“എസ്ക്യൂസ്മീ… ഇവിടെ ലേഡിസ് ഒണ്‍ലി മാത്രം”… ഒരു സ്ഥാപനത്തിനു മുമ്പില്‍ ഇങ്ങനെ ഒരു ബോര്‍ഡ് വെച്ചാല്‍ ചിലപ്പോള്‍ മൂക്കില്‍ വിരല്‍വെച്ച് പോയേക്കും. ബോര്‍ഡ് വെച്ചില്ലെങ്കിലും വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ഇത്തരം നിരവധി സ്ഥാപനങ്ങള്‍ നമ്മുടെ സ്വന്തം കേരളത്തില്‍ ഉണ്ട്. വനിതാശാക്തീകരണം ലക്ഷ്യമിട്ട് സ്വകാര്യമേഖലയിലടക്കം ആരംഭിക്കുന്ന ഇത്തരം ലേഡീസ് ഒണ്‍ലി സ്ഥാപനങ്ങള്‍ വലിയ ചുവടുവെയ്‌പ്പുകള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്.
തിരുവനന്തപുരത്ത് ആരംഭിച്ച വനിതാ പോസ്റ്റോഫീസ് ഇത്തരത്തില്‍ പുതിയൊരു ചുവടുവെയ്‌പ്പായിരുന്നു. കേരള ചരിത്രത്തില്‍ ഇടം പിടിച്ച ആദ്യത്തെ വനിതാ പോസ്റ്റോഫീസ്. പോസ്റ്റുമാസ്റ്റര്‍, പോസ്റ്റല്‍ അസിസ്റ്റന്റ്, ഗ്രൂപ്പ് ഡി സ്റ്റാഫ്, പ്യൂണ്‍ തുടങ്ങീ പോസ്റ്റോഫീസിലെ ജീവനക്കാരെല്ലാം വനിതകള്‍. വനിതാ ശാക്തീകരണത്തിന്റെ ഒരു സുപ്രധാന കാല്‍വയ്പായിരുന്നു ഈ വനിതാ പോസ്റ്റാഫീസ്. തിരുവനന്തപുരത്തെ പിഎംജി ജംഗ്ഷനിലെ പോസ്റ്റോഫീസ് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരുവര്‍ഷം തികയുന്നു. കേരളത്തിലെ ഏകവനിതാ പോസ്റ്റാഫീസ് നിലവില്‍ വന്നത് കഴിഞ്ഞ വര്‍ഷമാണ്. പോസ്റ്റോഫീസിന്റെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞ ജൂലൈ- 6ന് കവയത്രി സുഗതകുമാരിയാണ് നിര്‍വഹിച്ചത്.
“ആള്‍ വിമന്‍ പോസ്റ്റോഫീസ്” എന്ന പദവി നേടാനായത് തികച്ചും യാദൃശ്ഛികമായാണ്. ഓഫീസിലുണ്ടായിരുന്ന രണ്ട് പുരുഷ ജീവനക്കാര്‍ സ്ഥലം മാറിപ്പോയ ഒഴിവില്‍ രണ്ട് വനിതാ ജീവനക്കാര്‍ വരികയായിരുന്നുവെന്ന് പോസ്റ്റ്മാസ്റ്റര്‍ എസ്. ശാന്തി പറയുന്നു. ഈ അവസരത്തിലാണ് ദല്‍ഹിയില്‍ ആദ്യത്തെ വനിതാ പോസ്റ്റോഫീസിന്റെ പ്രഖ്യാപനം ഉണ്ടായത്. ഓരോ സര്‍ക്കിളിനു കീഴിലും ഓരോ വനിതാ പോസ്റ്റോഫീസ് ഉണ്ടാകണം എന്ന കേന്ദ്രനിര്‍ദ്ദേശം വന്നപ്പോള്‍ ഞങ്ങളുടെ പോസ്റ്റാഫീസിന് ഈ പദവി ലഭിക്കുകയായിരുന്നു. പോസ്റ്റുമാസ്റ്ററെ കൂടാതെ പോസ്റ്റല്‍ അസിസ്റ്റന്റ് ആര്‍. മഞ്ജു, ഗ്രൂപ്പ് ഡി സ്റ്റാഫ് പി. ഷീജ, പ്യൂണ്‍ ലതാകുമാരി എന്നിവര്‍ വളരെ അടുക്കും ചിട്ടയുമായി ഈ പോസ്റ്റോഫീസിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നു. കേരളത്തിലെ ഏക വനിതാ പോസ്റ്റോഫീസായി പ്രഖ്യാപിച്ചതിനാല്‍ ഇവിടുത്തെ തുടര്‍ നിയമനങ്ങളെല്ലാം വനിതകള്‍ക്ക് തന്നെ ആയിരിക്കണമെന്ന നിബന്ധനയുമുണ്ട്.
മുപ്പത്തിരണ്ട് വര്‍ഷത്തെ സര്‍വീസിനിടയില്‍ ചരിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പോസ്റ്റ്മാസ്റ്റര്‍ എസ്. ശാന്തി. രാവിലെ 9.30 മുതല്‍ 5.30 വരെ പ്രവര്‍ത്തിക്കുന്ന 9-ാമത്തെ വനിതാ പോസ്റ്റോഫീസാണിത്. മഹാരാഷ്‌ട്ര, തമിഴ്‌നാട്, കര്‍ണാടക, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ഇത്തരം പോസ്റ്റോഫീസ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ഷീന സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: