ആലുവ: വാഴക്കുളത്ത് കരിങ്കല്‍ ക്വാറിയിലേക്ക് ടിപ്പര്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. മാലിന്യം നിക്ഷേപിച്ച് ക്വാറി നികത്തുന്നതിനിടെ പിന്നോട്ട് മറിഞ്ഞാണ് ലോറി വെള്ളത്തില്‍ താഴ്ന്നത്.
ആലുവ വാഴക്കുളം എവിടി കമ്പനിക്ക് സമീപമുള്ള 35 അടി താഴ്ചയുള്ള കരിങ്കല്‍ ക്വാറിയിലേക്കാണ് ലോറി മറിഞ്ഞത്. ക്വാറി നികത്തുന്നതിനായി മാലിന്യങ്ങളുമായി വന്ന നിസാന്‍ ടിപ്പര്‍ പിന്നോട്ടെടുത്തപ്പോള്‍ അഗാധമായ കരിങ്കല്മടയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ലോറി ഓടിച്ചിരുന്ന പട്ടിമറ്റം വലമ്പൂര്‍ സ്വദേശി കൊല്ലംകുടി നാരായണന്റെ മകന് ജയന് എന്ന് വിളിക്കുന്ന ദിനേശനാണ് വെള്ളത്തില്‍ മുങ്ങി തല്‍ക്ഷണം മരിച്ചത്. തൊട്ടടുത്തുള്ള സിമന്റ് ബ്ലോക്ക് നിര്‍മാണശാലയിലെ വനിതാ ജീവനക്കാര്‍ ലോറി വെള്ളത്തില്‍ പതിക്കുന്നത് കണ്ട് ഉച്ചത്തില്‍ കരഞ്ഞതുകേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്. ജെസിബി ഉപയോഗിച്ച് ലോറി അല്പം ഉയര്‍ത്തി ദിനേശനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ആലുവ കാര്‍മ്മല്‍ ആശുപത്രിയില്‍. 42 വയസുള്ള ദിനേശന് വിവാഹിതനാണ്. ഭാര്യ: ഉഷ. രണ്ട് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: