കാസര്‍കോട്: കോട്ടയുടെ കരുത്തും ഭാഷയുടെ വൈവിധ്യവുമാണ് കാസര്‍കോടിന്റെ മുഖമുദ്ര. സംസ്ഥാനത്ത് ഏറ്റവുമധികം കോട്ടകളുള്ള കാസര്‍കോടിന് സപ്തഭാഷാ സംഗമഭൂമിയെന്ന സവിശേഷതയുമുണ്ട്. എന്നാല്‍ രാഷ്ട്രീയ കേരളം കാസര്‍കോടിനെ അടയാളപ്പെടുത്തുന്നത് ഇതൊന്നുമല്ല. ഇടത് വലത് മുന്നണികള്‍ക്കെതിരെ ശക്തമായ ബദലായി സംഘപരിവാര്‍ രാഷ്ട്രീയം കരുത്തറിയിക്കുന്ന മണ്ണാണ് കാസര്‍കോട്. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ ഒത്തുകളികള്ക്കിടയില് സാധാരണക്കാരന് പുതിയ സാധ്യതകള്‍ തിരയുന്ന ഇടം. ഏത് തെരഞ്ഞെടുപ്പിലും കേരള രാഷ്ട്രീയം കാസര്‍കോടിനെ ഉറ്റുനോക്കും.
മാറ്റത്തിന്റെ അലയൊലികള്‍ ഉയര്‍ത്തി അവസാന നിമിഷം വരെ കാസര്‍കോട് മോഹിപ്പിച്ചു കൊണ്ടിരിക്കുന്നു. കയ്യെത്താദൂരത്ത് ബിജെപിയുടെ വിജയം തട്ടിത്തെറിപ്പിക്കുന്നത് മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയം തന്നെ.
മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലില്‍ നിന്ന് തുടങ്ങിയ പോരാട്ടം ഇളമുറക്കാരന് കെ.സുരേന്ദ്രനിലെത്തി നില്ക്കുന്നു. കേരള രാഷ്ട്രീയത്തിലെ മഹാരഥന് മാരാര്‍ജി ഉള്‍പ്പെടെയുള്ളവര്‍ മത്സരിച്ച മണ്ഡലം. 1980ലാണ് ജനതാപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഒ.രാജഗോപാല്‍ കാസര്‍കോട്ട് മത്സരിക്കുന്നത്. കലപ്പയേന്തിയ കര്‍ഷകനായിരുന്നു ചിഹ്നം. ഐക്യജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ മത്സരിച്ച രാജഗോപാലിന്റെ പ്രചരണത്തിന് ഇ.അഹമ്മദ് ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ രംഗത്തുണ്ടായിരുന്നു. രാജഗോപാല്‍ 190086 വോട്ടുകള്‍ നേടി. ബിജെപി ആദ്യമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ട 1984-ല്‍ കെ.ജി മാരാര്‍ജിയെ തന്നെ പാര്‍ട്ടി കാസര്‍കോട്ട് നിയോഗിച്ചു. 59021 വോട്ടുകള്‍ നേടിയ മാരാര്‍ജിക്ക് ജയിക്കാനായില്ലെങ്കിലും ജനങ്ങളുടെ മനം കവര്‍ന്നാണ് മടങ്ങിയത്. മാരാര്‍ജിയുടെ സരസമായ പ്രസംഗശൈലി രാഷ്ട്രീയ എതിരാളികള്‍ പോലും ആസ്വദിച്ചിരുന്നു. മുസ്ലിം വിരുദ്ധനെന്ന് ലീഗുകാര്‍ ആക്ഷേപിച്ചപ്പോഴും മാരാര്‍ജിയുടെ പ്രസംഗം കേള്‍ക്കാന്‍ മണിക്കൂറുകളോളം മുസ്ലിങ്ങള്‍ കാത്തുനിന്നു. 89ലും 91ലും സി.കെ.പത്മനാഭന് സ്ഥാനാര്‍ത്ഥിയായി. യഥാക്രമം 69419, 76067 വോട്ടുകള്‍ നേടി. കര്‍ണാടകയുടെ അതിര്‍ത്തി ഗ്രാമങ്ങളിലും കാഞ്ഞങ്ങാട് വരെയുള്ള പ്രദേശങ്ങളിലും ഇക്കാലയളവില്‍ ബിജെപിക്ക് കാര്യമായ മുന്നേറ്റമുണ്ടായി.
96,98,99 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച പി.കെ.കൃഷ്ണദാസ് ബിജെപിയുടെ വോട്ട് ആദ്യമായി ഒരുലക്ഷത്തിന് മുകളിലെത്തിച്ചു. യഥാക്രമം 97577, 103093, 101934 വോട്ടുകള്‍ കൃഷ്ണദാസ് നേടി. 2004-ല്‍ അഡ്വ.വി.ബാലകൃഷ്ണഷെട്ടി 110328 വോട്ടുകളും നേടി. 2008-ല്‍ കെ.സുരേന്ദ്രനിലൂടെ ബിജെപി വന്‍ മുന്നേറ്റം നടത്തി. പതിനയ്യായിരത്തിലേറെ വോട്ടുകള്‍ പുതുതായി ലഭിച്ചപ്പോള്‍ ബിജെപിയുടെ വോട്ട് 125482ലെത്തി. പി.കരുണാകരന്റെ ഭൂരിപക്ഷം പകുതിയായി കുറഞ്ഞു.
ഇത്തവണയും കാസര്‍കോട് കെ.സുരേന്ദ്രന് തന്നെയാണ് സ്ഥാനാര്‍ത്ഥി. കന്നഡയും തുളുവും സംസാരിക്കുന്ന, ജില്ലയുടെ വികസന പ്രശ്നങ്ങള്‍ അടുത്തറിയുന്ന സാധാരണക്കാരന്റെ നേതാവാണ് ഇന്ന് സുരേന്ദ്രന്, ദേശീയതലത്തില്‍ ദൃശ്യമാകുന്ന മാറ്റം പ്രകടമായി കാസര്‍കോട്ടുമുണ്ട്. മലയോര മേഖലകളിലെ സിപിഎമ്മിന്റെ കോട്ടകളില്‍ മോദി തരംഗം വിള്ളല്‍ വീഴ്ത്തി. മറ്റ് പാര്‍ട്ടികള്‍ ഉപേക്ഷിച്ച് ബിജെപിയിലേക്കെത്തുന്ന യുവാക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്നു. കന്നഡ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് ബിജെപി നടത്തിയ സമരം വിജയം കണ്ടത് ഭാഷാന്യൂനപക്ഷങ്ങളുടെ മേഖലയില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ആദ്യം പ്രചരണത്തിന് തുടക്കം കുറിക്കുകയും ഇപ്പോഴും മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്ന ബിജെപിക്ക് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രതികരണം പ്രതീക്ഷയേകുന്നു. ഇതിനുപുറമെ മൂന്നാം തവണയും പി.കരുണാകരനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഎമ്മിലും മുസ്ലിംലീഗിന്റെ താത്പര്യത്തിന് കീഴ്പ്പെട്ട് ടി.സിദ്ദിഖിന് അവസരം നല്‍കിയതില്‍ കോണ്‍ഗ്രസിലും പ്രതിഷേധമുണ്ട്.
ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിയിച്ച കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന കാസര്‍കോട് രാഷ്ട്രീയമാറ്റത്തിന് തയ്യാറെടുത്തുകഴിഞ്ഞു. ഇടത് വലത് മുന്നണികളുടെ അവസരവാദ നയത്തോടുള്ള വിയോജിപ്പും വികസന പിന്നോക്കാവസ്ഥയും ബിജെപിയെ പിന്തുണയ്ക്കുന്നതില്‍ നിര്‍ണ്ണായകമാകും. എല്ലാറ്റിനും പുറമെ സംസ്ഥാന രാഷ്ട്രീയത്തിലെ തിളക്കമുള്ള വ്യക്തിത്വത്തിനുടമയായ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വവും. സുരേന്ദ്രന് ജയിച്ചാല്‍ മോദി മന്ത്രിസഭയിലെ മന്ത്രിയെന്നതാണ് ബിജെപിയുടെ വാഗ്ദാനം. അതുകൊണ്ട് തന്നെ സുരേന്ദ്രന്റെ വിജയം കാസര്‍കോടിന്റെ ആവശ്യമായിരിക്കുന്നു. മാറ്റം ഉറപ്പെന്ന് വോട്ടര്‍മാരും പറയുന്നു.
കെ. സുജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: