ദ്വാരകാപുരനിര്‍മാതാ മുചുകുന്ദഗതിപ്രദഃ
രുക്മിണീഹാരകോ രുക്മീവീര്യഹന്താളപരാജിതഃ
326. ദ്വാരകാപുരിനിര്മാതാ – ദ്വാരക എന്ന നഗരം നിര്മിച്ചവന്. വിശ്വകര്‍മാവിനെക്കൊണ്ട് ഭഗവാന് ദ്വാരക നിര്‍മിച്ചത് മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞിരുന്നു.
327. മുചുകുന്ദഗതിപ്രദഃ – മുചുകുന്ദനു മോക്ഷം കൊടുത്തവന്.
ഇക്ഷ്വാകുവംശത്തില്‍ പിറന്ന മാണ്ഡാതാവിന്റെ മകനാണ് മുചുകുന്ദന്. ദേവാസുരയുദ്ധത്തില്‍ അസുരന്മാരില് നിന്ന് ദേവന്മാരെ രക്ഷിക്കാനായി മുചുകുന്ദന് സ്വര്‍ഗത്തിലെത്തി. വളരെക്കാലം യുദ്ധം ചെയ്തു. പില്ക്കാലത്ത് സ്കന്ദന് ദേവസേനാപതിയായപ്പോള് മുചുകുന്ദന് ഭൂമിയിലേക്ക് മടങ്ങി. വിട പറയുമ്പോള്‍ എന്തുവരം വേണമെന്ന് ഇന്ദ്രന് മുചുകുന്ദനോട് ചോദിച്ചു. വളരെക്കാലമായി ഉറങ്ങാന്‍ കഴിയാത്ത തനിക്ക് ദീര്ഘസുഷുപ്തിയാണ് വരമായി മുചുകുന്ദന് അപേക്ഷിച്ചത്. ഇന്ദ്രന് ആ വരം കൊടുത്തതിനോടൊപ്പം ഉറക്കത്തിന് തടസ്സമുണ്ടാക്കുന്നയാള് ഭസ്മമായിപ്പോകുമെന്നും അനുഗ്രഹിച്ചു. ആരും ശല്യപ്പെടുത്താന്‍ ഇടയില്ലാത്ത പര്വതഗുഹയ്ക്കുള്ളില് ഉറങ്ങിക്കിടന്ന മുചുകുന്ദന്റെ അടുക്കലേക്കാണ് കാലയവനനെ ഭഗവാന് നയിച്ചത്. കാലയവനന് ഭസ്മമായ കഥ മുന്‍പ് പറഞ്ഞു.
കാലയവനന് മരിച്ചുകഴിഞ്ഞ് ശ്രീകൃഷ്ണന് മുചുകുന്ദന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഭഗവാനെ തിരിച്ചറിഞ്ഞ മുചുകുന്ദന് തന്റെ ചരിത്രം ഭഗവാനെ അറിയിച്ചു വണങ്ങി. വരങ്ങളില്‍ താത്പര്യമില്ലാതെ ഭഗവദ് പ്രസാദം മാത്രം ആഗ്രഹിച്ച മുചുകുന്ദന് തുടര്‍ന്ന് തപസ്സുചെയ്യാനുള്ള നിര്‍ദ്ദേശവും ലൗകികകാമനകളുമായി ബന്ധപ്പെടാത്ത ഭക്തിയും കൊടുത്ത് ഭഗവാന് അനുഗ്രഹിച്ചു. മുക്തി എന്ന കാമനയോടുപോലും ബന്ധമില്ലാത്ത ഭക്തി മുചുകുന്ദന് ലഭിച്ചു. (324 മുതല്‍ 327 വരെയുള്ള നാമങ്ങളുമായി ബന്ധപ്പെട്ട കഥാഭാഗം നാരായണീയം 77-ാം ദശകത്തില്‍ വായിക്കാം.
ഡോ. ബി.സി.ബാലകൃഷ്ണന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: