ആലുവ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 75 ഓളം വരുന്ന വിശ്വകര്‍മ്മ സംഘടനകള്‍ ഉള്‍പ്പെടുന്ന വിശാല വിശ്വകര്‍മ്മ ഐക്യവേദി ബിജെപി നേതൃത്വം നല്കുന്ന എന്‍.ഡി.ഐ പിന്തുണയ്ക്കും. ഞായറാഴ്ച നടന്ന ഐക്യവേദിയുടെ പ്രവര്‍ത്തക സമ്മേളനത്തിലാണ് ബിജെപി അനുകൂല രാഷ്ട്രീയ നയം അംഗീകരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനും സമ്മേളന വേദിയിലുണ്ടായിരുന്നു.
ജനസംഖ്യയില്‍ അഞ്ചാം സ്ഥാനത്തും ഭൂരിപക്ഷ സമുദായത്തില്‍ മൂന്നാം സ്ഥാനവുമുള്ള വിശ്വകര്‍മ്മ സമുദായത്തെ ഇരു മുന്നണികളും വോട്ടുകുത്താനുള്ള യന്ത്രമായി ഉപയോഗിക്കുകയാണ്. 13 ശതമാനമുള്ള വിശ്വകര്‍മ്മജരില്‍ നിന്നും ഒരാളെ പോലും സ്ഥാനാര്‍ത്ഥിയാക്കിയില്ല. ഇനിയും ഈ നിലയില്‍ തുടരാനാകില്ലെന്ന തിരിച്ചറിവാണ് ബിജെപി മുന്നണിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് രാഷ്ട്രീയ നയത്തില്‍ വ്യക്തമാക്കുന്നു.
ഋഷിപഞ്ചമി ദിനം പൊതു അവധിയായി പ്രഖ്യാപിക്കുക, ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കുക എന്നീ ആവശ്യങ്ങള്‍ വിശ്വകര്‍മ്മ സമൂഹം കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി മുന്നണി അധികാരത്തിലേറിയാല്‍ ഈ ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് വി. മുരളീധരന് പറഞ്ഞു.
ഭാരതത്തില്‍ തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചവരാണ് വിശ്വകര്‍മ്മജര്‍. സര്‍ട്ടിഫിക്കറ്റുള്ള ആര്ക്കിടെക്റ്റുകള്ക്കുള്ളതിനേക്കാള് കരകൗശല വസ്തുക്കളുടെ നിര്‍മ്മാണ വൈദഗ്ധ്യം വിശ്വകര്മ്മജര്ക്കുണ്ട്. ഇത് സര്‍ക്കാര്‍ അംഗീകരിച്ച് മാന്യമായ പരിഗണന നല്‍കണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു.
ഐക്യവേദി വൈസ് ചെയര്മാന് ടി.എന്‍.രാജന് അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.കെ.ഹരി നയപ്രഖ്യാപന രേഖ അവതരിപ്പിച്ചു. വിശ്വബ്രഹ്മ വൈദീക വിദ്യാപീഠം പരമാചാര്യന് ദിവാകര വാദ്ധ്യാര് അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ വിശ്വകര്‍മ്മ സംഘടനാ നേതാക്കളായ എ.കെ.വിജയനാഥ്, മുരളീദാസ് സാഗര്‍, പി.എസ്.ചന്ദ്രന്, ഡോ.ഇ.വി.മനോഹര്‍, ബീന കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ.സോമശേഖര്‍ സ്വാഗതവും, ചീഫ് ഓര്‍ഗൈനസര്‍ ആചാര്യ രാജു കോയിക്കര നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: