ആറന്മുള: ആറന്മുള പദ്ധതി ശൈശവ ദശയില്‍ തന്നെ ഉപേക്ഷിക്കുന്നതാണ് സര്‍ക്കാരിനു നല്ലതെന്ന് ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ നാല്പതാം ദിവസം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന പ്രശസ്ത ചലച്ചിത്ര സംവിധായകന് എം.എ. നിഷാദ് അഭിപ്രായപ്പെട്ടു. പ്രകൃതിയുടെ ഭാഗമാണ് കലയും സംസ്കാരവും പൈതൃകവും. അത് നിലനിര്‍ത്താന്‍ നടത്തുന്ന ഈ സമരം മാതൃകപരമാണെന്നും അതില്‍ പങ്കെടുക്കുകയെന്നതു തന്നെ ഒരു അഭിമാനമാണെന്നും എം.എ. നിഷാദ് കൂട്ടിച്ചേര്‍ത്തു.
ആറന്മുളയില് നടക്കുന്നത് അതിജീവനത്തിനായും പ്രകൃതിയെ സംരക്ഷിക്കുന്നതിനു വേണ്ടിയുമുള്ള സമരമാണ്. കേരളത്തിലെ ജനസമൂഹം ഈ സമരം ഏറ്റെടുത്തതുകൊണ്ടുതന്നെ ആറന്മുള സമരം വിജയിച്ച സമരമാണെന്ന് സത്യാഗ്രഹത്തില്‍ അദ്ധ്യക്ഷം വഹിച്ച പ്രകൃതി സംരക്ഷണ വേദി സംസ്ഥാന പ്രസിഡന്റ് എം.എന്‍. ജയചന്ദ്രന് അഭിപ്രായപ്പെട്ടു.
സമൃദ്ധമായ ഒരു ഭൂപ്രദേശമാണ് കേരളം. അത് ഏതു രീതിയിലും കൈയ്യടക്കാനാണ് മൂലധനശക്തികളുടെ ശ്രമം. ഇതിനെതിരെ പൊരുതാനുള്ള ഒരു കരുത്ത് ഈ സമരത്തിലൂടെ നേടിയെടുക്കുകയാണെന്ന് സത്യാഗ്രഹത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രോഗ്രസ്സീവ് ഫോറം സംസ്ഥാന കണ്‍വീനര്‍ ഡോ. എ. സജിത്ത് അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിന്റെ മൂല്യശോഷണമാണ് നമ്മുടെ നാടിന്റെ പിന്നോക്കാവസ്ഥയ്ക്കു കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിടങ്ങന്നൂര്‍ എസ് വി ജി വി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സമരപന്തലിലേക്ക് പ്രകടനമായി എത്തിച്ചേര്‍ന്നു. വെണ്മണി പഞ്ചായത്തിലെ പൈതൃകഗ്രാമ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍, ആര് എസ് എസ് തേഞ്ഞിപ്പാലം താലൂക്ക് പ്രവര്‍ത്തകര്‍, പ്രോഗ്രസ്സീവ് ഫോറം പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രവര്‍ത്തകര്‍, പ്രകൃതി സംരക്ഷണ വേദി പ്രവര്‍ത്തകര്‍ എന്നിവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു.
സത്യാഗ്രഹത്തില്‍ കെ.പി. സോമന് സ്വാഗതം പറഞ്ഞു. ബി ജെ പി ജില്ലാ കമ്മറ്റി അംഗം എം.എന്‍. ബാലകൃഷ്ണന്, കൊല്ലം സാഹിത്യ സാംസ്കാരിക പ്രവര്ത്തകന് ആശ്രാമം ഓമനക്കുട്ടന്, പ്രോഗ്രസ്സീവ് ഫോറം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഷാജി പി. തോമസ്, പ്രോഗ്രസ്സീവ് ഫോറം കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി പ്രൊഫ. വാസുദേവന്‍, പ്രോഗ്രസ്സീവ് ഫോറം വൈസ്പ്രസിഡന്റ് ഡോ. സി.വി. പ്രതാപന്, പെരിയാര്‍ സംരക്ഷണ സമിതി പ്രസിഡന്റ് ഏലൂര്‍ ഗോപിനാഥ്, രാജേശ്വരി രാജേന്ദ്രന്, ഉഷാ കുമാരി പി, എന്‍.എം. ബിജു എന്നിവര്‍ സംസാരിച്ചു.
സത്യാഗ്രഹത്തിന്റെ നാല്പത്തിയൊന്നാം ദിവസമായ ഞായറാഴ്ചത്തെ സമ്മേളനത്തില്‍ ബിഎം എ സ്.സംസ്ഥാന പ്രസിഡന്റ് അഡ്വ. ഭാര്ഗവന് മുഖ്യപ്രഭാഷണം നടത്തും. തണ്ണീര്‍ മുക്കം പഞ്ചായത്ത് പൈതൃഗ്രാമ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍, കാരപറമ്പ് പറോപ്പടി നഗരം ആര് എസ് എസ് പ്രവര്‍ത്തകര്‍, ഹിന്ദു പുലയ സമാജം പ്രവര്‍ത്തകര്‍, എന്‍ ആര് ഇ ജിപ്രവര്ത്തകര് എന്നിവര്‍ ഞായറാഴ്ചത്തെ സത്യാഗ്രഹത്തില്‍ പങ്കെടുക്കും. ആറന്മുള നാടന്‍ കലാപഠന കേന്ദ്രത്തിന്റെ നാടന്‍ പാട്ടും സത്യാഗ്രഹത്തില്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: