തെരഞ്ഞെടുപ്പ് ആസന്നമായതോടെ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ ഞരമ്പുരോഗികളെപ്പോലെ കൊടുംനുണകള്‍ ബിജെപിക്കെതിരെ തൊടുത്തുവിടാന്‍ തുടങ്ങിയിരിക്കുന്നു. നരേന്ദ്ര മോദി തരംഗം കേരളത്തിലും പ്രകടമായതോടെ ഇരുമുന്നണികളും അങ്കലാപ്പിലാണുള്ളത്. ബിജെപി മുമ്പൊരിക്കലും ലഭിച്ചിട്ടില്ലാത്ത ജനപിന്തുണയുടെ പിന്‍ബലത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ മലയാളികള്‍ക്കിടയില്‍ മുന്നേറുകയാണ്. ഇതിന് തടയിടാനുള്ള പാഴ്ശ്രമത്തില്‍ സിപിഎം-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആസൂത്രിതമായി കുപ്രചാരണങ്ങള്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്കുനേരെ വിഷംപുരട്ടി വമിപ്പിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ സിപിഎം സെക്രട്ടറി പിണറായി വിജയന്, കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് എന്നിവര്‍ നടത്തിയ പ്രസംഗങ്ങളും ലേഖനങ്ങളും കടുത്ത അപചയം വിളിച്ചോതുന്നവയാണ്. ആര്‍എസ്എസ് രാഷ്ട്രീയത്തില്‍ പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തി മതേതരത്വത്തെ തകര്‍ക്കുന്നുവെന്നാണ് കെപിസിസി ആരോപിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ ഫേസ്ബുക്കില്‍ അടല്‍ബിഹാരി വാജ്പേയിയും അദ്വാനിജിയും നല്ലവരും മിതവാദികളുമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്കി. അതേസമയം നരേന്ദ്ര മോദി തീവ്രവാദിയും ഫാസിസ്റ്റുമായി കേരള മുഖ്യമന്ത്രിയാല്‍ ചിത്രീകരിക്കപ്പെട്ടു. 2004 ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിജിയെ ഫാസിസ്റ്റും വര്‍ഗ്ഗീയവാദിയുമായി ചിത്രീകരിച്ച അതേ ഉടല്‍തന്നെയാണ് ബിജെപിയുടെ പ്രാതസ്മരണീയ നേതാക്കളെ ഇപ്പോള്‍ വാഴ്ത്തപ്പെട്ടവരാക്കിയിട്ടുള്ളത്. ഇപ്പോള്‍ കണ്ണിലെ കരടായ നരേന്ദ്രമോദിയെപ്പറ്റി നല്ലതാക്കി നാളെ മാറ്റിപ്പറയാന്‍ ഇക്കൂട്ടര്‍ക്ക് യാതൊരു മടിയുമുണ്ടാവില്ല. അധികാരക്കസേരക്കുവേണ്ടി ഏത് വേഷവും കെട്ടിയാടാന്‍ മടിയില്ലാത്ത കോണ്‍ഗ്രസ്-സിപിഎം അവസരവാദം നാടു നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളില്‍പ്പെടുന്നു.
27-3-2014 ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ആലപ്പുഴയില്‍വെച്ച് “ബിജെപി വിലയുറപ്പിച്ച് വോട്ടുവില്‍ക്കുന്ന പാര്‍ട്ടിയാണെന്നും ഇത്തവണ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസിന് വോട്ടുവില്ക്കുകയുമാണ്” എന്ന് ആരോപിച്ചിട്ടുണ്ട്. ഈ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തി ഒരു ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സിപിഎം പ്രതിനിധി ആനത്തലവട്ടം ആനന്ദന് പിണറായിയുടെ ആരോപണം ആവര്‍ത്തിച്ചതല്ലാതെ സാധൂകരിക്കാനൊന്നുമില്ലാതെ നിസ്സാഹയനായത് പ്രേക്ഷകര്‍ കണ്ടതാണ്. പ്രസ്തുത ചര്‍ച്ചയില്‍ സിപിഐക്കാരനായ പ്രമുഖ രാഷ്ട്രീയ നിരീക്ഷകന് അഡ്വ. ജയശങ്കര്‍ തന്നെയാണ് അത്തരമൊരു സാധ്യത തള്ളിക്കളഞ്ഞുകൊണ്ട് സത്യത്തിലൂന്നിക്കൊണ്ട് ബിജെപി ഭാഗം ന്യായീകരിച്ചത്. കേരളത്തിലെ പ്രബല കക്ഷിയുടെ സംസ്ഥാന സെക്രട്ടറിതന്നെ അടിസ്ഥാനമില്ലാതെ ഇത്തരമൊരു ആരോപണം ഉന്നയിക്കുക വഴി സ്വയം അപഹാസ്യനായിത്തീര്ന്നിരിക്കുന്നു.
യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ പി.പി. തങ്കച്ചന് പത്രസമ്മേളനം നടത്തി “ബിജെപിയും എല്‍ഡിഎഫും തമ്മിലുള്ള രഹസ്യ കൂട്ടുകെട്ട് രൂപപ്പെട്ടുകഴിഞ്ഞതായി” ആരോപിച്ചിരുന്നു. 27-3-2014 ന് മാധ്യമം പ്രസിദ്ധപ്പെടുത്തിയ തങ്കച്ചന്റെ മുഖാമുഖത്തിലും ഇതേ ആരോപണം ആവര്‍ത്തിച്ചിട്ടുണ്ട്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണകളാണ് രണ്ട് നേതാക്കളും മൊഴിഞ്ഞിട്ടുള്ളത്. സത്യവുമായി പുലബന്ധംപോലുമില്ലാത്തതും പരസ്പരവിരുദ്ധവുമായ ഇത്തരം ആരോപണങ്ങളെ ബിജെപി അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിച്ചിരിക്കുകയാണ്.
എന്നാല്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ അവര്ജയിക്കില്ലെന്നും വോട്ട് പാഴായിപ്പോകുമെന്നും സ്ഥാപിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. കേരളത്തിലും പൊതുസമൂഹം നരേന്ദ്രമോദിക്കൊരു വോട്ട് എന്ന കാഴ്ചപ്പാടില്‍ എന്‍ഡിഎക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയ കാലമാണിത്. ഇരുമുന്നണികള്‍ക്കും സ്വന്തം അജണ്ട നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. യഥാര്‍ത്ഥത്തില്‍ ബിജെപിക്കാരുടെ വോട്ട് അവരുടെ പെട്ടിയില്‍ വീഴില്ലെന്ന കുപ്രചരണം ശക്തമാക്കി പൊതുസമൂഹത്തെ വഴിതെറ്റിച്ച് നേട്ടമുണ്ടാക്കാനുള്ള കുത്സിതശ്രമമാണ് തങ്കച്ചനും പിണറായിയുമൊക്കെ ബോധപൂര്‍വം നടത്തിവരുന്നത്. നെറികേടും നെരുകേടും മുഖമുദ്രയാക്കിയ ഇത്തരം ഇരുട്ടിന്റെ സന്തതികളെ തിരിച്ചറിയാനും ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടാനും ദേശസ്നേഹികള്ക്കാവേണ്ടതുണ്ട്.
സത്യത്തില്‍ വോട്ടുചോര്‍ച്ചയുടെ പേരില്‍ പ്രതിക്കൂട്ടിലടയ്ക്കപ്പെടേണ്ട പാര്‍ട്ടികളാണ് സിപിഎമ്മും കോണ്‍ഗ്രസും. ആര്എസ്എസുകാരെന്ന നിലയില്‍ പൊതുരംഗത്ത് രാജനൈതിക പ്രതിഭകളായി മാറിയ കെ.ജി. മാരാരെ 1977 ല്‍ ഉദുമ അസംബ്ലി മണ്ഡലത്തില്‍ സിപിഎം പിന്താങ്ങിയിട്ടുള്ളതാണ്. 1980 ല്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒ. രാജഗോപാലിനെയും മുസ്ലിംലീഗ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ പിന്താങ്ങിയിട്ടുണ്ട്. 1967 ല്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ അസ്പൃശ്യത രാഷ്ട്രീയത്തില്‍ പാടില്ലെന്ന് കോഴിക്കോട് വെച്ച് പ്രഖ്യാപിച്ചതിനെ നെഞ്ചിലേറ്റുന്ന പാര്‍ട്ടിയാണ് ബിജെപി. കേരളത്തില്‍ ന്യൂനപക്ഷവോട്ടുബാങ്കിനെ പ്രീണിപ്പിക്കാനുള്ള മത്സരത്തില്‍ ഇരുമുന്നണികളും ബിജെപി-ആര്‍എസ്എസ് പ്രസ്ഥാനങ്ങള്‍ക്കെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളെ കബളിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്.
2004 മുതല്‍ കഴിഞ്ഞ 10 കൊല്ലത്തിനിടയില്‍ വോട്ടുചോര്ച്ചകളെക്കുറിച്ചന്വേഷിക്കാന് സിപിഎം മുന്നണി നിയോഗിച്ച പന്ന്യന്‍ രവീന്ദ്രന് കമ്മീഷന്റെ റിപ്പോര്‍ട്ട് എന്തിന് പൂഴ്ത്തിവെച്ചു. സിപിഎം കേന്ദ്രകമ്മറ്റിയും പൊളിറ്റ്ബ്യൂറോയും പാസാക്കിയ രാഷ്ട്രീയ വിശകലനത്തിലും പ്രമേയത്തിലും ‘കേരളത്തില്‍ ബിജെപി ശക്തമായി വളരുന്നതായും 12.11 ശതമാനം വോട്ടും അഞ്ച് അസംബ്ലി സീറ്റുകളില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്ത അവസ്ഥയും രണ്ട് മലയാളി എംപിമാര്‍ എന്‍ഡിഎ ബാനറില്‍ ജയിച്ച അപകടസ്ഥിതിയും ചൂണ്ടിക്കാട്ടിയിരുന്നു. (1. ഹിന്ദു 16-8-2004 (2) മാതൃഭൂമി 4.7.2004 (3) മാധ്യമം 26-10-05 (4) മനോരമ 11-5-2004 എന്നിവ റഫര്‍ ചെയ്യുക). ബിജെപി വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും മറിച്ച് ബിജെപിക്ക് ഇടതുപക്ഷ വോട്ടുകള്‍ ചോര്‍ത്തിക്കൊണ്ടുപോകാന്‍ സാധിച്ചുവെന്നുമാണ് സിപിഎം കേന്ദ്രകമ്മറ്റി കണ്ടെത്തിയത്. ഇതന്വേഷിക്കാനാണ് എല്‍ഡിഎഫ് പന്ന്യന്‍ കമ്മറ്റിയെ നിയോഗിച്ചത്. ബിജെപിക്ക് നേരെ ചെളിവാരിയെറിയും മുമ്പ് ഇതൊക്കൊയൊന്ന് പഠിക്കാന്‍ പിണറായി ശ്രമിക്കണം. അല്ലെങ്കില്‍ ചെളി സ്വന്തം കയ്യിലും മുഖത്തുമായിരിക്കും പുരളുക.
കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുപ്പിലെ വോട്ടുമാറ്റലും കുതികാല്‍വെട്ടുകളും അന്വേഷിക്കാന്‍ വിവിധ ഘട്ടങ്ങളില്‍ നിയമിച്ച കമ്മറ്റികളാണ് സി.വി. പത്മരാജന്, തെന്നല ബാലകൃഷ്ണപിള്ള, വക്കം പുരുഷോത്തമന് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതികള്‍. ഇവരുടെയൊന്നും റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറംലോകം കണ്ടിട്ടില്ല. അറിയാനുള്ള പൗരന്റെ അവകാശം മൗലികാവകാശമാക്കപ്പെട്ട ഇന്നത്തെ അന്തരീക്ഷത്തില്‍ ഇരുമുന്നണികളും ഈ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തുകയാണ് വേണ്ടത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പൂഴ്ത്തിയ വക്കം സമിതി റിപ്പോര്‍ട്ട് ചോര്‍ന്ന് വെളിച്ചത്തായപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോകുകയാണുണ്ടായത്. സേവനത്തിന്റെ വെള്ളഖദര്ക്കുപ്പായമിട്ട ജനദ്രോഹികള്‍ തെരഞ്ഞെടുപ്പില്‍ കാട്ടിയ നെറികേടുകളും കൊള്ളരുതായ്മകളും കേട്ട് കേരളം വിറങ്ങലിച്ചുപോകുകയാണുണ്ടായത്. പന്ന്യന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ഇടതുപക്ഷത്തിന്റെ സ്ഥിതിയും മറിച്ചല്ലെന്ന് വ്യക്തമാകും. ചുരുക്കത്തില്‍ ഈ നാല് റിപ്പോര്‍ട്ടുകളും വെളിച്ചത്താക്കാന്‍ സിപിഎം, കോണ്‍ഗ്രസ് കക്ഷികള്‍ തയ്യാറാവേണ്ടതാണ്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: