ഭാരതത്തിന്റെ ശിരസാണ് ജമ്മു-കാശ്മീര്‍. പുരാതന ബിന്ദുക്കള്‍ ഇന്നും മങ്ങാതെ നില്ക്കുന്ന ദേവഭൂമി. പൈന്മരങ്ങളും ദേവതാരു വൃക്ഷങ്ങളും ചിന്നാര്‍ മരങ്ങളും ഇടതൂര്‍ന്നു നില്ക്കുന്ന കാശ്മീരിന്റെ വെയിലും മഞ്ഞും നിറഞ്ഞു നില്ക്കുന്ന പ്രകൃതിയെ വിവരിക്കാന്‍ വാക്കുകള്‍ പോര.
കോട്ടയത്തെ 30-33 ഡിഗ്രി ചൂടില്‍ നിന്നായിരുന്നു ഹിമവാന്റെ മടിത്തട്ടിലെ ഭൂമിയിലെ സ്വര്‍ഗമായ കാശ്മീരില്‍ ഞങ്ങള്‍ 25 അംഗ പത്രപ്രവര്‍ത്തകസംഘം എത്തിയത്. മലനിരകളുടെ താഴ്വാരങ്ങളിലൂടെ, വിജനമായ തെരുവുകള്‍ പിന്നിട്ടായിരുന്നു ഇന്ത്യ-പാക് അതിര്‍ത്തിയായ ഉറിയിലേക്കുള്ള യാത്ര. കാശ്മീര്‍ യാത്രയിലെ അവിസ്മരണീയ മുഹര്‍ത്തം. ഉറിവാലിയില്‍ കമാന് അമന് സേതുവില്‍ എത്തുന്ന ആദ്യമലയാളി പത്രപ്രവര്‍ത്തക സംഘം.
ശ്രീനഗറില്‍ നിന്നും 125 കി.മീ. അകലെയാണ് ഉറി. ആവേശത്തോടെയായിരുന്നു യാത്ര, ഒപ്പം ആശങ്കളും. ഉറി, ഇന്ത്യ-പാക് നിയന്ത്രണരേഖയോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തിയാണ്. മുന്നറിയിപ്പില്ലാതെ പാക് അധീനമേഖലയില്‍നിന്നും ഇന്ത്യന്‍ പോസ്റ്റിലേക്ക് നിറയൊഴിക്കുന്ന പ്രദേശം കൂടിയാണ് ഇവിടം. ഏറ്റുമുട്ടലുകളും രക്തച്ചൊരിച്ചിലും വെടിയൊച്ചകളും നിലയ്ക്കാത്ത ബാരാമുള്ള കടന്നുവേണം ഉറിയിലെത്താന്. യാത്രയുടെ തലേനാളും ബാരാമുള്ളയിലെ പുഗ്വാരയില് ഏറ്റുമുട്ടലും മരണവും സംഭവിച്ചിരുന്നു. ഇന്ത്യന്‍ കരസേനയുടെ അതിഥികളായിട്ടായിരുന്നു യാത്ര. വളരെ കരുതല്‍ വേണ്ടിയിരുന്നതിനാല്‍ സൈനിക വാഹനം ഒഴിവാക്കി പ്രത്യേക ബസിലാണ് പുറപ്പെട്ടത്. വഴികാട്ടിയായി സിവില്‍ വേഷധാരിയായ പഞ്ചാബി ഓഫീസര്‍ സുബേദാര്‍ ഖുല്‍വന്ത് സിംഗും.
ശ്രീനഗര്‍ സ്വദേശി വസീംരാജയായിരുന്നു ഗൈഡ്. ശ്രീനഗറില്‍ നിന്നും പാക്കിസ്ഥാനിലെ മുസഫറബാദ് പട്ടണത്തിലേക്കുള്ള ഹൈവേയില്‍ കൂടി ബസ് ഓടി തുടങ്ങിയതോടെ പിന്നിടുന്ന വഴികളെയും ഗ്രാമങ്ങളെയും അവയുടെ പ്രത്യേകതകളെയും കുറിച്ച് വസീം വാചാലമായി. കാശ്മീര്‍ നിവാസികള്‍ പാതയോരങ്ങളിലേക്ക് എത്തുംമുമ്പുതന്നെ പഴയ ശ്രീനഗര്‍ നഗരവും പിന്നിട്ട് യാത്ര ഉറി പാതയിലേക്ക് തിരിഞ്ഞു. ഏതാനും കിലോ മീറ്ററുകള്‍ കഴിഞ്ഞതോടെ അതുവരെയുള്ള കാഴ്ചകളുടെ സ്വഭാവത്തിലും മാറ്റം വന്നുതുടങ്ങി. റോഡിന്റെ ഇരുവശങ്ങളിലും യന്ത്രത്തോക്കുകളുമായി പട്ടാളക്കാര്‍ നിരന്നു നില്ക്കുന്നു. യാത്രയ്ക്ക് വിഘ്നം ഉണ്ടാകാതിരിക്കാന്‍ പ്രശ്ന ബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സൈനികരായിരുന്നു അവരെന്ന് ഒപ്പമുണ്ടായിരുന്ന പഞ്ചാബി ഓഫീസര്‍ ഖുല്‍വന്ത് സിംങ്ങില്‍ നിന്നും മനസ്സിലായി. കടന്നു പോകുന്ന വീഥിയ്ക്ക് ഇരുവശത്തെയും ഗ്രാമങ്ങള്‍ ചൂണ്ടിക്കാട്ടി വസീംരാജ പറഞ്ഞു- ഇതാണ് സോപ്പൂര്‍.
കാശ്മീരിലെ ആപ്പിള്‍ ടൗണ്‍. ആപ്പിള്‍ മാത്രമല്ല ഇവിടെ മള്‍ബറിയും, കടുകും, കുങ്കുമപ്പുക്കളും തളിരിടുന്ന പാടശേഖരങ്ങളുമുണ്ട്. ഇവയെല്ലാം മഞ്ഞുവീഴ്ചയില്‍ നശിച്ചുകിടക്കുകയാണ്. ഏപ്രില്‍ കഴിഞ്ഞാലേ സാധാരണ നിലയിലേക്ക് എത്തുകയുള്ളു. ഒറ്റപ്പെട്ട ഐസ് പാളികള്‍ അവിടവിടെയായി വീണുകിടക്കുന്നു. യാത്ര വീണ്ടും തുടരുകയാണ്. ഇടയ്ക്കിടെ പട്ടാള ബാരക്കുകള്‍. വഴിയരുകില്‍ യന്ത്രത്തോക്കേന്തിയ സൈനികര്‍. സാധാരണ ജനങ്ങള്‍ വിരളം. പത്താന് ചൗക്കിലെത്തി. ഇവിടം പിന്നിട്ട് ബസ് ബാരാമുള്ളയിലേക്ക് പ്രവേശിച്ചു. സൈന്യം ഏറെ വെല്ലുവിളി നേരിടുന്ന പ്രദേശം. കച്ചവട സ്ഥാപനങ്ങളൊന്നും തുറന്നിട്ടില്ല. വഴിയരികില്‍ പട്ടാളക്കാര്‍ മാത്രം. അകത്ത് അഗ്നി നിറച്ച് ശാന്തമായി ഉറങ്ങുന്ന ബാരാമുള്ളയാണ് ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞത്.
ഏതുനിമിഷവും അതു പൊട്ടിത്തെറിച്ചേക്കുമെന്ന് സൈനിക ഓഫീസറുടെ ഓര്‍മപ്പെടുത്തല്‍ ഓരോരുത്തരുടെയും മനസ്സില്‍ നിറഞ്ഞു നിന്നു. ബാരമുള്ള പിന്നിട്ടതോടെ ഉള്ഭയത്തിന് അയവുവന്നു. അതുകൊണ്ടുതന്നെ ഇവിടം കടക്കുന്നതുവരെ എല്ലാവരും നിശബ്ദമായിരുന്നു. കാമറകള്‍ ബാഗിനുള്ളിലേക്കു വലിഞ്ഞു. ബാരാമുള്ളയിലെ ഓരോ വീട്ടിലും ഒരു കലാപകാരിയെങ്കിലും ഉണ്ടാവുമെന്ന് സൈനിക ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തല്‍.
ബാരാമുള്ള കടന്ന് മുന്നോട്ടുള്ള യാത്രയില്‍ പാതയുടെ ഇടതുഭാഗത്ത് മഞ്ഞില്‍പ്പുതച്ച മലനിരകളും താഴെ ഝലം നദിയുടെ കൈവഴികളും ഒഴുകുന്നു. വഴിയരുകില്‍ തടിയില്‍ തീര്‍ത്ത ഡാമും കനാലും. ഇതാണ് പഞ്ചാല്‍ ബ്രിഡ്ജ്, പഴയ തടി ഡാം. വെള്ളം കൊണ്ടുപോകുന്നതിനുവേണ്ടി ബ്രിട്ടീഷുകാര്‍ ഭൂഗര്‍ഭത്തില്‍ നിര്‍മ്മിച്ചത്. ഇന്ന് പഞ്ചാല്‍ ബ്രിഡ്ജിന്റെ അവശിഷ്ടങ്ങളേയുള്ളൂ. ഇലപൊഴിഞ്ഞു നില്ക്കുന്ന ചിന്നാര്‍ മരങ്ങള്‍ക്കിടയില്‍ കുന്നിന് ചെരുവുകളില്‍ അങ്ങിങ്ങായി തലയുയര്‍ത്തി നില്ക്കുന്ന ചെറിയ വീടുകള്‍. ചുവപ്പും വെള്ളയും നീലയും കലര്‍ന്ന തകരഷീറ്റുകള്‍ കൊണ്ടുള്ള മേല്‍ക്കൂരകള്‍. എവിടെയും ആളനക്കങ്ങളൊന്നുമില്ല. ഉരുണ്ടു കിടക്കുന്ന പാറക്കൂട്ടങ്ങളില്‍ അലതല്ലി ഒഴുകുകയാണ് ത്ധലം നദിയുടെ കൈവഴികള്‍.
കയറ്റിറക്കങ്ങളും വലിയ വളവുകളും ഇല്ലാതെ പിന്നിട്ട വഴി സാവധാനം കഠിനമേറിയതായി മാറി. പാതയുടെ വീതി കുറഞ്ഞു വന്നു. വളവും തിരിവും ഗര്ത്തങ്ങളുമേറി. ഉറിവാലി നദിയില്‍ ഉരുളന്പാറക്കൂട്ടങ്ങള് എങ്ങും തെളിഞ്ഞു നില്ക്കുന്നു. ഇടയ്ക്ക് എന്‍എച്ച്പിസിയുടെ ഉറി വൈദ്യുതി നിലയം. ഇവിടം കടന്നും യാത്ര തുടരുകയാണ്. സൂര്യപ്രകാശം തലനീട്ടിയതോടെ മലനിരകളില്‍ തിളക്കം. ചെങ്കുത്തായ മലനിരകള്‍ ഒരു വശത്ത്. അഗാധഗര്ത്തത്തോടുകൂടിയ നദി മറുഭാഗത്ത്. ദുര്‍ഘടമായിരുന്നു തുടര്‍ യാത്ര. പാരന്വെള്ളനില് തകര്‍ന്നുകിടക്കുന്ന പാലവും കാണാനായി. ഉറിയോട് അടുക്കുന്തോറും വഴിയില്‍ വാഹനങ്ങള്‍ അപൂര്‍വ്വമായി മാറി.
ഇടയ്ക്കിടെ പട്ടാള ചെക്ക് പോയിന്റുകള്‍. ഉറിയിലെ പ്രവേശന കവാടത്തില്‍ മുനിസിപ്പാലിറ്റിയുടെ ചെക്ക് പോസ്റ്റ്. പട്ടാള വണ്ടികള്‍ ഇടയ്ക്കിടെ കടന്നു പോകുന്നു. ബസ് ഉറി പട്ടണത്തിലേക്ക് കടന്നു. ഇടുങ്ങിയ വഴികള്‍ക്ക് ഇരുവശവും കച്ചവടക്കാര്‍ നിരന്നു തുടങ്ങിയിരിക്കുന്നു. വഴിയോര കച്ചവടക്കാരും പഴം വില്‍പ്പനക്കാരും സജീവമാകുകയാണ്. ടൗണ്‍ അവസാനിക്കുന്നിടത്ത് പട്ടാള ചെക്ക്പോസ്റ്റ്. ബസ് തടഞ്ഞിട്ടു. വീരപ്പന് സ്റ്റെയിലിലുള്ള മീശവച്ച പട്ടാള ഓഫീസര്‍ ഹിന്ദിയില്‍ ചോദ്യങ്ങളുന്നയിച്ച് എത്തി. സുബേദാര്‍ ഖുല്‍വന്ത് സിംഗ് ബസിന് പുറത്തിറങ്ങി അദ്ദേഹവുമായി ആശയവിനിമയം നടത്തി. പക്ഷെ, തങ്ങള്‍ക്ക് സന്ദേശം ലഭിച്ചിട്ടില്ല. അതിനാല്‍ യാത്ര തുടരാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒറ്റനോട്ടത്തില്‍ത്തന്നെ ഒരു മലയാളിയുടെ സാദൃശ്യം നല്കുന്ന മീശക്കാരനായ സൈനിക ഓഫീസര്‍ യാത്രാ സംഘത്തിന്റെ തിരിച്ചറിയില്‍ രേഖകള്‍ ചോദിച്ചു. പലരും കാട്ടി. എന്തെങ്കിലും രേഖകള്‍ കാട്ടാന്‍ ബസിനുള്ളില്‍ നിന്നും ആരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഉടനെ മറുപടിയും വന്നു, എന്തെങ്കിലും കാട്ടിയാല്‍ പോകാനാവില്ല. ഇതോടെ ഏവരുടെയും മുഖത്ത് ആനന്ദം. മലയാളിയാണ്, തൃശൂര്‍ അത്താണി സ്വദേശി പുരുഷോത്തമന്. മദ്രാസ് റെജിമെന്റില്‍ -15 വര്‍ഷമായി ഉറിയില്‍ ജോലി നോക്കുന്നു. പരസ്പരം പരിചയപ്പെടുന്നതിനിടയില്‍ കടന്നു പോകാനുള്ള അനുമതിയെത്തി. യാത്ര രഹസ്യമായിരുന്നതിനാല്‍ ഇവിടെ എത്തിയെന്ന സന്ദേശം ലഭിച്ചശേഷമാണ് ഉറി സെക്ടറിലേക്കുള്ള സന്ദര്‍ശനാനുമതി എത്തിയത്. മലയാളി ഓഫീസറോട് യാത്ര പറഞ്ഞ് ഉറിയില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയുള്ള കമാന് പോസ്റ്റിലേക്ക് ബസ് ഓടിത്തുടങ്ങി.
പട്ടാള ബാരക്കുകള്‍ക്ക് നടുവിലൂടെ ഒരു കിലോ മീറ്ററോളം യാത്ര. ഉറി പാതയിലെ ശ്രിദ്ധാറില്‍ തകര്‍ന്ന പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നു. ഇവിടങ്ങളിലെല്ലാം അടുക്കടുക്കായി കിടക്കുന്ന ചെറിയ കൃഷിയിടങ്ങളും അങ്ങിങ്ങായി വീടുകളും കണ്ടു. വാഹനം പതിയെ യാത്ര തുടരുന്നതിനിടെ സലാമാബാദിലെത്തി. ഇന്ത്യന്‍ അതിര്‍ത്തിയിലെ അവസാന പട്ടണമാണിതെന്ന് വസീംരാജ ഓര്‍മ്മപ്പെടുത്തി. കുറച്ചു വ്യാപാര സ്ഥാപനങ്ങളും കുറെ മനുഷ്യരും പട്ടാളക്കാരും മാത്രം.
ദുര്‍ഘടമായ പാതയിലൂടെ മുന്നോട്ടു നീങ്ങിയപ്പോള്‍ ഉരുക്കുകേഡറുകളാല് നിര്‍മ്മിതമായ റെഡ്ബ്രിഡ്ജിന് മുന്നിലെത്തി. വലിയ ബസ്സ് ആയതിനാല്‍ പാലത്തിലൂടെ കടന്നുപോകില്ലെന്നും, താഴെ നദിക്കു കുറുകെ താല്‍ക്കാലികമായി തീര്‍ത്തിരിക്കുന്ന ചെക്ക് ഡാമിന് മുകളില്‍കൂടി പോകാനും നിര്‍ദ്ദേശം വന്നു.
ഒരു വാഹനത്തിനു കടന്നുപോകാന്‍ കഴിയുന്ന ഈ റോഡ് പിന്നിട്ട് മുന്നോട്ടു പോകുന്തോറും പാത കൂടുതല്‍ അപകടകരമാവുന്നു. ഇടയ്ക്കിടെ ചെക്ക്പോസ്റ്റുകളില്‍ പരിശോധന. ഉറുമ്പയില്‍ വഴിയരികിലിരിന്ന് ഭക്ഷണം പാകം ചെയ്യുന്ന പട്ടാളക്കാര്‍. ഇങ്ങനെ വ്യത്യസ്തമായ കാഴ്ചകള്‍ കണ്ടിരിക്കുന്നതിനിടയില്‍ ബസ് ലൈന്‍ ഓഫ് കണ്ട്രോളിന് അടുത്തെത്തി നിന്നു. അതെ, ഞങ്ങളെത്തിക്കഴിഞ്ഞു ഇന്ത്യാ -പാക്ക് അതിര്‍ത്തിയില്‍. റോഡ് കടന്നു പോകുന്നതിന്റെ വലതുവശത്തു പാക്ക് അധിനിവേശ ഭൂമിയാണ്. സുരക്ഷയുടെ ഭാഗമായി വേലിക്കെട്ടുകള്‍ തീര്‍ത്തിരിക്കുന്നു. രാവിലെ 7 ന് തുടങ്ങിയയാത്ര 11. 15 ന് ഉറിയിലെ കമാന് പോസ്റ്റില്‍ അവസാനിച്ചു. ജനനിബിഢമായ വാഗയില്‍ നിന്നും വേറിട്ട അനുഭവം നല്കുന്നു ഉറി. ഇവിടെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈനികര്‍ മാത്രം. അതും നേര്‍ക്കുനേര്‍. കമാന് പോസ്റ്റില്‍ നിന്നും വെറും 500 മീറ്റര്‍ അകലെയാണ് പാക്കിസ്ഥാന്റെ അതിര്‍ത്തി പോസ്റ്റ്.
ഉറിയിലെ കമാന് പോസ്റ്റിലെ ആദ്യ ചെക്ക്പോസ്റ്റ് കടന്നു എത്തിയ ഞങ്ങളെ മേജര്‍ ആകാശ്സിംഗ് സ്വീകരിച്ചു. 24 വയസു മാത്രം പ്രായമുള്ള ചെറുപ്പക്കാരനാണ് രാജ്യത്തിന്റെ മുഖ്യ അതിര്‍ത്തികളില്‍ ഒന്നായ കമാന് പോസ്റ്റില്‍ ഇന്ത്യന്‍ സേനയെ നയിക്കുന്നത്. ബാരക്കുകളിലും ബങ്കറിലും തോക്കുകള്‍ ചൂണ്ടി സൂക്ഷ്മതയോടെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാര്‍. കമാന് പോസ്റ്റിന്യും ഉറിയെയും കുറിച്ച് മേജര്‍ ആകാശ് സിംഗ് ഞങ്ങള്‍ക്ക് വിവരിച്ചു തന്നു.
ഝലത്തിന്റെ കൈവഴിയായ ഉറിവാലി നദിക്കു കുറുകെ നിര്‍മിച്ചിരിക്കുന്ന കമാന് അമന് സേതു പാലത്തിന് അരികിലേക്ക് മേജര്‍ നടന്നു തുടങ്ങി. പിന്നാലെ ഞങ്ങളും. വെള്ളച്ചായം പൂശിയ പാലം. അതിനപ്പുറം പാക്കിസ്ഥാന് പട്ടാളത്തിന്റെ പോസ്റ്റും ബങ്കറുകളും. ഞങ്ങള്‍ക്കു മുന്നിലെ മലമുകളില്‍ ഒന്നിലേറെ പാക് ബങ്കറുകള്‍ കണ്ടു. കൂടാതെ തൂണുകളില്‍ ഘടിപ്പിച്ച നിരവധി നിരീക്ഷണ കാമറകളും. ഞങ്ങള്‍ എത്തിയതോടെ ഇന്ത്യന്‍ പോസ്റ്റില്‍ വെള്ള പതാക ഉയര്‍ത്തി.
ഇതിനിടെ മേജര്‍ പറഞ്ഞു- ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുത്തുന്നതിന് 2005ല്‍ അതിര്‍ത്തി വ്യാപാരവും ബസ്സ് സര്‍വ്വീസും ആരംഭിച്ചു. എല്ലാ തിങ്കളാഴ്ചയുമാണ് ബസ് സര്‍വ്വീസ്. ഇന്ത്യയിലെ ശ്രീനഗര്‍ മുതല്‍ പാക്കിസ്ഥാനിലെ മുസാഫര്‍ബാദ് വരെയുളള 170 കിലോ മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്കാണ് ഇതുവഴി യാത്രാനുമതി ലഭിക്കുക. ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ ആരംഭിച്ച അതിര്‍ത്തി വ്യാപാരം ജനുവരി 17 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പാക്കിസ്ഥാനില്‍ നിന്നും വന്ന ഒരു ട്രക്കില്‍ നിന്നും ഇന്ത്യന്‍ പട്ടാളം 114 കോടി രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടിയതോടെയാണ് വ്യാപാരം തടസ്സപ്പെട്ടത്. രാജ്യത്തിന്റെ മറ്റ് അതിര്‍ത്തികളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ പാക് പട്ടാളത്തിന് ഒരു നിയന്ത്രണവുമില്ല. പാക്കിസ്ഥാനിലെ ദാരിദ്ര്യവും, അരക്ഷിതാവസ്ഥയും സൈനികര്ക്കിടയിലും പ്രകടമാണ്. ഇതുമൂലം ഏതു നിമിഷവും വെടിപൊട്ടാവുന്ന സ്ഥിതിയാണിവിടെ. ഇതില്‍ പ്രധാനപ്പെട്ടത് 2011 ജൂലൈ 25ലെ ആക്രമണമായിരുന്നു. പാക് പട്ടാളം തൊടുത്തുവിട്ട ബുള്ളറ്റ് ഇന്ത്യന്‍ അതിര്‍ത്തിയിലെ വിഐപി ലോഞ്ചിന്റെ ചില്ലുകള്‍ തുളച്ച് എത്തുകയുണ്ടായി.
കമാന് പോസ്റ്റിന് ഏതാണ്ട് അഞ്ഞൂറു മീറ്റര്‍ അകലത്തായി സ്ഥാപിച്ചിട്ടുള്ള ബങ്കറുകള്‍ക്കു സമീപം പാക്കിസ്ഥാന്റെയും ആസാദി കാശ്മീരിന്റെയും പതാകകള്‍ ഉയര്‍ത്തിയിരിക്കുന്നു. അവിടെയും ഇന്ത്യയിലേതുപോലെ പോസ്റ്റുകളുണ്ട്. എന്നാല്‍ ഇത്രയും സൗകര്യങ്ങളില്ലെന്നു മേജറിന്റെ വിശദീകരണം. ഇന്ത്യയില്‍ കമാന് അമന് സേതു പാലത്തിന് തൊട്ടടുത്ത ബങ്കറില്‍ അത്യാധുനിക തോക്കും പിടിച്ചൊരു ഇന്ത്യന്‍ സൈനികന്. ഉറിയില്‍ രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന അവസാന പട്ടാളക്കാരന്. അദ്ദേഹത്തിന് അഭിവാദ്യം നല്കി തിരികെ നടന്നപ്പോള്‍ മനസും ശരീരവും ഒരു പോലെ ദേശസ്നേഹത്തില്‍ വിറകൊള്ളുകയായിരുന്നു. രാജ്യത്തെയും നമ്മെയും കാക്കുന്ന ധീരസൈനികര്‍ക്ക് ഒരായിരം അഭിവാദ്യങ്ങള്‍ രേഖപ്പെടുത്തി, മനസ്സില്‍ നിറയെ ജവാന്മാരുടെ ത്യാഗോജ്വല ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍പേറി ശ്രീനഗറിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: