ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലത്ത് തമ്മില്‍ വ്യാജപ്പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതില്‍ ഇരട്ട സഹോദരങ്ങളെപ്പോലെ. ആലപ്പുഴ മുഹമ്മയിലെ പി. കൃഷ്ണപിള്ള സ്മാരകം തീവച്ച് നശിപ്പിച്ച സംഭവം പാര്‍ട്ടി ഒത്തു തീര്‍പ്പാക്കി. ഡിസിസി പ്രസിഡന്റിന്റെ സ്ഥാപനം പ്രതിയായ കോടികളുടെ അഴിമതി കേസിന്റെ അന്വേഷണം നിലച്ചതിനും ഈ കേസന്വേഷണം മുടങ്ങിയതിനും പിന്നില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്ട്രീയമുണ്ടെന്നു വ്യക്തമാകുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള അവസാന ദിവസങ്ങള്‍ ചെലവഴിച്ച മുഹമ്മ കണ്ണാര്കാടുള്ള വീട് അജ്ഞാതര്‍ തീയിട്ടത്. അവിടുത്തെ കൃഷ്ണപിള്ളയുടെ പ്രതിമയ്ക്കും കേടുപാടുകള്‍ വരുത്തി. സംഭവം നടന്ന് അഞ്ചുമാസമായിട്ടും ഒരാളെ പോലും പിടികൂടാനായിട്ടില്ല. സിപിഎമ്മിലെ വിഭാഗീയതയുടെ തുടര്‍ച്ചയായാണ് പി. കൃഷ്ണപിള്ള സ്മാരകത്തിലെ അക്രമമെന്ന് തുടക്കം മുതല്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് പിന്നീടുള്ള സിപിഎം നടപടികള്‍.
കേവലം ഒരു എസ്പി ഓഫീസ് മാര്‍ച്ചില്‍ സിപിഎം പ്രതിഷേധ നടപടികള്‍ ഒതുക്കി. അന്വേഷണം ഊര്‍ജിതമാകുകയും ശരിയായ ദിശയില്‍ മുന്നേറുകയും ചെയ്താല്‍ കമ്യൂണിസ്റ്റാചാര്യന്റെ സ്മാരകം കത്തിച്ച കേസില്‍ സഖാക്കള്‍ തന്നെ കുടുങ്ങുകയും ചെയ്യുമെന്ന് വ്യക്തമായിരുന്നു. സിപിഎമ്മിന്റെ ഇരട്ടമുഖം വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിയുമായിരുന്ന ഭരണപക്ഷമായ കോണ്‍ഗ്രസ് ഇവിടെ സിപിഎമ്മുമായി ഒത്തുകളിച്ചു. ലോക്കല്‍ പോലീസിന്റെയും പിന്നീട് ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം പ്രഹസനമായിട്ടും കോണ്‍ഗ്രസ് കാഴ്ചക്കാരായി നിന്ന് കുറ്റവാളികളെ സഹായിച്ചു.
എന്നാല്‍ ഇതിന്റെ പ്രത്യുപകാരം സഖാക്കളില്‍ നിന്ന് രണ്ടുമാസത്തിനകം തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ചു. ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറിന്റെ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം ബിഎസ്എന്‍എല്ലില്‍ കോടികളുടെ അഴിമതി നടത്തിയ സംഭവം കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെയാണ് പുറം ലോകം അറിഞ്ഞത്.
രഷുക്കൂര് മുന്‍ ഡയറക്ടറായിരുന്ന സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള പാര്‍ക്ക് ലൈന്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിനും ബിഎസ്എന്‍എല്ലിലെ അക്കൗണ്ട്സ് ഓഫീസര്‍ തോമസ് മാത്യു, ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ സാജന് വര്‍ഗീസ് എന്നിവര്‍ക്കുമെതിരെ സിബിഐ കേസെടുത്തിരുന്നു.
ആലപ്പുഴ ബിഎസ്എന്‍എല്‍ ഓഫീസില്‍ റീചാര്‍ജ് കൂപ്പണുകളും സിം കാര്‍ഡുകളും വിതരണം ചെയ്തതിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്. തുടക്കത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് സിപിഎം നേതൃത്വം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരു പോസ്റ്റര്‍ പോലും ഒട്ടിച്ചില്ല.
കേസിന്റെ തുടരന്വേഷണം എവിടെയെത്തിയെന്ന് യാതൊരു അറിവുമില്ല. പൊതുജനത്തെയും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെയും വഞ്ചിക്കുന്ന സിപിഎം, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒത്തുകളി രാഷ്ട്രീയത്തിന്റെ ആലപ്പുഴ മോഡലായി വിശേഷിക്കപ്പെടുകയാണ് ഈ രണ്ട് സംഭവങ്ങളിലെയും നിലപാടുകള്‍.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: