കോഴിക്കോട്: അംഗീകൃത സംഘടനയെ കരുവാക്കി കേന്ദ്രസര്‍ക്കാര്‍ തപാല്‍ മേഖലയിലെ ഗ്രാമീണ ഡാക്ക് സേവകരെ (ജിഡിഎസ്) കബളിപ്പിച്ചു. ജിഡിഎസിനെ സ്ഥിരപ്പെടുത്തുക, ഏഴാം ശമ്പളക്കമ്മീഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഇവരുടെ സേവനവേതന വ്യവസ്ഥകള്‍ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നിലിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ കുതന്ത്രം.
രാജ്യത്തെ രണ്ടര ലക്ഷത്തിലധികം ജിഡിഎസുകളുടെ ആവശ്യം മുന്നോട്ട് വെച്ച അംഗീകൃത സംഘടനയായ ഓള്‍ഇന്ത്യാ പോസ്റ്റല്‍ ഇ.ഡി. എംപ്ലോയീസ് യൂണിയനെ പ്രലോഭിപ്പിച്ച് വരുതിയിലാക്കിയാണ് തന്ത്രം മെനഞ്ഞത്. ജിഡിഎസിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പ്രത്യേകമായി ഏകാംഗ കമ്മീഷനെ നിയോഗിക്കുമെന്ന് അതിനെ യൂണിയന് അംഗീകരിക്കുന്നുവെന്നുമുള്ള കരാര്‍ ഉണ്ടാക്കിയിരിക്കയാണ് സര്‍ക്കാര്‍.
സ്ഥിരം ജീവനക്കാരല്ലാത്തതിനാല്‍ ജി.ഡി.എസിനെ ഏഴാം ശമ്പളക്കമ്മീഷന്റെ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് ബന്ധപ്പെട്ടവര്‍ യൂണിയന് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു. ഏകാംഗകമ്മീഷന് ഉചിതമാണെന്നും പറഞ്ഞ് കരാറില്‍ ഒപ്പിടുവിക്കുകയായിരുന്നുവത്രെ. ഈ കരാര്‍ ഉയര്‍ത്തിക്കാട്ടി ജി.ഡി.എസിന്റെ ആവശ്യത്തെ നിരാകരിക്കാനാണ് ലക്ഷ്യം.
ജീവനക്കാരോട് ആലോചിക്കാതെ യൂണിയനും കേന്ദ്രവും സ്വീകരിച്ച നടപടിയില്‍ പ്രതിഷേധം ശക്തമാകുകയാണ്. യൂണിയന്റെ തൊഴിലാളി പ്രാതിനിധ്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ജിഡിഎസുകള് ഭൂരിപക്ഷവും ഈ സംഘടനയില്‍ നിന്ന് വിട്ടുപോയതായും അതിന്റെ അംഗീകാരം ചോദ്യം ചെയ്യപ്പെടുന്നതാണെന്നും പറയുന്നു.
2006ലെ വെരിഫിക്കേഷന് പ്രകാരമാണ് എഐപിഇഡിഎയുവിന് അംഗീകാരം ലഭിച്ചത്. പിന്നീട് ഇതില്‍നിന്ന് അംഗങ്ങള്‍ പിരിഞ്ഞ് മറ്റ് സംഘടനയിലേക്ക് പോവുകയും പുതിയത് രൂപീകരിക്കുകയും ചെയ്തു. തപാല്‍ വകുപ്പില്‍ സംഘടനകളുടെ തൊഴിലാളി പ്രാതിനിധ്യം നോക്കി അംഗീകാരം നല്‍കുന്നത് അഞ്ച് വര്‍ഷം കൂടുമ്പോഴാണ്.
നിരവധി ദേശീയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചതാണ് തപാല്‍ മേഖലയിലെ ജിഡിഎസ് വിഷയം ബ്രിട്ടീഷുകാരുടെ കാലം മുതല്‍ നിലനില്‍ക്കുന്ന ഈ സംവിധാനത്തിലൂടെ (പഴയ പേര് ഇഡി-എക്സ്ട്രാ ഡിപ്പാര്‍ട്ട്മെന്റ്)ജീവനക്കാരെ ചൂഷണത്തിന് വിധേയരാക്കുകയാണ്.
പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലെ തപാലപ്പീസുകളുടെ നട്ടെല്ലായ ജി.ഡി.എസിന് ന്യായമായ വേതനനമോ ആനുകൂല്യങ്ങളോ നല്‍കുന്നില്ല. സ്ഥിരം ജീവനക്കാരായി പരിഗണിക്കുന്നില്ലെങ്കിലും കൂടുതല്‍ സമയം ജോലി ചെയ്യേണ്ട സ്ഥിതിയാണ്.
ഇഡി സമ്പ്രദായം അടിമത്തത്തിന് തുല്യമാണെന്ന് ഈ വിഷയത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട പല കമ്മീഷനുകളും അഭിപ്രായപ്പെട്ടിരുന്നു. 1996ല്‍ ജസ്റ്റിസ് തരണ്‍ജിത് തല്‍വാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലും ഇഡി സമ്പ്രദായം നിര്‍ത്തലാക്കി അവരെ സ്ഥിരപ്പെടുത്തണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളും റിപ്പോര്‍ട്ടുകളുമെല്ലാം സര്‍ക്കാര്‍ തള്ളുകയായിരുന്നു.
ജിഡിഎസിനെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഇപ്പോള്‍ കോടതിയിലും എത്തിയിരിക്കയാണ്. ഈ വിഷയത്തില്‍ വിവിധ സംഘടനകള്‍ നല്കിയ ഹരജി പരിഗണിച്ച സുപ്രീംകോടതി അത് ഡല്‍ഹി ഹൈക്കോടതിക്ക് വിട്ടു. സമാന ഹരജികളെല്ലാം ഒന്നിച്ച് പരിഗണിക്കാനാണിത്.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: