കോഴിക്കോട്: നഗരത്തില്‍ കല്ലായിയിലെ ഒരു ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 32 ലക്ഷം രൂപയും 56 ലക്ഷം രൂപയുടെ ചെക്കും ആദായനികുതി വകുപ്പ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കോഴിക്കോട് കല്ലായ് സ്വദേശി ആസിഫിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശനിയാഴ്ച അര്‍ദ്ധരാത്രി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയെ തുടര്‍ന്നാണ് പണം കണ്ടെത്തിയത്. അര്‍ദ്ധരാത്രി ക്രിസ്ത്യന്‍ കോളെജിന് സമീപത്ത്വെച്ച് പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന ഉദ്യോഗസ്ഥര്‍ പുഷ്പ ജംഗ്ഷന് സമീപത്തെ ഫ്ലാറ്റില്‍ എത്തിയാണ് പണം പിടികൂടിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ അളവില്‍ കള്ളപ്പണം ഒഴുകുമെന്ന നിഗമനത്തില്‍ ആദായനികുതിവകുപ്പ് ആസൂത്രണം ചെയ്ത പരിശോധനയിലാണ് കളളപ്പണം കണ്ടെത്തിയത്.
കണ്ണൂര്‍ ഭാഗത്തു നിന്നും വന്ന കെ എല്‍ 11 എ എന്‍ 2800 ഫോര്‍ച്യൂണര്‍ കാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് വാഹനത്തെ പിന്തുടര്‍ന്ന സംഘം ഗോള്‍ഡന്‍ ഓക്ക് ഫ്ലാറ്റിന് താഴെ വെച്ച് കാറ് കസ്റ്റഡിയിലെടുത്തു. അപ്പോഴേക്കും കാറിലുണ്ടായിരുന്ന ആസിഫ് ഫ്ലാറ്റിനുള്ളിലേക്ക് രക്ഷപ്പെട്ടിരുന്നു. ഫ്ലാറ്റിലെ നിരവധി അപ്പാര്‍ട്ട്മെന്റുകള്‍ പരിശോധിച്ച ശേഷമാണ് ഇയാളെ പിടികൂടിയത്. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ ആവശ്യമായ രേഖകളില്ലാതെയാണ് പണം കടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാനുള്ള കള്ളപ്പണമാണോ ഇതെന്ന കാര്യം വിശദമായ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആസിഫിനെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മലബാര്‍ കേന്ദ്രീകരിച്ച സ്ഥലമിടപാടുകള്‍ നടത്തുന്നയാളാണ് ആസിഫെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ല പണമെന്നാണ് ഇയാളുടെ വിശദീകരണം. അതേ സമയം മറ്റു ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് ഇയാള്‍ നല്‍കിയതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഫ്ലാറ്റില്‍ രാവിലെ തുടങ്ങിയ പരിശോധന വൈകുന്നേരം വരെ നീണ്ടു നിന്നു. പിടിച്ചെടുത്ത മുഴുവന്‍ തുകയും കണക്കില്‍ പെടാത്തവയാണ്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട രേഖകളും കൃത്യമായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഉദ്യോഗസ്ഥരായ കൃഷ്ണകാന്ത്, വിനോജ് ജയന്, ജയദേവന് എന്നിവരുള്‍പ്പെട്ട സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: