ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആവേശമുയര്‍ത്തി ബിജെപിയുടെ പ്രചാരണഗീതം പുറത്തിറക്കി. രാഷ്ട്രത്തെ ആരുടെ മുന്നിലും തലകുനിക്കാന്‍ അനുവദിക്കില്ലെന്ന് നരേന്ദ്രമോദി നേരിട്ട് ആഹ്വാനം ചെയ്യുന്ന വരികളില്‍ തുടങ്ങുന്ന ഗാനം പുറത്തിറങ്ങി മിനുറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയമായി.
ഗാനത്തിന്റെ ഓരോ ചരണങ്ങളിലും നരേന്ദ്രമോദിയാണ് ഗദ്യരൂപേണ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ ഓഡിയോ,വീഡിയോ പതിപ്പുകളാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. പ്രസൂണ്‍ ജോഷി എഴുതിയ വരികള്‍ക്ക് ആദേശ് ശ്രീവാസ്തവയാണ് സംഗീതം നല്‍കിയത്. ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകന് സുഖ്വീന്ദര് സിങ്ങാണ്. ദല്‍ഹിയിലെ ബിജെപി കേന്ദ്രആസ്ഥാനത്തു നടന്ന ചടങ്ങില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി ഗാനത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.
സൗഗന്ധ് എന്ന പ്രചാരണ ഗാനത്തില്‍ രാജ്യത്തിന്റെ നിലവിലെ ദുഃസ്ഥിതികളും രാജ്യപുരോഗതിയുടെ ആവശ്യതകളുമാണ് വരികളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എല്ലാ ഇന്ത്യാക്കാരും രാജ്യത്തിന്റെ വികസന പ്രക്രിയകളില്‍ പങ്കാളികളാകണമെന്ന ആഹ്വാനത്തോടെയാണ് ഗാനം അവസാനിക്കുന്നത്. ബിജെപി നേതാക്കളായ രവിശങ്കര്‍ പ്രസാദ്, ജെ.പി. നന്ദ, നിര്‍മ്മല സീതാരാമന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: