ശാസ്താംകോട്ട: ഹിന്ദുവിരോധവും ന്യൂനപക്ഷപ്രീണനവും അക്രമണത്തിനുള്ള ആഹ്വാനവും ലക്ഷ്യമിട്ട് മാര്‍ക്സിസ്റ്റ്പാര്‍ട്ടി സംസ്ഥാനപ്ലീനത്തിന്റെ തീരുമാനങ്ങളടങ്ങിയ സര്‍ക്കുലര്‍ പുസ്തകരൂപേണ പുറത്തിറക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മുതല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്വരെയുള്ളവര്ക്കാണ് സംഘടനാ പ്രവര്‍ത്തനത്തിന്റെ മാര്‍ഗരേഖയായ രഹസ്യസ്വഭാവമുള്ള പുസ്തകം വിതരണം ചെയ്തത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാണ്് വിതരണം. സിപിഎം സംസ്ഥാനകമ്മറ്റി പുറത്തിറക്കിയ സംസ്ഥാനപ്ലീനം അംഗീകരിച്ച രേഖയുടെ പൂര്‍ണരൂപം 111 പേജുള്ള പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2013 നവംബര്‍ 27 മുതല്‍ 29 വരെ പാലക്കാട് നടന്ന സംസ്ഥാനപ്ലീനത്തില് കൈകൊണ്ട തീരുമാനങ്ങളാണ് ഇതിലുള്ളത്.
സംഘടിതമായിക്കൊണ്ടിരിക്കുന്ന ഹിന്ദുസമൂഹത്തെ വിഭജിച്ച് പാര്‍ട്ടിക്കൊപ്പം നിര്‍ത്താനുള്ള പദ്ധതികളാണ് രേഖയില്‍ പ്രധാനമായും. എന്‍എസ്എസ്, എസ്എന്എസ്പി, കെപിഎംഎസ് പോലുള്ള ഹിന്ദുസംഘടനകളുടെ പ്രവര്‍ത്തനത്തെ തകര്‍ക്കുക, ഹൈന്ദവവിശ്വാസങ്ങളേയും ആചാരാനുഷ്ഠാനങ്ങളേയും തകര്‍ത്തെറിയുക, അതേസമയംതന്നെ മുസ്ലീംവിഭാഗത്തിന്റെ ആചാരങ്ങളിലും വിശ്വാസരീതികളിലും ഇടപെടാതിരിക്കുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങളില്‍ ചിലത്. ക്ഷേത്രങ്ങളില്‍ പോകുന്നതിനും ഗണപതിഹോമം പോലുള്ള മതപരമായ ചടങ്ങുകള്‍ തടയുന്നതിനും പാര്‍ട്ടി നിര്‍ദ്ദേശം നല്‍കുന്നുണ്ടെങ്കിലും ക്ഷേത്രഭരണം സഖാക്കള്‍ പിടിച്ചെടുക്കണമെന്ന് രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. വര്‍ഗീയസംഘടനാ പ്രതിനിധികളെ ഈ പദവികളില്‍ നിന്നും ഒഴിവാക്കാനാണ് ഇത് ചെയ്യേണ്ടതെന്നും വ്യക്തമാക്കുന്നു.
പുസ്തകത്തിലെ 79-ാം ഖണ്ഡികയിലെ ‘വിവിധ സാമൂഹ്യവിഭാഗങ്ങളും പാര്‍ട്ടി റിക്രൂട്ട്മെന്റും’ എന്ന ഉപശീര്‍ഷകത്തിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. “മുമ്പ് എസ്എന്‍ഡിപിയുടെ സ്വാധീനമില്ലാതിരുന്ന പാര്ട്ടിശക്തി കേന്ദ്രങ്ങളില്‍, വിശിഷ്യാ മലബാര്‍മേഖലയില്‍ എസ്എന്‍ഡിപിയുടെ പ്രവര്‍ത്തനം വ്യാപിച്ചിരിക്കുന്നു. പാര്‍ട്ടിയുടെ സ്വാധീനശക്തിയായിരുന്ന ഈഴവരിലും തീയരിലും പാര്‍ട്ടിക്കുള്ള സ്വാധീനം ഇപ്പോള്‍ നിഷ്പ്രഭമായിരിക്കുന്നു.
കുടുംബങ്ങളെയാണ് എസ്എന്‍ഡിപി ലക്ഷ്യമിടുന്നത്. വീടുകള്‍ കേന്ദ്രീകരിച്ചുള്ള ധ്യാനവും ഭജനയും മൂലം സ്ത്രീകള്‍ ഒന്നടങ്കം വിശ്വാസികളായി മാറിക്കഴിഞ്ഞു. പാര്‍ട്ടിയെ ഇവര്‍ തഴഞ്ഞു. മാത്രമല്ല എസ്എന്‍ഡിപിയുടെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടിക്കെതിരെ ഇവര്‍ വോട്ടുചെയ്തു. ഇതു തുടര്‍ന്നും കണ്ടില്ലെന്ന് നടിക്കാന്‍ പാര്ട്ടിക്കാകില്ല. എസ്എന്‍ഡിപി വീടുകളില്‍ ആധിപത്യം സ്ഥാപിക്കുന്നത് പാര്‍ട്ടിസഖാക്കള്‍ എന്ത് വില കൊടുത്തും എതിര്‍ക്കണം.” രേഖ വ്യക്തമാക്കുന്നു. കൂടാതെ എന്‍എസ്എസ്, വിശ്വകര്‍മ്മസഭ, പട്ടികജാതി സംഘടനകള്‍ തുടങ്ങിയവയും ഹിന്ദുവിഭാഗങ്ങളെ സംഘടിപ്പിച്ച് തങ്ങളുടെ പരിധിയില്‍ നിര്‍ത്താനാണ് ശ്രമിക്കുന്നത്. പാര്‍ട്ടിക്ക് ഏറെ ദ്രോഹം ചെയ്യുന്ന ഈ പ്രവണതകളെ തിരിച്ചറിഞ്ഞ് ശക്തമായി പ്രതിരോധിക്കാന്‍ സഖാക്കള്‍ തയ്യാറാകണമെന്ന് 83-ാം ഖണ്ഡിക വിവരിക്കുന്നു.
‘അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചനം നേടണം’ എന്ന ഉപശീര്‍ഷകത്തിലെ 87-ാം ഖണ്ഡികയില്‍ മുസ്ലീം ജനവിഭാഗത്തിന്റെ മതപരമായ ആചാരചടങ്ങുകളില് ഒരു തരത്തിലുള്ള വിമര്‍ശനവും ഇടപെടലും പാര്‍ട്ടി സ്വീകരിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. “തങ്ങളുടെ മതപരമായ ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സംഘടിതരായ മതന്യൂനപക്ഷങ്ങള്‍ക്ക് കഴിയില്ല. ഈ പരിമിതി തിരിച്ചറിഞ്ഞ് ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കണം”, രേഖ വ്യക്തമാക്കുന്നു.
‘എന്നാല്‍ ദൈവവിശ്വാസിയായ ഹിന്ദുവിനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കണം. ക്ഷേത്രവിശ്വാസിയാകരുത് എന്നാല്‍ ആരാധനകളുടേയും ഭക്തിയുടേയും ഭാഗമല്ലാതെ കൂട്ടമായി ഉത്സവത്തിന് പോകുന്നത് വിലക്കേണ്ടതില്ല. ഗൃഹപ്രവേശനത്തിന്റെ ഭാഗമായി ഗണപതിഹോമം പോലുള്ള മതപരമായ ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കരുത്. ഫ്യൂഡലിസത്തിന്റെ അവശിഷ്ടമെന്ന നിലയ്ക്ക് സംഘടിപ്പിക്കുന്ന ഗണപതിഹോമങ്ങളും യാഗങ്ങളും മറ്റും നല്ലനിലയ്ക്ക് തുറന്നുകാട്ടണം.’ 87 ഖണ്ഡികയിലെ എ മുതല്‍ എല്‍ വരെയുള്ള പാര്‍ട്ടി തീരുമാനങ്ങള്‍ വ്യക്തമാക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് പാര്‍ട്ടി നല്കുന്ന ഇത്തരത്തിലുള്ള ഇളവുകള്‍ കാര്യങ്ങളാകെ തട്ടിമറിക്കാനുളള ലൈസന്‍സായി സഖാക്കാള്‍ കരുതരുതെന്നും ഇതില്‍ മുന്നറിയിപ്പുണ്ട്.
പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നും കുട്ടികള്‍ കൂട്ടംകൂട്ടമായി ബാലഗോകുലത്തിന്റെ പ്രവര്ത്തകരാകുന്നുവെന്നത് വന്‍വിപത്തായി പാര്‍ട്ടി വിലയിരുത്തുന്നു. ഇത് വരും തലമുറയെ പാര്‍ട്ടിക്ക് നഷ്ടമാകാനുള്ള സാധ്യതയായാണ് കാണുന്നത്. ഇതിനെ എന്തുവില കൊടുത്തും തടയുന്നതോടൊപ്പം ഈ പ്രദേശങ്ങളില്‍ ബാലസംഘത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. കുട്ടികളില്‍ പ്രാഥമികമായ സംഘടനാബോധം ഉയര്‍ത്താന്‍ ബാലസംഘത്തിനേ കഴിയൂ. ‘കുട്ടികളിലെ പ്രവര്‍ത്തനം’ എന്ന ശീര്‍ഷകത്തിലെ 99-ാം ഖണ്ഡിക വിവരിക്കുന്നു.
പാര്‍ട്ടിയിലെ അക്രമിസംഘത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് പരോക്ഷമായ പ്രഖ്യാപനവും രേഖയിലുണ്ട്. സെല്‍ഫ് ഡിഫന്‍സ് ടീം എന്ന പേരില്‍ ഓരോ ലോക്കല്കമ്മറ്റികളും കേന്ദ്രീകരിച്ച് ഇരുപതു പേരടങ്ങുന്ന സംഘത്തിന് പരിശീലനം നല്കി സജ്ജരാക്കണം. ഇതിന്റെ ആവശ്യകതയും പാര്‍ട്ടി ഈ ഖണ്ഡികയില്‍ വ്യക്തമാക്കുന്നുണ്ട്. ആര്‍എസ്എസ്, എസ്ഡിപിഐ പോലുള്ള സംഘങ്ങളെ അമര്‍ച്ച ചെയ്യാനാണിത്. ഈ സംഘത്തിന്റെ അക്രമണസാധ്യത മുന്നില്‍ കണ്ട് കടന്നാക്രമണം നടത്താന്‍ ഇവരെ തയ്യാറാക്കണം. നഷ്ടപ്പെട്ടുപോകുന്ന പാര്‍ട്ടിയുടെ കരുത്ത് വീണ്ടെടുക്കാന്‍ ഈ നീക്കത്തിനാകും. സെല്‍ഫ് ഡിഫന്‍സ് ടീം എന്ന ശീര്‍ഷകത്തിലെ 113-ാം ഖണ്ഡികയിലാണ് ഇതുള്ളത്.
പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന നിരവധി സഖാക്കള്‍ ബ്ലേഡ് പലിശക്കാരും റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ തലവന്മാരുമാണെന്ന് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ടെന്നും ഇവരെ നിയന്ത്രിക്കാനും നടപടിയെടുക്കാനും നിലവിലുള്ള ദുര്‍ബലമായ അവസ്ഥ മൂലം പാര്ട്ടിക്കാകുന്നില്ലെന്നുള്ള കുറ്റസമ്മതവും മാര്‍ഗരേഖ നടത്തുന്നുണ്ട്. എറണാകുളം പോലുള്ള ജില്ലകളിലാണ് ഇത് വ്യാപകം. ധനമോഹത്തിന് അടിപ്പെട്ടുപോകുന്ന ഇത്തരം സഖാക്കള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും പാര്‍ട്ടിക്കാകുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ അവസ്ഥയെന്ന് ‘കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണം’ എന്ന ശീര്‍ഷകത്തിലെ 66-ാം ഖണ്ഡിക പറയുന്നു.
എം.എസ്. ജയചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: