള്ള ഫ്രാന്‍സിസ് ക്ലീറ്റസ് വെബ്സൈറ്റായ ൗമല.ാമഹമ്യമഹശറശൃലര്ൃ്യ. രീാ/റൃളൃമിരശരെഹലല്െ ല്‍ താന്‍ കാരക്കോണം മെഡിക്കല്‍ കോളേജിന്റെ എംഡിയാണെന്ന് വ്യക്തമാക്കുന്നുമുണ്ട്. ഫ്രാന്‍സിസ് ക്ലീറ്റസിന്റെ നിയമനത്തിനുപിന്നില്‍ രഹസ്യധാരണയും സാമ്പത്തിക ഇടപാടും നടന്നിട്ടുണ്ടെന്നാണ് സഭാ വിശ്വാസികള്‍ ആക്ഷേപം ഉന്നയിക്കുന്നത്. ബിഷപ്പും ബെനറ്റ് എബ്രഹാമും അടങ്ങുന്ന കോളേജ് അധികൃതര്‍ ഉയര്‍ന്നുവന്ന വിവാദത്തെക്കുറിച്ച് മൗനംപാലിക്കുന്നത് സഭയ്ക്കകത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: