ആറന്മുള : ധന്യാഢ്യന്മാരുടെ ഉത്തരവുകള്‍ അനുസരിച്ച് സാധാരണക്കാരെയും ആദിവാസികളെയും പട്ടികജാതിക്കാരെയും ഉന്മൂലനം ചെയ്യുന്ന നയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് വനവാസി വികാസകേന്ദ്രം സംസ്ഥാന പ്രസിഡന്റ് പള്ളിയറ രാമന് അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ നാല്പത്തിരണ്ടാം ദിവസം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പള്ളിയറ രാമന്.
വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സംഘടനാ സെക്രട്ടറി എസ്. രാമനുണ്ണി അദ്ധ്യക്ഷം വഹിച്ചു.
അര്‍ജ്ജുന ഗാണ്ഡീവത്തിന്റെ ശക്തി അറിയാത്തവരാണ് അര്‍ജ്ജുന പ്രതിഷ്ഠയാല്‍ പ്രകീര്‍ത്തിക്കപ്പെടുന്ന ഒരു ക്ഷേത്ര സംസ്കാരത്തെ നശിപ്പിക്കുവാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് സത്യാഗ്രഹത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര് എസ് എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സ്ഥാണു മലയന്‍ അഭിപ്രായപ്പെട്ടു. വയനാട്ടില്‍ നിന്നെത്തിയ വനവാസി സംഘം നടത്തിയ ആദിവാസി നൃത്തം സത്യാഗ്രഹപന്തലില്‍ അരങ്ങേറി.
വിമാനത്താവള വിരുദ്ധ ഏകോപന സമിതി കണ്‍വീനര്‍ പി.ആര്. ഷാജി സ്വാഗതം പറഞ്ഞു. വനവാസി കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി റ്റി.എസ്. നാരായണന്, തിരുവിതാംകൂര്‍ നേച്ചര്‍ അസംബ്ലി ചെയര്മാന് കെ.എം. തോമസ്, യുവകലാസാഹിതി താലൂക്ക് പ്രസിഡന്റ് പി. ഹരി, ചെറുകിട ഉദ്യോഗ സംഘ് സംസ്ഥാന സംഘടനാ സെക്രട്ടറി എം.കെ. വിനോദ്, എ ബി വി പി സംസ്ഥാന സമിതി അംഗം ശ്രീനാഥ്, വാസുദേവന്‍ ചീക്കല്ലൂര്‍, വെണ്ണിയൂര്‍ ഹരി, രാമചന്ദ്രന് അട്ടപ്പാടി, സി.കെ. രാജശേഖരന്, കെ.ഐ. ജോസഫ് എന്നിവര്‍ സംസാരിച്ചു.
സത്യാഗ്രഹത്തിന്റെ നാല്പത്തിമൂന്നാം ദിവസമായ ചൊവ്വാഴ്ച്ച ഭാരതീയ വേലന്‍ സര്‍വ്വീസ് സൊസൈറ്റി, ആറന്മുള ഓട്ടോ ബ്രദേഴ്സ് സാംസ്കാരിക സമിതി എന്നിവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: