കോട്ടയം: ദേശീയതലത്തില്‍ കോണ്‍ഗ്രസ് കനത്ത പരാജയം നേരിടുന്ന തെരഞ്ഞെടുപ്പാണ് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ്. ദേശീയ രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലാത്ത സിപിഎമ്മിന് ഇത്തരം അഭിപ്രായപ്രകടനത്തിന് അവകാശമില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി. കോണ്‍ഗ്രസും സിപിഎമ്മും പരസ്പര സഹായസംഘങ്ങളാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച നിലപാട് 2014ല്‍ സംസാരിക്കുകയായിരുന്നു നേതാക്കന്മാര്.
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ദേശീയ രാഷ്ട്രീയമാണ്. സംശുദ്ധവും സുതാര്യവും സുദൃഢവുമായ അഴിമതി രഹിത സര്‍ക്കാര്‍ വേണമെന്നാണ് ജനാഭിലാഷമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പറഞ്ഞു. വിലക്കയറ്റവും അഴിമതിയും മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്നു. സാമ്പത്തിക വിദഗ്ദ്ധന് ഇന്ത്യഭരിക്കുമ്പോള് രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് 8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയിടത്ത് ഇപ്പോള്‍ 5 ശതമാനം പോലും കൈവരിക്കാന്‍ കഴിയുന്നില്ല. രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ ബാദ്ധ്യതപ്പെട്ട സര്‍ക്കാര്‍ പകച്ചു നില്ക്കുന്നു. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ് യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. വികസനമെന്ന മുദ്രാവാക്യം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത് ബിജെപിയും നരേന്ദ്രമോദിയുമാണ്. കഴിഞ്ഞ 11 വര്‍ഷത്തെ ഗുജറാത്ത് ഭരണത്തിലൂടെ കാര്‍ഷിക – വ്യവസായ മേഖലകളിലടക്കം വന്‍ പുരോഗതിയാണ് നരേന്ദ്രമോദി നല്‍കിയത്. ഗുജറാത്ത് വികസനം രാജ്യത്തൊട്ടാകെ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിനും സിപിഎമ്മിനും ഈ തെരഞ്ഞെടുപ്പില്‍ വലിയ പ്രസക്തിയുണ്ടെന്ന് കരുതുന്നില്ല. കേരളത്തില്‍ ഇരുപക്ഷവും മാറി മാറി ഭരിച്ചിട്ടും വികസനകാര്യത്തില്‍ ഒരു മാറ്റവുമില്ല. ഭാരതം ഒട്ടാകെ മാറ്റം വരുമ്പോള്‍ കേരളവും ഇതിനനുകൂലമായി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികളും വിദേശ കുത്തകകള്‍ക്ക് സമ്പത്ത് കൊള്ളയടിക്കാനുള്ള അവസരം സൃഷ്ടിച്ചതും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് പറഞ്ഞു. കോട്ടയം മണ്ഡലത്തിലെ കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗ്ഗം റബ്ബറാണ്. കിലോയ്ക്ക് 250 രൂപ ഉണ്ടായിരുന്നത്, ഇപ്പോള്‍ 150 രൂപ ചുറ്റുവട്ടത്തിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയമാണ് വിലയിടിവിനു കാരണം. നിലവിലുള്ള എംപി റബ്ബര്‍ ഇറക്കുമതിക്കെതിരെ ഒരു വാക്കുപോലും പറഞ്ഞില്ല. പശ്ചിമഘട്ടത്തെ ലക്ഷക്കണക്കിനു വരുന്ന ആളുകള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കെടുതികള്‍ അനുഭവിക്കുന്നു.
മീനച്ചില്‍ നദീതടപദ്ധതിക്കായി 25 കോടി സംസ്ഥാനബജറ്റില്‍ നീക്കിവച്ചെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല. 500 കോടി വിലയിരുത്തി മൊബിലിറ്റി ഹബ്ബ് നടപ്പാകുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ശമ്പളം കൊടുക്കുന്നില്ലെന്നു മാത്രമല്ല പാവപ്പെട്ടവരുടെ പെന്ഷന് പോലും നല്‍കുന്നില്ലെന്നും സിപിഎം സെക്രട്ടറി പറഞ്ഞു.
പതിനാറാം ലോക്സഭയില്‍ 10 സീറ്റുപോലും ഉറപ്പാക്കാന്‍ പ്രയാസപ്പെടുന്ന സിപിഎമ്മിന് എന്തു പ്രസക്തിയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ളതെന്ന ചോദ്യവുമായാണ് ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി രംഗത്തെത്തിയത്. ഈ തെരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തലാണെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ സിപിഎം തയ്യാറായില്ല. ഒരു വീട്ടമ്മയുടെ പ്രതിഷേധത്തിനു മുന്നില്‍ സമരം നിര്‍ത്തേണ്ടിവന്ന പ്രസ്ഥാനമാണ് സിപിഎം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രം വിപ്ലവം വരുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും ടോമി കല്ലാനി പറഞ്ഞു. കൊണ്ടും കൊടുത്തും ഇരുപക്ഷവും മുന്നേറിയപ്പോള്‍ ഇടതുവലതു മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ വിശദാംശങ്ങളുമായി ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് രംഗത്തെത്തി. ഇരുപക്ഷത്തിനും നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ഇവരുടെ വാക്കുകള്‍ വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: