ക്വലാലംപൂര്‍: മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്താന്‍ ലോകരാജ്യങ്ങള്‍ ഊര്‍ജിത ശ്രമം തുടങ്ങി. തിരച്ചില്‍ ആഴ്ച്ചകള്‍ പിന്നിട്ടിട്ടും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഓസ്ട്രേലിയന്‍ മരീടൈം സേഫ്റ്റി അതോറിറ്ററി(എഎംഎസ്എ) അറിയിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് ഇനി വെറും ഏഴ് ദിവസം മാത്രമാണ് ആയുസ്സുള്ളത്.
ഇന്ത്യന്മഹാസമുദ്രത്തില് ആസ്ട്രേലിയയുടെ ബ്ലാക്ക് ബോക്സ് ഡിറ്റക്റ്റര്‍ കപ്പല്‍ തിരച്ചില്‍ നടത്തി വരികയാണ്. ബ്ലാക്ക് ബോക്സ് കണ്ടെത്താന്‍ അമേരിക്കന്‍ നിര്‍മിത അത്യന്താധുനിക ഉപകരണവുമായി ആസ്ട്രേലിയന്‍ നാവിക കപ്പലായ ‘ഓഷ്യന്‍ ഷീല്‍ഡ്’ പെര്‍ത്തില്‍നിന്ന് പുറപ്പെട്ടു. ഇതിനുപുറമെ ബ്ലാക്ക്ബോക്സ് കണ്ടെത്താന്‍ ശേഷിയുള്ള ആളില്ലാ അന്തര്‍വാഹിനിയും പെര്‍ത്തില്‍നിന്ന് 1100 കിലോമീറ്റര്‍ അകലെയുള്ള ഇന്ത്യന്‍മഹാസമുദ്രത്തിലെ തിരച്ചില്‍ മേഖലയിലേക്ക് എത്തി. അമേരിക്കന്‍ ആളില്ലാ അന്തര്‍വാഹിനിയായ ‘ബ്ലൂഫിന്’ നിലവില്‍ ദൗത്യത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.
സംഘത്തിന്റെ മുന്നില്‍ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തുകയെന്ന ലക്ഷ്യം മാത്രമായിരിക്കും. ഇനിയുള്ള ഏഴ് നാളുകള്‍ നിര്‍ണായകമാണ്. ബ്ലാക് ബോക്സിന് പുറപ്പെടുവിക്കാന്‍ സാധിക്കുന്ന സിഗ്നലിന് ഇനി ഏഴ് നാള് മാത്രമെ ആയുസുള്ളു. ഈ ദിവസത്തിനകം ബ്ലാക്ക്ബോക്സ് കണ്ടെത്താനായില്ലെങ്കില്‍ അപകടകാരണം എന്തെന്ന് മനസ്സിലാക്കാനുള്ള അവസാന സാധ്യതയും അടയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
നേരത്തെ പല അവശിഷ്ടങ്ങളും ചിത്രങ്ങളും കണ്ടെത്തിയെങ്കിലും അവ മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനകം ഓറഞ്ച് നിറത്തില്‍ ലഭിച്ച വസ്തുക്കള്‍ മീന്‍പിടുത്തക്കാര്‍ ഉപേക്ഷിച്ചവയാണെന്നും മറ്റുള്ളവ കടല്‍ മാലിന്യമാണെന്നും തിരിച്ചറിഞ്ഞതായി സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: